തിരുവനന്തപുരം | സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികള്‍ ഒഴിവാക്കണമെന്നും ധനവകുപ്പ് നിര്‍ദ്ദേശം. അടുത്ത ബജറ്റ് മുന്നൊരുക്കത്തിനുള്ള സര്‍ക്കുലറിലാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ധനവകുപ്പിന്റെ ഈ നിര്‍ദ്ദേശം.ഭരണത്തിലേറി കേവലം രണ്ട് മാസത്തിനിടെ അഞ്ചു തവണകളായി 10,400 കോടി രൂപ സര്‍ക്കാര്‍ പൊതുവിപണിയില്‍ നിന്ന് കടമെടുത്തു. നടപ്പ് സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ സംസ്ഥാനത്തിന് കടമെടുക്കാവുന്ന ആകെ പരിധി 23,000 കോടി രൂപയാണ്. ഡിസംബര്‍ വരെയുള്ള കാലയളവിലേക്ക് അനുവദനീയമായതിന്റെ പകുതിയോളം കേവലം രണ്ട് മാസം കൊണ്ട് സര്‍ക്കാര്‍ വായ്പയെടുത്തു കഴിഞ്ഞു.പ്രതിപക്ഷത്തിരിക്കുമ്പോള്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ പൊതുകടമെടുപ്പിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച വി ഡി സതീശന്‍ ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഈ അവസ്ഥ.പത്ത് വര്‍ഷത്തെ ഇടത് ഭരണത്തില്‍ സംസ്ഥാനത്തിന്റെ പൊതുകടം ക്രമാതീതമായി വര്‍ദ്ധിച്ചുവെന്നായിരുന്നു യുഡിഎഫിന്റെ പ്രധാന ആരോപണം. അധികാരമേറ്റ ശേഷം പുറത്തിറക്കിയ സാമ്പത്തിക ധവളപത്രത്തിലും ഈ ആശങ്ക പ്രകടമാക്കിയിരുന്നു. എന്നാല്‍, പ്രായോഗിക തലത്തില്‍ അതേ കടമെടുപ്പ് രീതി തന്നെയാണ് സര്‍ക്കാരും പിന്തുടരുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.ലാഭമില്ലാത്ത പദ്ധതികള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശത്തിലൂടെ മുന്‍ യു ഡി എഫ് സര്‍ക്കാറിന്റെ നയങ്ങളിലേക്ക് വി ഡി സതീശന്‍ സര്‍ക്കാറും തിരിച്ചുപോവുകയാണെന്നാണ് വ്യക്തമാവുന്നത്. ചെലവ് കൂട്ടരുതെന്നും വകുപ്പുകളോട് ധനവകുപ്പ് നിര്‍ദേശിക്കുന്നു. പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റില്‍ കവിയരുതെന്നും നിര്‍ദേശം നല്‍കി. മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം. അധികം വരുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ടെന്നും പുതുതായി വരുന്ന ഒഴിവുകളിലേയ്ക്ക് നിയമിക്കാമെന്നും പറയുന്നു. ശമ്പള ചെലവ് കൃത്യമായി കണക്കാക്കണം. ചെലവില്‍ മുന്‍വര്‍ഷത്തെക്കാള്‍ കൂടുതലെങ്കില്‍ കാരണം വിശദീകരിക്കണമെന്നും പറയുന്നു.നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ റവന്യൂ വരുമാനം 33311.21 കോടിയായിരുന്നു. മുന്‍ വര്‍ഷത്തെക്കാള്‍ കൂടിയെങ്കിലും ചെലവും കടമെടുപ്പും കൂടി.പ്രതിപക്ഷ നേതാവായിരിക്കെ നികുതി പിരിവിനെ സംബന്ധിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ച വി ഡി സതീശന്‍ മുഖ്യമന്ത്രിയായപ്പോള്‍ നികുതി പിരിവില്‍ തന്റെ സ്വപ്‌ന പദ്ധതികളൊന്നും പ്രയോഗിക്കാന്‍ കഴിയുന്നില്ലെന്നാണ് വ്യക്തമാവുന്നത്. ഭരണം മാറിയെങ്കിലും ഖജനാവില്‍ പണം നിറഞ്ഞു തുടങ്ങിയില്ല. ഈ സാഹചര്യത്തിലാണ് ഞെരുക്കം പറഞ്ഞ് മുണ്ടു മുറുക്കാനും അടുത്ത സാമ്പത്തിക വര്‍ഷത്തിലും കണക്കു കൂട്ടി നീങ്ങാനും വകുപ്പുകള്‍ക്ക് ധനവകുപ്പിന്റെ സര്‍ക്കുലര്‍.അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് എസ്റ്റിമേറ്റ് യാഥാര്‍ഥ്യ ബോധത്തോടെ തയ്യാറാക്കണമെന്നും പറയുന്നു. ചെലവ് കൃത്യമായി കണക്കാക്കണമെന്നും മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുള്ള വ്യത്യാസത്തിന് കാരണം വ്യക്തമാക്കണമെന്നും പറയുന്നു. നികുതി, നികുതിയേതര കുടിശ്ശിക, അതിനുള്ള കാരണം, പിരിച്ചെടുക്കാന്‍ എടുത്ത നടപടികള്‍ എന്നിവ അറിയിക്കണം. ശമ്പളം ഒഴികെയുള്ള പദ്ധതിയേതര ചെലവ് മുന്‍ വര്‍ഷത്തില്‍ നിന്ന് കൂടരുത്.പദ്ധതികളെ വകുപ്പ് മേധാവികള്‍ വിമര്‍ശനാത്മകമായി വിലയിരുത്തണം. താല്‍ക്കാലിക ജീവനക്കാരെ നിലനിര്‍ത്തണോയെന്ന് വകുുപ്പുകള്‍ പരിശോധിക്കണമെന്നും പറയുന്നു.ശമ്പളത്തിനായുള്ള തുക, തസ്തികകളുടെയും ജീവനക്കാരുടെയും എണ്ണം, മുന്‍ വര്‍ഷത്തെക്കാള്‍ വ്യത്യാസം വന്നതിന്റെ കാരണം, യുജിസി ഉള്‍പ്പടെ സ്‌കെയില്‍ വാങ്ങുന്ന ജീവനക്കാരുടെ പട്ടിക എന്നിവയും ധനവകുപ്പ് ചോദിച്ചിട്ടുണ്ട്. സെപ്തംബര്‍ 20ന് മുമ്പ് അടുത്ത ബജറ്റിനുള്ള എസ്റ്റിമേറ്റ് നല്‍കാനാണ് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. Content Highlights:Kerala Finance Department issued a circular warning of a severe financial crisis and urged departments to stop unviable projects. The state borrowed Rs 10,400 crore in two months, reaching half its yearly limit. Departments were instructed to strictly control expenses for the upcoming budget.