സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തിയപ്പോള്‍, മഴക്കുറവ് പറഞ്ഞ് ന്യായീകരിക്കാനാണ് കെ എസ് ഇ ബി ശ്രമിച്ചത്. ഈ ന്യായീകരണത്തിന്റെ മുനയൊടിക്കുന്നതാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വിലയിരുത്തല്‍. കേരളത്തിലെ സമാനതകളില്ലാത്ത വൈദ്യുതി പ്രതിസന്ധിക്ക് കാലാവസ്ഥാ വ്യതിയാനവും മഴക്കുറവും മാത്രമല്ല, വൈദ്യുതി ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്നവരുടെ ഭരണപരമായ വീഴ്ചകളും ദീര്‍ഘവീക്ഷണമില്ലായ്മയും കൂടി കാരണമാണെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിന്റെ 70 ശതമാനവും ജലവൈദ്യുത പദ്ധതികളില്‍ നിന്നായതിനാല്‍ മഴക്കുറവ് ഈ രംഗത്ത് പ്രതിസന്ധി ഉണ്ടാക്കുമെന്നത് വസ്തുതയാണെങ്കിലും മഴലഭ്യത ഓരോ വര്‍ഷവും കുറഞ്ഞു വരികയാണെന്നത് പുതിയ അറിവല്ല. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ഈ പ്രതിസന്ധി തരണം ചെയ്യാന്‍ പരിഹാര മാര്‍ഗം കണ്ടെത്തേണ്ടതും കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതും വൈദ്യുതി ബോര്‍ഡിന്റെ അടിസ്ഥാനപരമായ ബാധ്യതയാണ്. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഉറപ്പിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ അനുവാദം നല്‍കേണ്ട റെഗുലേറ്ററി കമ്മീഷനെ അറിയിക്കാന്‍ രണ്ടാഴ്ച വൈകിയതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഗുരുതര വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് കെ എസ് ഇ ബിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട് കമ്മീഷന്‍.വൈദ്യുതി നിയമ (ഇലക്ട്രിസിറ്റി ആക്ട്) പ്രകാരം ബോര്‍ഡ് ഒപ്പ് വെക്കുന്ന ഏത് കരാറും റെഗുലേറ്ററി കമ്മീഷന്‍ പരിശോധിച്ച് ഉപഭോക്താക്കള്‍ക്ക് അമിത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാര്‍ സംബന്ധിച്ച് കമ്മീഷനെ അറിയിക്കുന്നതില്‍ വന്ന കാലതാമസം കാരണം, കരാര്‍ യഥാസമയം പ്രാബല്യത്തില്‍ വരാതിരിക്കുകയും ആ സമയത്ത് വിപണിയില്‍ ലഭ്യമായിരുന്ന കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കേരളത്തിന് നഷ്ടമാകുകയും ചെയ്തു. ഒടുവില്‍ പ്രതിസന്ധി മറികടക്കാന്‍ ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടി വരികയും പവര്‍കട്ട് അടിച്ചേല്‍പ്പിക്കേണ്ടി വരികയുമുണ്ടായി.മത്സരാധിഷ്ഠിതമാണ് രാജ്യത്തെ വൈദ്യുതി വിപണി. വിവിധ ഉത്പാദന കമ്പനികളില്‍ നിന്ന് ദീര്‍ഘകാല- ഹ്രസ്വകാല കരാറുകളിലൂടെയും എക്‌സ്‌ചേഞ്ചുകളിലൂടെയും ആവശ്യാനുസരണം വൈദ്യുതി ലഭ്യമാക്കാനുള്ള അവസരങ്ങള്‍ നിലവിലുണ്ട്. ആവശ്യകതയും വിപണിയിലെ സാഹചര്യങ്ങളും കൃത്യമായി വിലയിരുത്തി മുന്‍കൂട്ടി കരാറുകള്‍ ഉറപ്പാക്കിയാല്‍ താരതമ്യേന കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനാകും. കൃത്യമായ ആസൂത്രണവും സമയോചിതമായ ഇടപെടലുമില്ലെങ്കില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വരും. ഈ വസ്തുത മനസ്സിലാക്കി യഥാസമയം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് കെ എസ് ഇ ബിയുടെ ബാധ്യതയാണ്. മികച്ച വിപണി ബുദ്ധിയും ആവശ്യകതയെ കുറിച്ച് മുന്‍കൂട്ടി വിലയിരുത്തലും കാര്യക്ഷമമായ മാനേജ്‌മെന്റും അനിവാര്യമാണ് വൈദ്യുതി ബോര്‍ഡിന്. അതിന്റെ അപര്യാപ്തതയാണ് പലപ്പോഴും പവര്‍കട്ട് പോലുള്ള നടപടിയിലേക്ക് നീങ്ങാന്‍ ഇടവരുത്തുന്നത്.ഊര്‍ജാവശ്യത്തിന് കേരളം പ്രധാനമായും ജലവൈദ്യുതിയെയാണ് ആശ്രയിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം സ്ഥിരം പ്രതിഭാസമായി മാറുകയും വൈദ്യുതി ആവശ്യകത അടിക്കടി വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇതൊരു സുരക്ഷിതമായ സമീപനമല്ലാതായിട്ടുണ്ട്. സൗരോര്‍ജം, കാറ്റാടി വൈദ്യുതി, പമ്പ്ഡ് സ്റ്റോറേജ് തുടങ്ങിയ ഇതര മാര്‍ഗങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടതുണ്ട് സംസ്ഥാനം. സൗരോര്‍ജത്തിന് കേരളത്തില്‍ നല്ല സാധ്യതയുണ്ട്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വ്യവസായ സ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ പദ്ധതികള്‍ വ്യാപകമാക്കിയാല്‍ വൈദ്യുതി ആവശ്യകതയുടെ വലിയൊരു പങ്ക് പ്രാദേശികമായി നിര്‍വഹിക്കാനാകും. ഒരു പരിസ്ഥിതി സൗഹൃദ മാര്‍ഗം കൂടിയാണ് സൗരോര്‍ജം.ആവശ്യത്തിന് വൈദ്യുതി ഇല്ലാത്തത് മാത്രമല്ല സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം. വൈദ്യുതിയെ ഉപഭോക്താവിലേക്ക് എത്തിക്കുന്ന വിതരണ ശൃംഖലയിലെ അപര്യാപ്തത കൂടിയുണ്ട്. പവര്‍ ഹൗസുകളില്‍ നിന്നോ സബ്‌സ്റ്റേഷനുകളില്‍ നിന്നോ വൈദ്യുതി ലൈനുകളിലൂടെ സഞ്ചരിച്ച് വീടുകളിലോ സ്ഥാപനങ്ങളിലോ എത്തുമ്പോഴേക്ക് വലിയൊരു പങ്ക് വഴിയില്‍ നഷ്ടപ്പെടുന്നുണ്ട്. ലൈനുകളുടെ പഴക്കം, ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷിക്കുറവ് തുടങ്ങിയവയാണ് കാരണം. പുറത്ത് നിന്ന് എത്ര വലിയ വില കൊടുത്ത് വൈദ്യുതി വാങ്ങിയാലും അത് ഉപഭോക്താവിലേക്ക് എത്തിക്കാനുള്ള വിതരണ ശൃംഖല ശക്തവും കാര്യക്ഷമവുമല്ലെങ്കില്‍ പ്രതിസന്ധി തുടര്‍ന്നുകൊണ്ടേയിരിക്കും. ഇത് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്.വൈദ്യുതി പ്രതിസന്ധിയും പവര്‍കട്ടും കെ എസ് ഇ ബിയുടെ ആഭ്യന്തര പ്രശ്‌നമോ ഒരു സാങ്കേതിക വിഷയമോ അല്ല. സംസ്ഥാനത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണ്. വ്യവസായ വികസനത്തിനും വിനോദ സഞ്ചാര മേഖലക്കും ഐ ടി മേഖലക്കും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത വേണം. ഇടക്കിടെയുള്ള മുടക്കവും നിയന്ത്രണങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കും. പുതിയ വ്യവസായ നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ വലിയ തോതില്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ നിക്ഷേപകര്‍ ഒരു സംസ്ഥാനം തിരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കുന്ന പ്രാഥമികമായ സൗകര്യങ്ങളിലൊന്നാണ് വൈദ്യുതിയുടെ തടസ്സമില്ലാത്ത ലഭ്യത. കെ എസ് ഇ ബി അനാസ്ഥയും പിടിപ്പുകേടും അവസാനിപ്പിച്ച് വൈദ്യുതി ലഭ്യതയും വിതരണവും ഉറപ്പ് വരുത്തണം. “മഴ പെയ്യുന്നില്ല, ഡാമുകളില്‍ വെള്ളമില്ല’ തുടങ്ങിയ സ്ഥിരം പല്ലവികള്‍ പരിഹാരമല്ല.