ദില്ലിയിൽ നടക്കുന്ന ജനാധിപത്യ സമരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിദ്യാർഥികളെയും അധ്യാപകരെയും വിലക്കുന്ന സർവകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടപടി നിയമവിരുദ്ധമാണെന്ന് ഡോ. ഷിജു ഖാൻ. വിദ്യാർത്ഥികളുൾപ്പെടെയുള്ള പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കാൻ ഒരു സർവകലാശാലയ്ക്കും അധികാരമില്ലെന്നും അധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തുന്നതിനായി പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾക്ക് യാതൊരു നിയമസാധുതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു ഷിജു ഖാന്റെ പ്രതികരണം.സമരത്തെ പിന്തുണയ്ക്കുന്നതുപോലും നിയന്ത്രിക്കാൻ രാജ്യത്തെ ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വീകരിച്ചിരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാത്തി. സോഷ്യൽ മീഡിയയിലൂടെയുള്ള പ്രതികരണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള നിർദേശങ്ങളും തീരുമാനങ്ങളും അഭിപ്രായസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും നേരെയുള്ള നഗ്നമായ കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇന്ത്യൻ ഭരണഘടന സംഘടിക്കാനും പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം ഉറപ്പുനൽകുന്നുവെന്നും അടിവരയിട്ടു.ഭരണഘടനയ്ക്ക് മുകളിലല്ല ഒരു സർവകലാശാലയും. അതിനാൽ നിയമവിരുദ്ധമായ ഉത്തരവുകളും സർക്കുലറുകളും തള്ളിക്കളയണം. ഭരണഘടനയാണ് ഇന്ത്യയുടെ പരമോന്നത നിയമം, ഷിജു ഖാൻ വ്യക്തമാക്കി. സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള ഉപകരണങ്ങളല്ല സർവകലാശാലകളെന്നും ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുകയാണ് സർവകലാശാലകളുടെ യഥാർത്ഥ ധർമ്മമെന്ന് സർവകലാശാലാ അധികാരികൾ തിരിച്ചറിയണമെന്നും ഷിജു ഖാൻ പോസ്റ്റിൽ വ്യക്തമാക്കി.The post ദില്ലിയിലെ ജനാധിപത്യ സമരങ്ങളിൽ പങ്കെടുക്കുന്നത് വിലക്കിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും നടപടി ഭരണഘടനാ വിരുദ്ധം: ഷിജു ഖാൻ appeared first on Kairali News | Kairali News Live.