അൻവർ കാണാമറയത്ത്; അതൃപ്തിയിലെന്ന് അഭ്യൂഹം

Wait 5 sec.

മലപ്പുറം | ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കളം നിറഞ്ഞ് കളിച്ച് യു ഡി എഫ് സർക്കാറിനെ അധികാരത്തിലെത്തിക്കാൻ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ മുൻ ഇടത് എം എൽ എ. പി വി അൻവർ കാണാമറയത്തോ? അൻവറും അദ്ദേഹം ഉയർത്തിയ രാഷ്ട്രീയ നിലപാടുകളും അസ്തമിച്ചുവോ? യു ഡി എഫിന് അധികാരത്തിലേക്കുള്ള നിലമൊരുക്കിക്കൊടുത്ത മുൻ എം എൽ എ, സതീശൻ സർക്കാറിൽ അതൃപ്തിയിലാണോ തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.തന്റെ കൂടി നിലപാടിന്റെ ഭാഗമായാണ് സർക്കാർ അധികാരത്തിൽ എത്തിയതെന്ന് പറയുമ്പോഴും രണ്ട് മാസം പിന്നിടുമ്പോൾ ഭരണത്തെക്കുറിച്ച് ഒരു വാക്ക് ഉരിയാടാതെ പൂർണ മൗനത്തിലാണ് അൻവർ. സാമൂഹിക മാധ്യമങ്ങളില്‍ കാര്യമായി ഇടപെട്ടിട്ടും രണ്ട് മാസം കഴിഞ്ഞു. പി എം ശ്രീ, ഡീൽ ആരോപണം, വഖ്ഫ്, മദ്യം നികുതിയിളവ് തുടങ്ങി സർക്കാറിനെതിരെ പ്രതിപക്ഷം ആരോപണങ്ങൾ കടുപ്പിക്കുമ്പോഴും അക്കാര്യത്തിലൊന്നും അനുകൂലിച്ചോ പ്രതികൂലിച്ചോ അൻവർ രംഗത്തുവരാത്തത് സർക്കാർ സമീപനത്തോടുള്ള അതൃപ്തിയാണെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. സർക്കാറിന്റെ ഭാഗത്തുനിന്ന് കാര്യമായ പരിഗണന ലഭിക്കാത്തതും അതൃപ്തിക്ക് ഇടയാക്കുന്നു. ബിസിനസ്സ് ആവശ്യാർഥം വിദേശത്തുള്ള അൻവർ അടുത്ത ദിവസം നാട്ടിലെത്തിയശേഷം നിലപാട് വ്യക്തമാക്കുമെന്നാണ് അറിയുന്നത്. യു ഡി എഫുമായി ചേർന്നുപോകുമെങ്കിലും ബദൽ രാഷ്ട്രീയനീക്കവുമായി തുടരാനാണ് അൻവറിന്റെ പദ്ധതിയെന്നാണ് സൂചന.ട്വിസ്റ്റുകൾ നിറഞ്ഞതാണ് അൻവറിന്റെ രാഷ്ട്രീയജീവിതം. ഇടതു രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടിരിക്കേയാണ് ഏവരെയും അത്ഭുതപ്പെടുത്തി അൻവർ ഭരണപക്ഷത്തിനെതിരെ തിരിഞ്ഞത്. ആദ്യം മലപ്പുറത്തെ പോലീസ് ഉദ്യോ ഗസ്ഥർക്കെതിരെ തുടങ്ങിയ പടയൊരുക്കം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും സി പി എമ്മിലേക്കും പിണറായി വിജയനിലേക്കുമെത്തി. ഇതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വിവാദങ്ങൾ അൻവറിന്റെ രാജിയിലേക്കും ഇടതുബന്ധം ഉപേക്ഷിക്കുന്നതിലേക്കുമെത്തി. മുന്നണിവിട്ടശേഷം അൻവർ യു ഡി എഫിലെത്താൻ നീക്കങ്ങൾ നടത്തി. ആരോപണങ്ങൾ യു ഡി എഫ് ഏറ്റെടുത്തു എന്നല്ലാതെ അൻവറിനെ പുറത്തുനിര്‍ത്തി. ഡി എം കെയിൽ പ്രവേശനം നേടി രാഷ്ട്രീയകളം മാറ്റിപ്പിടിക്കാൻ നീക്കം നടത്തി. സി പി എം നേതാക്കൾ ഡി എം കെ പ്രവേശം തടഞ്ഞു. അതോടെ, ഡെമോക്രാറ്റിക് മൂവ്മെന്റ്ഓഫ് കേരള(ഡി എം കെ) എന്ന പേരിൽ പാർട്ടി രൂപവത്കരിച്ചെങ്കിലും ചലനമുണ്ടാക്കാനായില്ല. ഇതോടെ, മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സിൽ ചേർന്ന് ഇന്ത്യ സഖ്യം വഴി യു ഡി എഫിൽ കയറിക്കൂടാനുള്ള നീക്കം നടത്തി.പിന്നാലെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വന്നു. യു ഡി എഫ് പ്രവേശമെന്ന ആഗ്രഹം കോൺഗ്രസ്സ് മുഖവിലക്കെടുത്തില്ല. ലീഗിന്റെ സമ്മർദം കൂടി വന്നതോടെ അസ്സോസിയേറ്റ് അംഗമാക്കാമെന്ന തീരുമാനമെടുത്തെങ്കിലും അന്നത്തെ യു ഡി എഫ് ചെയർമാൻ വി ഡി സതീശൻ അത് പ്രഖ്യാപിച്ചില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കാലത്ത് അനാവശ്യ വിലപേശലും അവകാശവാദങ്ങളും അനുവദിക്കില്ലെന്ന് യു ഡി എഫ് തറപ്പിച്ച് പറഞ്ഞതോടെ അൻവർ രാഷ്ട്രീയമായി പെരുവഴിയിലായി. ഇതോടെ നിലമ്പൂരിൽ തൃണമൂൽ കോൺഗ്രസ്സ് സ്ഥാനാർഥിയായി മത്സരിച്ചു. കൂടെ “ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’യും രൂപവത്കരിച്ചു. പക്ഷേ കാര്യമായ നേട്ടം കൊയ്യാനായില്ല. യു ഡി എഫ് പ്രവേശം തന്നെ ശരണമെന്ന് അൻവർ ഉറപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു ഡി എഫ് പ്രവേശനമെന്ന് നേതാക്കൾ വാക്കാൽ ഉറപ്പ് കൊടുത്തു. അൻവർ ലീഗ് നേതാക്കളെ കണ്ട് സമ്മർദം ചെലുത്തി. പക്ഷേ കോൺഗ്രസ്സ് അയഞ്ഞില്ല. വി ഡി സതീശനും ജില്ലയിലെ മുതിർന്ന കോൺഗ്രസ്സ് നേതാക്കളുമാണ് വിലങ്ങായി നിൽക്കുന്നതെന്ന് അൻവർ പരസ്യമായി പറഞ്ഞു. ഒടുവിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ അൻവർ സ്ഥാനാർഥികളെ നിർത്തി. ഇതോടെ യു ഡി എഫ് മയപ്പെട്ടു. അൻവറിന്റെ സ്ഥാനാർഥികൾ നിലമ്പൂർ മേഖലയിൽ ജയപരാജയം നിർണയിക്കുമെന്നും കൂടെ കൂട്ടുന്നതാകും ഉചിതമെന്നും ലീഗും മലപ്പുറത്തെ കോൺഗ്രസ്സ് നേതാക്കളും നിലപാടെടുത്തു. തിരഞ്ഞെടുപ്പിനു ശേഷം യു ഡി എഫ് വിപുലീകരിക്കുമ്പോൾ പരിഗണിക്കാമെന്ന് ഉറപ്പ് കൊടുത്തതോടെ അൻവറും മയപ്പെട്ടു. സ്ഥാനാർഥികളെ മരവിപ്പിച്ച് യു ഡി എഫിനോട് ഐക്യപ്പെട്ടു. അങ്ങനെ അൻവർ യു ഡി എഫിൽ അസ്സോസിയേറ്റ് അംഗമായി. കൂടെ ബേപ്പൂർ സീറ്റും തരപ്പെടുത്തി. യു ഡി എഫ് തരംഗത്തിലും ബേപ്പൂർ അൻവറിനെ കൈയൊഴിഞ്ഞു. മരുമോനിസം പറഞ്ഞ് കടുത്ത എതിർപ്പുയർത്തിയിരുന്ന പി എ മുഹമ്മദ് റിയാസിനോട് തന്നെ പരാജയപ്പെട്ടത് കയ്പേറിയ അനുഭവമായി. ഫലം വരുന്നതിന് മുന്നേ തന്നെ തൃണമൂൽ കോൺഗ്രസ്സുമായുള്ള ബന്ധം അവസാനിപ്പിച്ച അൻവർ സ്വതന്ത്രനായി. അടുത്തകാലത്തായി സി പി എമ്മുമായി അകന്ന നേതാക്കളുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു.Content Highlights: Former MLA PV Anvar has maintained complete silence for two months following the UDF government formation in Kerala. Reports indicate he is unhappy with the government’s approach and lack of consideration. Currently abroad for business, Anvar is expected to clarify his stance upon return