ബിരിയാണി കൊതിച്ച് പിസ്സ തിന്നണോ?

Wait 5 sec.

“നിങ്ങളുടെ സമയം പരിമിതമാണ്, അതിനാൽ മറ്റൊരാളുടെ ജീവിതം ജീവിച്ച് അത് പാഴാക്കരുത്’ എന്ന് സ്റ്റീവ് ജോബ്സ് പറഞ്ഞത് വെറുതെയല്ല. മനസ്സിൽ ഉറപ്പിച്ച ബിരിയാണി കഴിച്ച് വിശപ്പടക്കാൻ ഉറച്ച് നിങ്ങൾ ഒരു റെസ്റ്റോറന്റിലേക്ക് കയറുന്നു എന്ന് സങ്കൽപ്പിക്കുക. “ഇന്ന് എന്തായാലും നല്ലൊരു ചിക്കൻ ബിരിയാണി തന്നെ’ എന്ന് മനസ്സിൽ ഉറപ്പിച്ചു നിൽക്കുമ്പോഴാണ് കൂടെയുള്ള സുഹൃത്തിന്റെ വക ആദ്യത്തെ ചോദ്യം വരുന്നത്, “ഇവിടുത്തെ ഫ്രൈഡ് റൈസ് കിടുവാണ് മച്ചാനേ, അത് പോരെ?’. തൊട്ടടുത്തിരിക്കുന്നയാൾ ഉടൻ അടുത്ത ഉപദേശം തരും, “ഏയ്, ഇവിടെ വന്നാൽ പിസ്സ തന്നെ കഴിക്കണം!’. ഒടുവിൽ മേശയ്ക്കരികിലെത്തുന്ന വെയ്റ്റർ “സർ, എന്താണ് വേണ്ടത്?’ എന്ന് ചോദിക്കുമ്പോൾ, അത്രയും നേരം നിങ്ങളുടെ നെഞ്ചിൽ കിടന്ന് തിളച്ചുമറിഞ്ഞ ബിരിയാണി പ്രേമം വെറും കോംപ്ലിമെന്ററി പപ്പടം പോലെ പൊടിഞ്ഞുപോകുന്നു.ഒടുവിൽ വിനയപൂർവം ആഗ്രഹം ഉള്ളിലൊതുക്കി നിങ്ങൾ പറയും, “അവന്മാർ പറഞ്ഞത് തന്നെ എനിക്കും പോരട്ടെ…’. പത്ത് മിനുട്ടിന് ശേഷം, ഒട്ടും ആഗ്രഹിക്കാത്ത ആ പിസ്സ മടുപ്പോടെ ചവച്ചരയ്ക്കുമ്പോൾ, തൊട്ടടുത്ത മേശയിലിരുന്ന് വേറൊരാൾ ബിരിയാണി ആസ്വദിച്ചു കഴിക്കുന്നത് നോക്കി നെടുവീർപ്പിടാത്തവർ നമ്മളിൽ വളരെ കുറവായിരിക്കും. കേൾക്കുമ്പോൾ “സ്വാഭാവികം’ എന്ന് തോന്നുമെങ്കിലും ജീവിതത്തിൽ പല കാര്യങ്ങളിലും നമ്മളിൽ പലരും അനുദിനം ആവർത്തിക്കുന്നത് ഇതുതന്നെയല്ലേ? റെസ്റ്റോറന്റിലെ ആ ഉച്ചഭക്ഷണത്തിൽ മാത്രമല്ല, നമ്മുടെ കരിയറിലും ബന്ധങ്ങളിലും സ്വപ്നങ്ങളിൽ പോലും നമ്മൾ ഈ “മാറ്റിപ്പിടിക്കൽ’ തന്ത്രം പയറ്റുന്നുണ്ട്.നിങ്ങൾക്ക് നല്ലൊരു അധ്യാപകനോ എഴുത്തുകാരനോ ആകാനായിരുന്നു ആഗ്രഹം, പക്ഷേ നാട്ടുകാർക്ക് പ്രിയം എൻജിനീയർമാരോടായിരുന്നു. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിച്ചപ്പോൾ ബന്ധുക്കൾ “സർക്കാർ ജോലി’ എന്ന സുരക്ഷിത താവളം ഉപദേശിച്ചു. ഓഫീസ് മീറ്റിംഗിൽ ഉഗ്രനൊരു ആശയം മനസ്സിൽ വന്നതാണ്, പക്ഷേ ബാക്കിയുള്ളവർ എതിർദിശയിൽ വേറൊരാൾ പറഞ്ഞതിന് തലയാട്ടുന്നത് കണ്ടപ്പോൾ ആ ആശയം നിങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങി. മനഃശാസ്ത്രജ്ഞർ ഇതിനെ “ബാഹ്യവത്കൃത നിയന്ത്രണം’ അല്ലെങ്കിൽ “എക്സ്റ്റേണൽ ലോക്കസ് ഓഫ് കൺട്രോൾ’ എന്ന് വിളിക്കുന്നു. അതായത്, നമ്മുടെ സ്വന്തം ബോധ്യങ്ങളേക്കാൾ മറ്റുള്ളവരുടെ അംഗീകാരത്തെ ആശ്രയിക്കുന്ന ഒരുതരം ശീലം. ആളുകൾ നമ്മെ സ്വാധീനിക്കുന്നു എന്നതല്ല ഇവിടെ അപകടം, ഉപദേശങ്ങൾ തേടുന്നതും തെറ്റല്ല.എന്നാൽ നമുക്ക് യഥാർഥത്തിൽ എന്താണ് വേണ്ടതെന്ന് ലോകം നമ്മോട് പറയാൻ തുടങ്ങുന്നതിനുമുമ്പ്, വഴിയിൽ എവിടെയോ വെച്ച് അത് നമ്മൾ സ്വയം മറന്നുപോകുന്നു എന്നതാണ് യഥാർഥ ദുരന്തം. “ആദ്യം നിങ്ങളോട് തന്നെ സത്യസന്ധത പുലർത്തുക’ എന്ന ഷേക്‌സ്‌പിയർ വചനം നമുക്കുള്ളിൽ ഇടയ്ക്കിടെ മുഴങ്ങേണ്ട ഒന്നാണ്. സ്വന്തം മനസ്സിന്റെ ആഗ്രഹങ്ങൾ ചോദിച്ചറിയുന്നതിനേക്കാൾ, മറ്റുള്ളവരുടെ പ്രതീക്ഷകൾ വായിച്ചെടുക്കുന്നതിലാണ് ഇന്നു പലരും മിടുക്ക് കാണിക്കുന്നത്. ഒരു കാറിൽ യാത്ര ചെയ്യുന്ന കാര്യം ആലോചിച്ചു നോക്കൂ. കാറിലുള്ള ഓരോ യാത്രക്കാരനും സ്റ്റിയറിംഗ് വീലിൽ പിടിച്ച് വലിക്കുകയാണെങ്കിൽ എന്തുസംഭവിക്കും? ഒരാൾ ഇടത്തോട്ട് തിരിക്കാൻ പറയും, അടുത്തയാൾ വലത്തോട്ട് പോകാൻ നിർബന്ധിക്കും, മൂന്നാമൻ എനിക്ക് മികച്ച വഴി അറിയാമെന്ന് ആത്മവിശ്വാസത്തോടെ അവകാശപ്പെടും. ഒടുവിൽ ആ കാർ എങ്ങോട്ടും പോകാതെ വഴിയാധാരമാകും. നമ്മുടെ ജീവിതത്തിന്റെ സ്റ്റിയറിംഗ് വീൽ മറ്റുള്ളവരുടെ കൈകളിൽ കൊടുക്കുമ്പോഴും സംഭവിക്കുന്നത് ഇതുതന്നെയാണ്.സോഷ്യൽ മീഡിയയുടെ വരവോടെ ഈ പ്രവണത കുറച്ചുകൂടി രൂക്ഷമായിട്ടുണ്ട്. ഒരു മനോഹരമായ സ്ഥലത്ത് അവധിക്കാലം ആഘോഷിക്കാൻ പോയാൽ, അവിടുത്തെ കാറ്റും ശാന്തതയും ആസ്വദിക്കുന്നതിനേക്കാൾ കൂടുതൽ സമയം, എടുത്ത ഫോട്ടോയ്ക്ക് എത്ര പേർ ലൈക്ക് അടിച്ചു എന്ന് നോക്കാനാണ് പലരും ചെലവഴിക്കുന്നത്. അർഥവത്തായ ഒരു കാര്യം ചെയ്യുമ്പോൾ കിട്ടുന്ന സംതൃപ്തിയേക്കാൾ, അതിന് ആരെങ്കിലും കൈയടിച്ചതിന് ശേഷമേ സന്തോഷിക്കാവൂ എന്ന് നമ്മുടെ മസ്തിഷ്കം തെറ്റായി പഠിച്ചെടുക്കുകയാണ്. “ആൾക്കൂട്ടത്തെ മാത്രം പിന്തുടരുന്നവന് ഒരിക്കലും ആൾക്കൂട്ടത്തിനപ്പുറം വളരാൻ കഴിയില്ല.’ എന്ന ഒരു പഴഞ്ചൊല്ലുണ്ട്. പക്ഷേ, സന്തോഷകരമായ വസ്തുത എന്തെന്നാൽ ഈ അദൃശ്യ ജയിലിന് അടച്ച പൂട്ടില്ല എന്നതാണ്. അതിൽ നിന്നുള്ള സ്വാതന്ത്ര്യം തിരികെ ലഭിക്കാൻ വലിയ തത്ത്വചിന്തകളൊന്നും ആവശ്യമില്ല, തികച്ചും സാധാരണമായ ചില പരീക്ഷണങ്ങൾ മതിയാകും.സുഹൃത്തുക്കളുടെ അഭിപ്രായത്തിന് കാത്തുനിൽക്കാതെ ഇന്ന് ഒരു ചെറിയ തീരുമാനം സ്വയം എടുക്കുക. ട്രെൻഡിംഗ് ആയതുകൊണ്ട് മാത്രം ഒരു പുസ്തകം വായിക്കുകയോ വീഡിയോ കാണുകയോ ചെയ്യാതിരിക്കുക. ഒരു നല്ല കാര്യം ചെയ്തുതീർത്താൽ അത് ഉടൻ തന്നെ ലോകത്തെ അറിയിക്കാനുള്ള പ്രലോഭനത്തെ ചെറുക്കുക. ചുറ്റുമുള്ള എല്ലാവരും പാസ്തയോ പിസ്സയോ ഓർഡർ ചെയ്താലും, നിങ്ങൾക്ക് വേണ്ടത് ബിരിയാണിയാണെങ്കിൽ ധൈര്യമായി അതുതന്നെ ഉറപ്പിച്ചു പറയുക. ഉത്തേജനത്തിനും പ്രതികരണത്തിനും ഇടയിൽ ഒരു ഇടമുണ്ടെന്നും, ആ ഇടമാണ് നമ്മൾക്ക് കാര്യങ്ങൾ തിരഞ്ഞെടുക്കാനുള്ള ശക്തിയെന്നും വിക്ടർ ഫ്രാങ്ക്ൾ എഴുതിയിട്ടുണ്ട്. മരങ്ങൾ വളരുമ്പോൾ വശങ്ങളിലുള്ള മരങ്ങളുടെ ഉയരം അളന്നുനോക്കാറില്ല, കടലിൽ എത്തുന്നതിന് മുന്പ് നദികൾ റൂട്ട് മാപ്പ് നോക്കി അനുവാദം ചോദിക്കാറുമില്ല.ഇന്നലത്തെ കാണികൾ കൈയടിച്ചില്ല എന്ന് കരുതി സൂര്യൻ പിറ്റേന്ന് ഉദിക്കാതിരിക്കുന്നുമില്ല. പ്രകൃതി അതതിന്റെ ധർമം ശാന്തമായി നിർവഹിക്കുന്നു. ലോകത്തിൽ നിന്നുള്ള വലിയ കൈയടികളല്ല യഥാർഥ വിജയം, മറിച്ച് ഇന്ന് ഞാൻ ജീവിച്ച ജീവിതം തികച്ചും എന്റേതായിരുന്നു എന്ന സംതൃപ്തിയോടെ രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതാണ്. അതുകൊണ്ട്, ഇന്ന് രാത്രി സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ നിങ്ങൾ ഏതെങ്കിലും റെസ്റ്റോറന്റിൽ കയറുകയാണെങ്കിൽ, മനസ്സ് ആഗ്രഹിക്കുന്നത് ബിരിയാണിയാണെങ്കിൽ ധൈര്യമായി ആ ബിരിയാണി തന്നെ ഓർഡർ ചെയ്യുക!Content Highlights:Living to satisfy others stops you from discovering what you truly want in life. Inspired by Steve Jobs, this article highlights the importance of trusting your own inner voice over societal pressure. Real freedom comes from making authentic choices and steering your own path with confidence.