‘രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ജെന്‍സി’; തിരഞ്ഞെടുപ്പ് പ്രായപരിധി 21 ആയി കുറയ്ക്കണമെന്ന് രേവന്ത് റെഡ്ഡി

Wait 5 sec.

നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിക്കാനുള്ള പ്രായപരിധി നിലവിലെ 25 വയസില്‍ നിന്ന് 21 ആയി കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്ന സാഹചര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ജെന്‍സി തലമുറയില്‍പ്പെട്ട നേതാവിനെ നിയോഗിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികളും യുവാക്കളും നടത്തിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈദരാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധിയാകാനുള്ള യോഗ്യതാ പ്രായം 21 ആക്കുന്നതിനായി ആഗസ്റ്റ് ആദ്യവാരം ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ തെലങ്കാന സര്‍ക്കാര്‍ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രമേയം അംഗീകരിച്ച ശേഷം കേന്ദ്ര സര്‍ക്കാരിന് അയക്കും.കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും ഇന്ത്യാ സഖ്യകക്ഷികളുടെ പിന്തുണയോടെ പാര്‍ലമെന്റില്‍ സ്വകാര്യ ബില്ലായി അവതരിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച ഡല്‍ഹിയിലെത്തുന്ന അദ്ദേഹം എ.ഐ.സി.സി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. 21 വയസ്സുള്ള ഒരാള്‍ക്ക് ഐ.എ.എസ് ഉദ്യോഗസ്ഥനാകാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മത്സരിക്കാനും സാധിക്കുമെങ്കില്‍ നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും മത്സരിക്കാന്‍ പ്രായപരിധി തടസ്സമാകുന്നത് യുക്തിസഹമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മണ്ഡല പുനര്‍നിര്‍ണയം, വനിതാ സംവരണം എന്നിവയ്‌ക്കൊപ്പം പ്രായപരിധി കുറയ്ക്കുന്ന ഭരണഘടനാ ഭേദഗതിയും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് തെലങ്കാന മുഖ്യമന്ത്രി ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്ന് പരിഹസിച്ച അദ്ദേഹം, മോദിയുടെ ‘മന്‍ കി ബാത്ത്’ റേഡിയോ പ്രസംഗം പോലെ ഒരു വശത്തുനിന്നുള്ള സംസാരിക്കല്‍ മാത്രമാണെന്നും കുറ്റപ്പെടുത്തി.നിലവില്‍ ഭരണഘടന അനുസരിച്ച് ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാനുള്ള കുറഞ്ഞ പ്രായം 25 ഉം രാജ്യസഭയിലേക്ക് 30 ഉം ആണ്. ഇത് ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം അത്യാവശ്യമാണ്. രാജ്യത്തെ യുവാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുകയാണ് ഈ നിര്‍ദേശത്തിലൂടെ തെലങ്കാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.The post ‘രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ജെന്‍സി’; തിരഞ്ഞെടുപ്പ് പ്രായപരിധി 21 ആയി കുറയ്ക്കണമെന്ന് രേവന്ത് റെഡ്ഡി appeared first on ഇവാർത്ത | Evartha.