കണ്ണൂർ | സംസ്ഥാനത്തെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യത്തിന് പരിഹാരമായി കെ എസ് ഇ ബിയുടെ അത്യാധുനിക ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) സംവിധാനത്തിലുള്ള അഞ്ച് പദ്ധതികൾ ഡിസംബറിനകം കമ്മീഷൻ ചെയ്യും. സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമെന്നോണമാണ് കാസർകോട് മൈലാട്ടി, ശ്രീകണ്ഠാപുരം(കണ്ണൂർ), മുള്ളേരിയ(കാസർകോട്), അരീക്കോട്(മലപ്പുറം), പോത്തൻകോട്(തിരുവനന്തപുരം) എന്നിവിടങ്ങളിലെ പദ്ധതികൾ കമ്മീഷൻ ചെയ്യുക. പദ്ധതികളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ സർക്കാർ നിർദേശം നൽകി. വൈദ്യുതിനിയന്ത്രണം പതിവാക്കിയിട്ടും ബെസ് പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കെ എസ് ഇ ബി ഇടപെടാത്തതിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് അതിവേഗം പദ്ധതികൾ കമ്മീഷൻ ചെയ്യാനുള്ള നടപടികൾ തുടങ്ങുന്നത്. അഞ്ച് പദ്ധതികളും കമ്മീഷൻ ചെയ്യുന്നതോടെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകതക്ക് താത്കാലിക പരിഹാരമാകുമെന്നാണ് കണക്കുകൂട്ടൽ. പുരപ്പുറ സൗരോർജ നിലയങ്ങളിൽനിന്നുൾപ്പെടെ ലഭിക്കുന്ന വൈദ്യുതി ഉന്നതശേഷിയുള്ള ബാറ്ററികളിൽ ശേഖരിച്ച്, വൈദ്യുതി ഉപയോഗം കൂടിയ വൈകുന്നേരത്തെ പീക്ക് മണിക്കൂറുകളിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ബെസ്. പദ്ധതികൾക്കായി 550 കോടിയാണ് ചെലവിടേണ്ടി വരുന്നത്.ഇതിൽ സംസ്ഥാനത്തെ ആദ്യത്തെ ബെസ് പദ്ധതി കാസർകോട് മൈലാട്ടിയിലാണ് (125 മെഗാവാട്ട്/500 മെഗാവാട്ട് ഹവർ ശേഷി) വരുന്നത്. ഒക്ടോബർ 16ന് കമ്മീഷൻ ചെയ്യാനാണ് നേരത്തേ തീരുമാനിച്ചതെങ്കിലും പൂർത്തിയാകാൻ ഡിസംബർ വരെ കാത്തിരിക്കേണ്ടിവരും. മുള്ളേരിയയിൽ 15 മെഗാവാട്ട്/60 മെഗാവാട്ട് ഹവർ ശേഷിയുടെ പദ്ധതി നിർമാണം അവസാനഘട്ടത്തിലാണ്. ഒക്ടോബറിൽ തന്നെയാണ് ഇതും കമ്മീഷൻ ചെയ്യാൻ തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമാകില്ലെന്നാണ് വിലയിരുത്തൽ. ഇവിടെ 70 കോടിയാണ് നിർമാണത്തിനായി ചെലവിട്ടത്.ശ്രീകണ്ഠപുരത്ത് കെ എസ് ഇ ബി സബ്‌സ്റ്റേഷനോട് അനുബന്ധിച്ചുള്ള ഭൂമിയിൽ നടക്കുന്ന ബെസ് പദ്ധതിയുടെ സിവിൽ പ്രവൃത്തികൾ 20 ശതമാനമാണ് പൂർത്തിയായത്. സിവിൽ പ്രവൃത്തി പൂർത്തിയായാൽ ഉടൻ പദ്ധതിക്ക് വേണ്ട ഉപകരണങ്ങൾ എത്തിക്കും. തുടർന്ന് മുഴുവൻ പ്രവൃത്തിയും പൂർത്തിയാക്കി ഡിസംബർ ആദ്യവാരം കമ്മീഷൻ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.സെപ്തംബറോടെ പ്രവൃത്തി കഴിയുമെന്ന് മേൽനോട്ടം വഹിക്കുന്ന എൻ ടി പി സി ഗ്രീൻ എനർജി ലിമിറ്റഡ് അധികൃതർ അറിയിച്ചു. 40 മെഗാവാട്ട്/160 മെഗാവാട്ട് ഹവര്‍ ആണ് ശ്രീകണ്ഠാപുരം പദ്ധതിയുടെ ശേഷി.സ്ഥലം മാത്രം സർക്കാർ വിട്ടുനൽകി സ്വകാര്യ കമ്പനി സൗരോർജം സംഭരിച്ച് രാത്രിയിലെ നാല് മണിക്കൂർ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഇതുമൂലം സർക്കാറിന് യൂനിറ്റിന് ഏഴ് രൂപയുടെ അടുത്ത് മാത്രമേ ചെലവ് വരുന്നുള്ളൂ. മലപ്പുറം അരീക്കോട്ടെ (ശേഷി 30 മെഗാവാട്ട്/120 മെഗാവാട്ട് ഹവർ) പദ്ധതി നവംബറോടെ പൂർത്തിയാകും. തിരുവനന്തപുരം പോത്തൻകോട് (ശേഷി 40 മെഗാവാട്ട്/120 മെഗാവാട്ട് ഹവർ) ഡിസംബർ 15നകം കമ്മീഷൻ ചെയ്യാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.എറണാകുളം ബ്രഹ്മപുരത്താണ് മറ്റൊരു പദ്ധതി വരുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ബെസ് പദ്ധതിയാണിത്. 250 മെഗാവാട്ട് ശേഷിയുള്ള സ്റ്റോറേജ് സംവിധാനമാണ് ഇവിടെയുണ്ടാകുക. ബ്രഹ്മപുരത്ത് പ്രവർത്തനം നിലച്ച ഡീസൽ നിലയത്തോടനുബന്ധിച്ചുള്ള ഒമ്പതേക്കറിലാണ് നിർമാണം നടക്കുക. വൈദ്യുതി രാത്രിയിൽ കെ എസ് ഇ ബിക്ക് യൂനിറ്റിന് 5.59 രൂപക്ക് ഇവിടെ ലഭിക്കും. 600 കോടിയാണ് ബ്രഹ്മപുരത്തെ നിർമാണച്ചെലവ്.2027 സെപ്തംബർ എട്ടിന് കമ്മീഷൻ ചെയ്യാനാകുമെന്നാണ് കരുതുന്നത്. സോളാർ വൈദ്യുതി യഥേഷ്ടം ലഭ്യമാണെങ്കിലും ശേഖരിക്കാൻ നിലവിൽ കെ എസ് ഇ ബിക്ക് കാര്യമായ സംവിധാനമില്ല. ബെസ് വ്യാപകമാകുന്നതോടെ ഇതിന് പരിഹാരമാകും.Content Highlights: KSEB will commission five Battery Energy Storage System projects by December to address Kerala’s growing electricity demands and peak-hour shortages. The 550-crore initiative stores solar energy for evening supply. Locations include Mylatti, Sreekandapuram, Mulleria, Areekode, and Pothhencode.