ദില്ലിയിലെ യുവജന പ്രക്ഷോഭങ്ങളെ തകർക്കാൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് വൻതുക വാഗ്ദാനം; വെളിപ്പെടുത്തലുമായി ഇൻസ്റ്റഗ്രാം താരം

Wait 5 sec.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദില്ലിയിലെ ജന്തർ മന്തറിൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ത്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന് പിന്തുണയേറുകയാണ്. ഇതിനിടെ ഇതാ ഈ വിദ്യാർത്ഥി-യുവജന പ്രക്ഷോഭങ്ങളെ അപകീർത്തിപ്പെടുത്തുന്നതിനും സർക്കാരിനെ ന്യായീകരിക്കുന്നതിനുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് വൻതുക വാഗ്ദാനം ചെയ്യുന്നതായിട്ടുള്ള വെളിപ്പെടുത്തൽ വരികെയാണ്. ‘ദ ഹാരി കസാന’ (The Harry Kasana) എന്ന പേരിൽ ഇൻസ്റ്റഗ്രാം റീലുകൾ ചെയ്യുന്ന രൂപേഷ് യാദവ് എന്ന യുവാവാണ് തനിക്ക് ലഭിച്ച ഇ-മെയിൽ സന്ദേശം പുറത്തുവിട്ടുകൊണ്ട് ഈ ഗൂഢാലോചന വെളിപ്പെടുത്തിയത്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീജിത്ത് ദിവാകരൻ ആണ് ഇത് സംബന്ധിച്ച് ഒരു പോസ്റ്റ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.അമേരിക്കയിലെ ടെന്നിസീ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘എവോറ കമ്മ്യൂണിക്കേഷൻസ്’ എന്ന സൈബർ സെക്യൂരിറ്റി ഏജൻസിയിൽ നിന്നാണ് രൂപേഷിന് ഇ-മെയിൽ ലഭിച്ചത്. ജന്തർമന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കെതിരെയും ബി.ജെ.പി സർക്കാരിന്റെ നയങ്ങളെ ന്യായീകരിച്ചും രണ്ട് റീലുകൾ ചെയ്യാനാണ് ഇവർ ആവശ്യപ്പെട്ടത്.നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്തെ പ്രക്ഷോഭങ്ങളെ ഇപ്പോഴത്തെ സമരങ്ങളുമായി താരതമ്യം ചെയ്ത് കാണിക്കണമെന്നും ഇതിനായി വേണ്ട സ്ക്രിപ്റ്റും വിഷ്വൽസും തങ്ങൾ നൽകുമെന്നും ഏജൻസി അറിയിച്ചു. ഒരു റീലിന് 20,000 രൂപ വീതം ആകെ 40,000 രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തത്.അമേരിക്കയിലെ വിമുക്ത സൈനികർ ആരംഭിച്ച ഒരു അന്താരാഷ്ട്ര സൈബർ സെക്യൂരിറ്റി ഏജൻസിയായാണ് എവോറ കമ്മ്യൂണിക്കേഷൻസ് സ്വയം പരിചയപ്പെടുത്തുന്നത്. ഒഫൻസീവ് സൈബർ സെക്യൂരിറ്റി ഏജൻസി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവർ, രാജ്യത്തെ സാധാരണക്കാരുടെ നികുതിപ്പണം ഉപയോഗിച്ചാണോ ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്ന ചോദ്യം ശ്രീജിത്ത് ദിവാകരൻ ഉയർത്തുന്നു.ALSO READ: രാജ്യതലസ്ഥാനത്ത് 20 കമ്പനി സിആർപിഎഫ് സേനയെ വിന്യസിക്കാൻ ഉത്തരവിട്ട് കേന്ദ്രസർക്കാർ; മെട്രോ ഗേറ്റുകൾ കൂട്ടത്തോടെ അടച്ചുആയിരക്കണക്കിന് കണ്ടന്റ് ക്രിയേറ്റേഴ്സിന് ഇത്തരം ഇ-മെയിലുകൾ പോയിട്ടുണ്ടാകാമെന്നും പലരും ഇത് സ്വീകരിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം തന്റെ പോസ്റ്റിലൂടെ ആശങ്കപ്പെടുന്നു. നുണകൾ പ്രചരിപ്പിക്കുന്നതിനായി വലിയ മാധ്യമ സ്ഥാപനങ്ങൾക്ക് എത്രത്തോളം ഓഫറുകൾ ലഭിക്കുന്നുണ്ടാകുമെന്നും അദ്ദേഹം വിമർശിച്ചു. പ്രക്ഷോഭകരെ അടിച്ചമർത്തുന്ന പോലീസിനൊപ്പം നിൽക്കുന്ന ഗുണ്ടകളെയും ഇത്തരം പ്രചാരണങ്ങളെയും രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന നടപടി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇൻഫ്ലുവൻസർക്ക് ലഭിച്ച ഇ-മെയിലിന്റെ സ്ക്രീൻ ഷോട്ടുകളും വെളിപ്പെടുത്തൽ അടങ്ങിയ വീഡിയോയും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വ്യാപകമായി പ്രചരിക്കുന്നുണ്ട്.പോസ്റ്റിന്റെ പൂർണരൂപംദ ഹാരി കസാന എന്ന പേരിൽ ഇൻസ്റ്റ റീലുകൾ ചെയ്യുന്ന രൂപേഷ് യാദവ് എന്ന പയ്യന്റെ പുതിയ ഒരു റീൽ കണ്ടു. Aevora Commucications എന്ന പേരിൽ ഒരു ഇ-മെയ്ൽ ആ യുവാവിന് ലഭിച്ചതിനെ കുറിച്ചാണ് റീൽ. ഓൺലൈനിൽ നോക്കുമ്പോൾ ആ പേരിൽ ഒരു ഇന്റർനാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസിയുണ്ട്. ഒഫൻസീസ് സൈബർ സെക്യൂരിറ്റി എന്നാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്. രൂപേഷിനോട് aevora communications ആവശ്യപ്പെടുന്നത് ചെറിയ കാര്യമാണ്. ജന്തർമന്തറിൽ നടക്കുന്ന വിദ്യാർത്ഥി/യുവജന പ്രക്ഷോഭത്തിനെതിരായി ബി.ജെ.പി സർക്കാരിന്റെ നയങ്ങളെ ഭാഗം ന്യായീകരിച്ച് കൊണ്ടും കോൺഗ്രസ് കാലത്തെ -ഇന്ദിരാഗാന്ധിയുടേയും നെഹ്രുവിന്റേയും അടക്കം- പ്രക്ഷോഭങ്ങളെ ചൂണ്ടിക്കാണിച്ച് കൊണ്ടും രണ്ട് റീലുകൾ ചെയ്യണം. സ്‌ക്രിപ്റ്റും വിഷ്വൽസും എന്ത് വേണമെങ്കിലും അവർ തരും. ഒരു റീലിന് 20000 രൂപ വച്ച് 40000 രൂപ തരും. ഇന്റർനെറ്റ് സ്‌ക്രോൾ ചെയ്താൽ നമുക്ക് മുന്നിൽ ലക്ഷക്കണക്കിന് കണ്ടന്റ ക്രിയേറ്റേഴ്‌സിനെ കാണാം. അവർക്ക് അമേരിക്കയിലെ ടെന്നിസീയിലെ നോക്‌സ്‌വിൽ എന്ന നഗരം ആസ്ഥാനമാക്കി ആഗോളാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന, അമേരിക്കയിലെ വിമുക്ത സൈനികർ -വെറ്ററൻസ്- ആരംഭിച്ച, ഒരു സൈബർ സെക്യൂരിറ്റി ഏജൻസി 40,000 രൂപ ഒരാൾക്ക് വീതം വാഗ്ദാനം ചെയ്യുന്നു. എത്രയോ ആയിരങ്ങൾക്ക് ഈ മെയ്ൽ പോയിക്കാണും? എത്രയോ പേർ അത് സ്വീകരിച്ച് കാണും? സർക്കാരിന് അനുകൂലമായി വീഡിയോ ചെയ്യാൻ, മുൻ സർക്കാരുകളെ കളിയാക്കി, യുവജനങ്ങളുടെ സമരത്തെ വികൃതമാക്കി ചിത്രീകരിക്കാൻ ഇന്ത്യയിലെ സാധാരണക്കാരുടെ നികുതി പണത്തിൽ എത്ര ചെലവഴിക്കുന്നുണ്ടാകും? അവർക്ക് ഇത്രയും കൊടുക്കുന്ന സ്ഥിതിക്ക് നുണകൾ മാത്രം പ്രസിദ്ധീകരിക്കുന്ന റ്റൈംസ് ഓഫ് ഇന്ത്യയ്ക്ക്, എൻ.ഡി.റ്റിവിക്ക്, സീ ന്യൂസിന്, അത്തരം നൂറായിരം കാവൽ നായ്ക്കൾക്ക് എത്രയാകും ഓഫറുകൾ?വായും മുഖവും മൂടിക്കെട്ടി പോലീസിനൊപ്പം ലാത്തിയും പിടിച്ച് നിന്ന് നാട്ടുകാരെ തല്ലിച്ചതയ്ക്കുന്ന അമിത് ഷാ ഗുണ്ടകൾക്ക് പിന്നെ സാറ്റിസ്ഫാക്ഷൻ മതിയാകും കൂലിയായി. ചതിയാണ് സംഘപരിവാരത്തിന്റെ രക്തത്തിലുള്ള വികാരം. സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരെ ബ്രിട്ടീഷ് പോലിസിനൊപ്പം, ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനെതിരെ പാകിസ്ഥാനൊപ്പം, ഇപ്പോൾ ഇന്ത്യൻ ജനതയുടെ ഏത് ച അവകാശത്തിനുമെതിരെ ലാത്തും തോക്കുമായി നിൽക്കുന്ന ഗുണ്ടകൾക്കൊപ്പം. സംഘി എന്നാൽ ഈ രാജ്യത്തിനെ ഒറ്റുന്നവർ എന്നാണർത്ഥം.പക്ഷേ ആ പോലീസുകാർക്കിടയിൽ, പോലീസിന് വേണ്ടി പ്രക്ഷോഭകരുടെ വീഡിയോ പകർത്താനായി വരുന്ന ഒറ്റുകാർക്കിടയിൽ മനുഷ്യരുണ്ടാകില്ലേ? അവരുടെ വീട്ടിൽ മക്കളുണ്ടാകില്ലേ? ദ ഹാരി കസാനയുടെ റീലിന്റെ ലിങ്ക് ഒപ്പമുണ്ട്. ചിത്രങ്ങൾ അയാൾക്ക് ലഭിച്ച ഈ മെയ്‌ലിന്റെ സ്‌ക്രീൻ ഷോട്ടുകൾ.The post ദില്ലിയിലെ യുവജന പ്രക്ഷോഭങ്ങളെ തകർക്കാൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് വൻതുക വാഗ്ദാനം; വെളിപ്പെടുത്തലുമായി ഇൻസ്റ്റഗ്രാം താരം appeared first on Kairali News | Kairali News Live.