ആന്തമാനിലെ ഊര് ജീവിതം

Wait 5 sec.

നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സാഹസികരായ സഞ്ചാരികളുടെ യാത്രാ വിവരണങ്ങളിലൂടെ ആന്തമാൻ നിക്കോബാർ ദ്വീപുകൾ ചരിത്രത്താളുകളിൽ സ്ഥാനം പിടിച്ചിരുന്നു. 1780 കൾക്ക് ശേഷമാണ് ബ്രിട്ടീഷുകാരുടെ സവിശേഷമായ ശ്രദ്ധ ഈ ദ്വീപ് സമൂഹങ്ങളിന്മേൽ പതിക്കുന്നത്. അന്നുതൊട്ട് ആന്തമാൻ നിക്കോബാർ ദ്വീപുകളുടെ ചരിത്രത്തിന്റെ ഗതി മാറി. ഈ മാറ്റത്തിന്റെ ശേഷിപ്പുകളും അനന്തര ഫലങ്ങളും ചരിത്രം, സംസ്‌കാരം, വികസനം, പരിസ്ഥിതി തുടങ്ങിയ സമസ്ത മേഖലകളിലും കാണാം. ഒരൊറ്റ ഉദാഹരണം പറയാം 2026 ലെ മൺസൂൺ തുടങ്ങിയിട്ട് 50 ദിവസങ്ങൾ കഴിഞ്ഞു തലസ്ഥാന നഗരിയായ പോർട്ട് ബ്ലയറിൽ പത്ത് മിനുട്ട് നീണ്ടുനിന്നൊരു മഴ ഇതുവരെയും പെയ്തിട്ടില്ല. കാലാവസ്ഥ മൊത്തത്തിൽ മാറിത്തുടങ്ങി.ആന്തമാൻ നിക്കോബാർ ദ്വീപുകളുടെ യഥാർഥ അവകാശികളും ശിലായുഗ സംസ്‌കാരത്തിന്റെ പിന്തുടർച്ചക്കാരെന്ന് കരുതപ്പെടുന്നവരുമായ സെന്റിനെലീസ്, ഓംഗ്സ്, ആന്തമാനീസ്, ജരവാസ് വിഭാഗങ്ങളെ കൂടാതെ മംഗ്ലോയിഡ് വിഭാഗങ്ങളിൽപ്പെട്ട നിക്കോബാറീസ്, ഷോംപെൻസ് ഗോത്ര വിഭാഗങ്ങളുടെ സാന്നിധ്യം കൊണ്ട് ചരിത്രാന്വേഷികൾക്കും നരവംശശാസ്ത്രജ്ഞർക്കും ആന്തമാൻ നിക്കോബാർ ദ്വീപുകൾ വളരെ പ്രധാനപ്പെട്ടതാണ്. മലബാറികളെ സംബന്ധിച്ച് മറ്റൊരു കാര്യവും കൂടിയുണ്ട്. 1921ലെ മലബാർ കലാപത്തിൽ പിടിക്കപ്പെട്ട് ആന്തമാനിലേക്ക് നാടുകടത്തപ്പെട്ട ഏറനാട്, വള്ളുവനാട് താലൂക്കിലെ മാപ്പിളമാർ ഇവിടെയെത്തിയിട്ട് ഒരു നൂറ്റാണ്ട് (1922-2022) പിന്നിട്ടിരിക്കുന്നു.ആയിരക്കണക്കിന് മലയാളികൾ ആന്തമാനിലുണ്ട്. ഇവരിൽ പലരും റിട്ടയർമെന്റിന് ശേഷം കേരളത്തിലേക്ക് മടങ്ങിപ്പോകുന്നവരും മടങ്ങാൻ ആഗ്രഹിക്കുന്നവരുമാണ്. ഇക്കൂട്ടത്തിൽ നിരവധി മലയാളികളായ എഴുത്തുകാരുമുണ്ട്. നാടോടി കഥകളുടെ സമാഹാരമായ “ആതേരിയൽ ആന്തമാൻ’ (2026) എന്ന ഇംഗ്ലീഷ് പുസ്തകമെഴുതിയ ഡോ. മഞ്ജു നായരുമായുള്ള സംഭാഷണങ്ങളിൽ നിന്നും അവരുടെ പുസ്തകത്തിൽ നിന്നും കിട്ടിയ രസകരമായ നാടോടി കഥകളും ഇതിന് പുറമേ ആന്തമാനിലെ നീണ്ട യാത്രാനുഭവങ്ങളുമെല്ലാം ചേർത്തുവെക്കുന്പോൾ അത്ഭുതകരമായ കഥാലോകം പിറക്കുന്നു.എയർസ്ട്രിപ്പ്പണ്ടൊരിക്കൽ ബിഗ് ലാപാട്ടി ഗ്രാമത്തിൽ നിന്നും കുജെറ്റ് എന്ന് പേരുള്ള ക്യാപ്റ്റന്റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന നിക്കോബാറി സംഘം റിപ്പബ്ലിക് ദിനപരേഡിൽ പങ്കെടുക്കാനായി ന്യൂഡൽഹിയിലെത്തി. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്്റു ഈ വിവരമറിയുകയും നിക്കോബാറികളെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവിടെത്തിയ നിക്കോബാറികൾ പ്രധാനമന്ത്രിയുടെ വേഷശൈലിയെയും, ഷെർവാനിയെയും, കോട്ടിനെ അലങ്കരിച്ച റോസാപ്പൂവിനെയും പ്രശംസിച്ചു. ഇവർ തമ്മിലുള്ള സംസാരത്തിനിടയിൽ നിക്കോബാർ ദ്വീപിൽ ഒരു എയർസ്ട്രിപ്പ് നിർമിക്കുന്നതിനെക്കുറിച്ചും ഭൂമി വിട്ടുനൽകുന്നതിനെ കുറിച്ചും പ്രധാനമന്ത്രി നെഹ്്റു സംസാരിച്ചപ്പോൾ നിക്കോബാറികൾ പെട്ടെന്ന് സ്തബ്ദരായിപ്പോയി. അവരുടെ അനിഷ്ടം മനസ്സിലാക്കിയ നെഹ്്റു ഭൂമിക്ക് പകരമായി എന്ത് വേണമെന്ന് നിക്കോബാറികളോട് ചോദിച്ചപ്പോൾ കുജെറ്റ് സാവധാനം പറഞ്ഞു: “നെഹ്രുജി, നിങ്ങൾ ധരിച്ചിരിക്കുന്ന റോസാപ്പൂവുള്ള ഒരു കോട്ട് ഞങ്ങൾക്ക് വേണം.’നിക്കോബാറീസുകളുടെ ഈ നിഷ്‌കളങ്കമായ അഭ്യർഥന നെഹ്്റുവിനെ വളരെയധികം ആനന്ദിപ്പിച്ചു. നെഹ്്റു പുതിയ കോട്ട് തയ്യാറാക്കി ക്യാപ്റ്റൻ കുജെറ്റിന് സമ്മാനിച്ചു. നിക്കോബാറികൾക്ക് നഷ്ടമായത് ഭൂമി മാത്രമല്ല അവർക്ക് തെങ്ങുകളോട് ഉണ്ടായിരുന്ന വൈകാരികവും സാംസ്‌കാരികവുമായ ബന്ധവും കൂടിയാണ്. എയർസ്ട്രിപ്പിന് വേണ്ടി തെങ്ങുകൾ മുറിച്ചുമാറ്റുന്നത് വളരെ വേദനയോടെയായിരുന്നു ദ്വീപിലുള്ളവർ നോക്കിനിന്നത്. പിന്നീട് അധികം താമസിയാതെ നിക്കോബാറിൽ മനോഹരമായ എയർസ്ട്രിപ്പ് നിർമിച്ചു. 2004 ലെ സുനാമിക്കാലത്ത് ജെട്ടികൾ നശിച്ചതിനാൽ ജലഗതാഗതം തടസ്സപ്പെട്ടു. വിമാനങ്ങളിലൂടെ മാത്രമേ മരുന്നുകളും ആവശ്യവസ്തുക്കളും എത്തിക്കാൻ കഴിഞ്ഞുള്ളൂ. ഈ എയർസ്ട്രിപ്പ് ഒരു അത്യാവശ്യഘട്ടത്തിൽ നിക്കോബാറികൾക്ക് തന്നെ ഉപകാരപ്പെട്ടു.നിശബ്ദ ബാർട്ടർ സമ്പ്രദായംതദ്ദേശീയരായ ഗോത്രവർഗക്കാരാണ് ഷോംപെൻ. ലോകമെമ്പാടുമുള്ള കൊടും കാടുകളിൽ ഇന്നും ജീവിക്കുന്ന ഗോത്രവർഗങ്ങളിൽ ഏറ്റവും സമാധാനപ്രിയരായി ഷോംപെൻമാരെ കണക്കാക്കുന്നു. അതോടൊപ്പം കാടിനോട് വൈകാരികമായ അടുപ്പം പുലർത്തുകയും പരിഷ്‌കൃത സമൂഹത്തിൽ നിന്നും കുറച്ച് അകന്നു മാറി നിൽക്കുകയും ചെയ്യുന്നവരാണ്. നിക്കോബാറികളുമായി നേരിട്ടുള്ള ബന്ധമില്ലെങ്കിലും ഇവർക്കിടയിൽ “നിശബ്ദ കൈമാറ്റം’ എന്ന പ്രാചീന രീതിയിൽ “വ്യാപാരം’ നടത്തുന്നു. റോഡിനരികിലെ ഒരു തൂണിൽ ചെമ്മീൻ, കിഴങ്ങ്, തേൻ എന്നിവ തൂക്കിവെച്ചുകൊണ്ട് ഷോംപെൻമാർ കാടിനകത്തെ മരങ്ങൾക്ക് പിന്നിൽ ഒളിച്ചിരുന്ന് ഈ സാധനങ്ങളെ നിരീക്ഷിക്കുന്നു.സന്ധ്യാസമയത്തോടെ നിക്കോബാറികൾ അതേ തൂണിൽ തേങ്ങ, വസ്ത്രങ്ങൾ, പാത്രങ്ങൾ, പുകയില എന്നിവ തൂക്കിയിടുന്നു. പകരമായി ആവശ്യമുള്ളത്ര ചെമ്മീൻ, കിഴങ്ങ്, തേൻ എന്നിവ എടുക്കുന്നു. അടുത്ത ദിവസം ഷോംപെൻമാർ തിരിച്ചെത്തി അവശേഷിച്ച സാധനങ്ങൾ പരിശോധിക്കുന്നു. അതിന് ശേഷം തങ്ങൾക്ക് ആവശ്യമായവ മാത്രം എടുത്ത് ശേഷിച്ചവ അതേപടി ഉപേക്ഷിക്കുന്നു. ഷോംപെൻമാർ സാധനങ്ങൾ ഒന്നും സ്വീകരിക്കാതെ നിന്നാൽ അതിനർഥം നിക്കോബാറികൾ സാധനങ്ങൾ കൂടുതൽ കൊടുക്കണമെന്നാണ്. ക്യാമ്പ്‌ബെൽ ബേയുടെ തീരപ്രദേശങ്ങളിൽ ഇങ്ങനെ വിഭവങ്ങൾ കൈമാറുന്ന രീതി ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.കാനോപണ്ടുകാലങ്ങളിൽ അന്യനാടുകളിൽ അല്ലെങ്കിൽ മറ്റ് ദ്വീപുകളിൽ ആൾത്താമസമുണ്ടോ എന്നറിയാനായി ദ്വീപുനിവാസികൾ വഞ്ചികളിൽ അഥവാ കാനോകളിൽ നിറയെ ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെയുള്ള വിഭവങ്ങൾ നിറച്ച് കടലിലേക്ക് ഒഴുക്കിവിടുന്ന പതിവുണ്ടായിരുന്നു. ഇത് സംബന്ധിച്ചൊരു കഥയാണ് ഇനി പറയുന്നത്.കാർ ദ്വീപുകളിൽ താമസിക്കുന്നവർ സമാധാനപ്രിയരും സ്‌നേഹമുള്ളവരും പരിശ്രമശാലികളുമാണ്. അവരുടെ ലോകം പ്രിയപ്പെട്ട ദ്വീപുകളായിരുന്നു, അവയെ “പാ – നം’ എന്ന് വിളിച്ചു – അർഥം “അവരുടെ ലോകം’. കടലിൽ ചിലപ്പോഴൊക്കെ പക്ഷികളുടെ രൂപമുള്ള ചെറുനൗകകൾ കാണപ്പെടുമായിരുന്നു. അതിനെ അവർ “കാനോ കാനോ’ എന്ന് വിളിച്ചു – അർഥം “നിക്കോബാറി വഞ്ചി’. ഒരിക്കൽ ദ്വീപുകാർ ഒരു ചെറു വഞ്ചി നിർമിച്ചു, അതിൽ മണ്ണും കിഴങ്ങുകളും നിലക്കടലയുടെ വിത്തുകളും നിറച്ച് കാറ്റിന്റെ ദിശയിൽ തെക്കോട്ട് അയച്ചു. കുറച്ച് ദിവസങ്ങൾക്കു ശേഷം ആ വഞ്ചി പതുക്കെ അപ്രത്യക്ഷമായി, കാലക്രമേണ എല്ലാവരും ആ വഞ്ചിയെ മറന്നു.മൺസൂൺ തുടങ്ങി. ഇത്തവണത്തെ മഴയിൽ അവരുടെ വഞ്ചി തിരിച്ചുവന്നു. മണ്ണും കിഴങ്ങുകളും നശിച്ചിരിക്കാമെങ്കിലും, നിലക്കടലയുടെ സ്ഥാനത്ത് ചെറിയ മൺചട്ടികൾ ഉണ്ടായിരുന്നത് ദ്വീപിലുള്ളവരെ അത്ഭുതപ്പെടുത്തി. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ഒരു വൃദ്ധൻ ദ്വീപുകാരോട് പറഞ്ഞു “സമീപ ദ്വീപുകളിൽ ആളുകൾ താമസിക്കുന്നുണ്ട്, അവരെ അന്വേഷിക്കണം.’ എല്ലാവരും അത് സമ്മതിച്ചു. ഒടുവിൽ ശുഭദിനം എത്തി. കിഴങ്ങുകൾ, പഴങ്ങൾ, മറ്റ് ആവശ്യ സാധനങ്ങൾ എന്നിവ കൊണ്ട് കാനോകൾ നിറച്ചു. പ്രാർഥനകളും മംഗളനാദങ്ങളും നടത്തിയതിന് ശേഷം യാത്ര തുടങ്ങി.മുഴുവൻ സമുദ്ര തീരങ്ങളിലൂടെയും യാത്ര കടന്നുപോയെങ്കിലും എവിടെയും ഒരു ദ്വീപിന്റെ ലക്ഷണവും കാണാനായില്ല. പിറ്റേന്ന് സൂര്യൻ ഉദിച്ചതോടെ ഒരു ദ്വീപിന്റെ തീരം കണ്ടപ്പോൾ സന്തോഷത്തോടെ കടൽത്തീരത്തേക്ക് അവർ ചാടിയിറങ്ങി. ചൗര നിവാസികൾ താമസിക്കുന്ന ചെറിയ ദ്വീപായിരുന്നു. സന്ദർശകർ സൗഹൃദത്തിന്റെ ചിഹ്നമായി കിഴങ്ങുകളും ചട്ടികളും കാണിച്ചു. അതിനാൽ അവർക്ക് ആവേശകരമായ സ്വീകരണം ലഭിച്ചു. ദ്വീപുനിവാസികൾ പരസ്പരം പഴങ്ങൾ, ഉണക്കപ്പഴങ്ങൾ, പുകയില എന്നിവ കൈമാറി. മടങ്ങുമ്പോൾ വലിയ മൺചട്ടികൾ കാനോകളിൽ നിറച്ചു. സന്ദർശകർ സന്തോഷത്തോടെ കാർ ദ്വീപുകളിലേക്ക് മടങ്ങിപ്പോന്നു.ആന്തമാനിലെ ആദിമ ജനതയുടെ ചരിത്രവും സംസ്കാരവും ജീവിതവും വളരെയേറെ വ്യത്യസ്തവും ലളിതവുമായിരുന്നു. സാമൂഹികവും പ്രകൃതി ദത്തവുമായ സഹവർത്തിത്വമായിരുന്നു ഊര് ജീവിതത്തിന്റെ അടിസ്ഥാനം. ഇന്നും ഒരു തേങ്ങ മാത്രം കാണിച്ചാൽ മതിയാകും സെന്റിനെലീസ് ഗോത്ര വിഭാഗങ്ങൾ പോലും നമ്മളോട് വളരെയേറെ സൗഹാർദം കാണിക്കും. അത്രയും നിഷ്കളങ്കമാണ് അവരുടെ ലോകവും ജീവിതവും കഥകളുമൊക്കെ. ഇത് മനസ്സിലാകണമെങ്കിൽ നമ്മൾ അവരെ പഠിപ്പിക്കുന്നതിന് പകരം അവരിൽ നിന്നും പലതും പഠിക്കാനുള്ള ക്ഷമയും സ്നേഹവും വിവേകവും കാണിച്ചാൽ മതിയാകും.(കടപ്പാട്: ഡോ. മഞ്ജു നായർ,ഭാസ്‌കര റാവു, മുത്തു പാണ്ടി.)Content Highlights:The Andaman and Nicobar Islands hold a rich tribal, cultural, and historical heritage, including connections to the 1921 Malabar rebellion. The tribes practice unique traditions like the Shompen silent barter trade. Today, changing weather and modern developments impact these untouched islands.