കണ്ടൽക്കാടുകൾ നമുക്കൊപ്പം ജീവിക്കുന്ന സവിശേഷ ആവാസ വ്യവസ്ഥയാണ്. കരയും കായലും കടലും ചേരുന്നയിടത്ത് ഉപ്പുവെള്ളത്തിൽ സമൃദ്ധമായി വളരുന്ന സവിശേഷ ഹരിത സസ്യങ്ങളാണ് കണ്ടലുകൾ. പരിസ്ഥിതി വ്യൂഹത്തിൽ ഒട്ടനവധി ധർമങ്ങൾ ഒരേ സമയം നിർവഹിക്കുന്ന കണ്ടൽക്കാടുകളുടെ വിസ്തൃതി നിത്യേന ലോകത്തെമ്പാടും കുറയുന്നു എന്നത് വളരെയെറെ ജീവിവർഗങ്ങളുടെ ആവാസ വ്യവസ്ഥ കൂടിയാണ് ഇല്ലാതാക്കുന്നത്.കേരളത്തിന്റെ കടലോരത്ത് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ 700 ചതുരശ്ര കിലോമീറ്റർ വ്യാപ്‌തിയിൽ കണ്ടൽക്കാടുകളുണ്ടായിരുന്നത് ഇപ്പോൾ ചുരുങ്ങിയിരിക്കുന്നു. വേമ്പനാട്ടുകായലോരത്തും കടലുണ്ടി മുതൽ മഞ്ചേശ്വരം പുഴയോരം വരെയുള്ള തീരദേശമേഖലയിലുമാണ് ഇപ്പോൾ കണ്ടൽക്കാടുകൾ അൽപ്പമെങ്കിലും ബാക്കിയുള്ളത്.തീർദേശമേഖലയിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷമുണ്ടായ വികസന – നിർമാണ ഗാർഹിക പ്രവർത്തനങ്ങൾ, ജനസംഖ്യാ വർധനവ്, ടൂറിസം, തീരദേശ റോഡുകൾ, ഫിഷറീസ് വ്യാപനം, കടലാക്രമണം എന്നിവയെല്ലാം തീരദേശത്തെ 90 ശതമാനം കണ്ടലുകളും അപ്രത്യക്ഷമാകാൻ കാരണമായി. വ്യാപകമായ കടലാക്രമണങ്ങൾ കോടികൾ മുടക്കിയുള്ള കടൽഭിത്തി നിർമാണം, കരിങ്കൽ നിറക്കൽ തുടങ്ങിയ പ്രവൃത്തികൾ നിർബന്ധിതമാക്കി.കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലത്ത് 1996ൽ വെട്ടിപ്പോയേക്കാവുന്ന 36 ഏക്കർ കണ്ടൽ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിൽ പണം പിരിച്ച് വാങ്ങി സംരക്ഷിച്ചു പോരുന്നത് കണ്ടൽ സംരക്ഷണ രംഗത്തെ മികച്ച മാതൃകാ പ്രവർത്തനമാണ്. കണ്ടലുകൾക്കിടയിൽ ജീവിച്ചു മരിച്ച, കണ്ടൽ സംരക്ഷണ രംഗത്ത് ഏറെ മുന്നേറ്റങ്ങൾക്ക് കളമൊരുക്കിയ കണ്ണൂർ പഴയങ്ങാടി സ്വദേശി കല്ലേൽ പൊക്കുടൻ കേരളത്തിലെമ്പാടും കണ്ടൽക്കാടുകൾ സംരക്ഷിക്കേണ്ട ഒരു വിഭവമാണ് എന്ന തിരിച്ചറിവുണ്ടാക്കാൻ ഏറെ പ്രയത്നിച്ച വ്യക്തിയാണ്.കടലുണ്ടി പുഴയുടെ പതന മുഖത്തിനടുത്ത് ഇരുകരകളിലുമായുള്ള കണ്ടലുകൾ ജനകീയ പങ്കാളിത്തത്തിൽ കടലുണ്ടി, വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവായി സംരക്ഷിച്ച് സംരക്ഷണ വികസന പ്രവർത്തനങ്ങൾ നടത്തിവരുന്നത് ഏറെ പ്രശംസനീയമാണ്.സ്വർണ കണ്ടലടക്കം തനതു കണ്ടലുകൾ ഒട്ടെറെയുള്ള കേരള തീരത്തെ കണ്ടൽക്കാടുകൾ വളരെയധികം ജലജീവികളുടെ പ്രജനന കേന്ദ്രമാണ്. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ നിർബാധം കണ്ടൽ നാശത്തിന് കാരണക്കാരാവുന്ന ഒട്ടെറെ പേർ ഇന്നും തീരദേശങ്ങളിലുണ്ട് എന്നത് ദൗർഭാഗ്യകരമാണ്.കടുവകളടക്കം സജീവമായി കഴിയുന്ന ബ്രഹ്മപുത്ര, ഗംഗാ ഡൽറ്റയിലെ സുന്ദർബൻസിലും കണ്ടലുകളാൽ പ്രസിദ്ധമായ ഒഡിഷയിലെ ഗാഹിർ മാതയിലും, പാരദ്വീപിലും, തമിഴ്നാട്ടിലെ പിച്ചാവാരത്തും പലതരത്തിലുള്ള ഭീഷണികളിലാണ് കണ്ടലുകളുള്ളത്.നിക്കോബാറിൽ ആരംഭിക്കുന്ന പുതിയ വികസന പ്രവർത്തനങ്ങൾ വലിയൊരു മേഖലയിലെ കണ്ടൽ ആവാസ വ്യവസ്ഥയെയാണ് പൂർണമായും ഇല്ലാതാക്കാൻ പോകുന്നത്. രാജ്യത്താകെയുള്ള 1800 ചതുരശ്രകിലോമീറ്റർ കണ്ടൽക്കാടുകളിൽ എഴുപത് ശതമാനവും തുടച്ചുനീക്കൽ ഭീഷണിയിലാണ്.മത്സ്യങ്ങൾ, ഉഭയ ജീവികൾ, ചിത്രശലഭങ്ങൾ, നിശാശലഭങ്ങൾ, തുമ്പികൾ, പക്ഷികൾ, ഉരഗങ്ങൾ, ചെറു സസ്തനികൾ എന്നിവയുടെയെല്ലാം ആവാസ കേന്ദ്രവും കാലാവസ്ഥാ നിയന്ത്രണം, തീരദേശ പരിസ്ഥിതി മെച്ചപ്പെടുത്തൽ, മത്സ്യ ലഭ്യത ഉറപ്പാക്കൽ തുടങ്ങി നിരവധി പരിസ്ഥിതി ധർമങ്ങളും നിർവഹിക്കുന്ന കണ്ടൽക്കാടുകൾ സംരക്ഷിക്കാനും വ്യാപിപ്പിക്കാനും സജീവ മുന്നേറ്റങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. കണ്ടലുകളുടെ പ്രാധാന്യവും അവ സൃഷ്‌ടിക്കുന്ന പരിസ്ഥിതി മേന്മകളും തിരിച്ചറിഞ്ഞ് കണ്ടൽ പരിരക്ഷണ വ്യാപക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനുള്ള ദിനം കൂടിയാണ് കണ്ടൽ ദിനമായ ജൂലൈ 26.(ലേഖകൻ നിലമ്പൂർ പ്രകൃതിപഠനകേന്ദ്രം ഡയറക്ടറാണ്)Content Highlights:Mangroves play a vital role in balancing coastal ecosystems and protecting marine biodiversity across Kerala. Human activity and coastal development have drastically reduced these critical green buffers over the past century. World Mangrove Day on July 26 highlights the urgent need for collective action to restore and protect them.