പാറ്റകള്‍ക്ക് അടിയറ പറഞ്ഞ് കേന്ദ്രം

Wait 5 sec.

ഒടുവില്‍ പാറ്റകള്‍ക്കു മുമ്പില്‍ മുട്ടുമടക്കേണ്ടി വന്നു ധര്‍മേന്ദ്ര പ്രധാനും കേന്ദ്ര സര്‍ക്കാറിനും.നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കത്തിപ്പടര്‍ന്ന ആഴ്ചകള്‍ നീണ്ട പ്രക്ഷോഭത്തെ പ്രതിരോധിക്കാനാകാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെച്ചൊഴിയേണ്ടി വന്നു.പരീക്ഷാ ക്രമക്കേടിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നായിരുന്നു കോക്രോച്ച് ജനതാ പാര്‍ട്ടി(സി ജെ പി)യുടെയും വിദ്യാര്‍ഥി സമൂഹത്തിന്റെയും മുഖ്യ ആവശ്യം. ഏകാധിപത്യത്തിന്റെ പരാജയവും ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വിജയവുമെന്നാണ് രാജിയെക്കുറിച്ചുളള സി ജെ പിയുടെ പ്രതികരണം.വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവും സാമൂഹിക പ്രവര്‍ത്തകനുമായ സോനം വാംഗ് ചുകിന്റെ നിരാഹാര സമരം വാര്‍ത്താപ്രാധാന്യം നേടിയതോടെ സമരവേദിയിലേക്ക് യുവജനങ്ങള്‍ ഒഴുകി. വിദ്യാര്‍ഥി സംഘടനകളും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സും ഇതര പ്രതിപക്ഷ പാര്‍ട്ടികളും പാര്‍ലിമെന്റിനകത്തും പുറത്തും സമരത്തിനു പിന്തുണയുമായി രംഗത്തു വന്നു. അതോടെ പ്രശ്‌നത്തില്‍ മൗനം പാലിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണവുമായി രംഗത്തെത്തി. സമരം കരുത്താർജിച്ചപ്പോഴും വിദ്യാഭ്യാസ മന്ത്രിയുടെ രാജി വേണ്ടെന്നും അതൊഴികെ സമരക്കാരുടെ മറ്റാവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്നുമായിരുന്നു കേന്ദ്ര നിലപാട്. വിഷയം രാജിയിലേക്കെത്താതെ പരിഹരിക്കാന്‍ മോദി സര്‍ക്കാര്‍ അടവുകള്‍ പതിനെട്ടും പയറ്റി. വകുപ്പ് മാറ്റി ധര്‍മേന്ദ്ര പ്രധാനെ രക്ഷപ്പെടുത്താനുള്ള ശ്രമമുണ്ടായി. പ്രക്ഷോഭകരെ തണുപ്പിക്കാന്‍ പരീക്ഷാ ചോര്‍ച്ച തടയുന്നതിനുള്ള പ്രത്യേക ബില്ല് പാര്‍ലിമെന്റില്‍ അവതരിപ്പിക്കുകയും എന്‍ ടി എയില്‍ നിന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 47 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയും ചെയ്തു. എങ്കിലും രാജിയില്‍ കുറഞ്ഞൊന്നും സമ്മതമല്ലെന്ന സമരക്കാരുടെ നിലപാടില്‍ സര്‍ക്കാറിനു കീഴടങ്ങേണ്ടി വന്നു.മോദി ഭരണത്തിലെ 12 വര്‍ഷത്തിനിടെ ആദ്യമായാണ് മുതിര്‍ന്ന ബി ജെ പി നേതാവായ കേന്ദ്ര മന്ത്രിയുടെ രാജി. പാര്‍ട്ടിയിലും സര്‍ക്കാറിലും കരുത്തനാണ് ഒഡിഷയില്‍ നിന്നുളള ആർ എസ് എസ് നേതാവായ ധര്‍മേന്ദ്ര പ്രധാന്‍. 2012 മുതല്‍ പാര്‍ലിമെന്റില്‍ ബി ജെ പിയെ പ്രതിനിധീകരിക്കുന്ന പ്രധാന്‍, നേരത്തേ പെട്രോളിയം- പ്രകൃതി വാതക മന്ത്രി, ഉരുക്ക് മന്ത്രി, ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.കേന്ദ്രീകൃത പരീക്ഷാ നടത്തിപ്പ് ഏജന്‍സിയായ എന്‍ ടി എ (നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി) യുടെ അനാസ്ഥയും സുതാര്യമില്ലായ്മയുമാണ് കേന്ദ്ര സര്‍ക്കാറിനെ വിറപ്പിച്ച സമരത്തിനു വഴിവെച്ചത്. പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച, മൂല്യനിര്‍ണയത്തിലെ അപാകത, പരീക്ഷാ കേന്ദ്രങ്ങളില്‍ വ്യാപകമായ ക്രമക്കേടുകള്‍ തുടങ്ങി നിരവധി ഗുരുതര പ്രശ്‌നങ്ങളാണ് എന്‍ ടി എയുടെ നേതൃത്വത്തില്‍ നടക്കുന്ന, ദശലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പരീക്ഷകളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ണായക ചുമതലകള്‍ സ്വകാര്യ ഏജന്‍സികള്‍ക്കു കൈമാറിയതും ചോദ്യപേപ്പര്‍ വിതരണത്തിലും സൂക്ഷിപ്പിലും കാണിച്ച അശ്രദ്ധയുമാണ് ഇതിനു വഴിയൊരുക്കിയത്. കേന്ദ്രീകൃത പരീക്ഷാ സംവിധാനം കാര്യക്ഷമത വര്‍ധിപ്പിക്കുമെന്ന അവകാശവാദത്തോടെയാണ് എന്‍ ടി എ തുടങ്ങിയത്. ഇപ്പോഴത് പരീക്ഷാ സമ്പ്രദായത്തിലുള്ള വിശ്വാസ്യത തന്നെ തകര്‍ക്കുകയാണ്.മേയ് 15ന് അഭിഭാഷകരുടെ വ്യാജസര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഒരു കേസില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, തൊഴിലില്ലാത്ത യുവാക്കളെ “പാറ്റകള്‍’ എന്നും “പരോന്നഭോജികളെ’ന്നും പരിഹാസ രൂപേണ വിശേഷിപ്പിച്ചതാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പിറവിക്ക് നിമിത്തമായത്. സ്വാഭാവികമായും തൊഴില്‍രഹിതരായ യുവാക്കളെ ഇത് വല്ലാതെ വേദനിപ്പിച്ചു.അഭിജിത് ദീപ്‌കെ എന്ന യുവ രാഷട്രീയ തന്ത്രജ്ഞന്‍ “തൊഴില്‍രഹിതരുടെയും മടിയന്മാരുടെയും ശബ്ദം’ എന്ന ടാഗ്‌ലൈനോടെ ഒരു വെബ്‌സൈറ്റ് ആരംഭിച്ചാണ് ചീഫ് ജസ്റ്റിസിന്റെ അമാന്യമായ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചത്. യുവാക്കള്‍ക്കിടയില്‍ ഇത് വന്‍സ്വാധീനം നേടി. അഞ്ച് ദിവസം കൊണ്ട് പത്ത് ദശലക്ഷം ഫോളോവേഴ്‌സാണ് ഈ മൂവ്‌മെന്റ്നേടിയത്. തുടർന്ന് ഇത് കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന പേര് സ്വീകരിച്ചു. ഇന്നിപ്പോള്‍ അജയ്യമെന്ന് ഊറ്റം നടിച്ചിരുന്ന കേന്ദ്ര സര്‍ക്കാറിനെ വിറപ്പിച്ച ജനകീയ കൂട്ടായ്മയായി ഇത് വളര്‍ന്നിരിക്കയാണ്.രാജ്യത്തിന്റെ ഭാവിനിര്‍ണയിക്കുന്ന സുപ്രധാന ഘടകവും അടിത്തറയുമാണ് വിദ്യാഭ്യാസം. ഈ അടിത്തറയില്‍ അഴിമതിയുടെയും ക്രമക്കേടിന്റെയും കരിനിഴല്‍ വീഴുന്നത് വിദ്യാര്‍ഥി സമൂഹത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കും.അഹോരാത്രം കഠിനാധ്വാനം ചെയ്ത് പഠിക്കുന്ന വിദ്യാര്‍ഥികളുടെ അധ്വാനത്തിന് വിലയില്ലാത്ത അവസ്ഥ ഏതോരു ജനാധിപത്യ രാജ്യത്തിനും നാണക്കേടും ആപത്കരവുമാണ്. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും ഒരു സാങ്കേതിക വീഴ്ചയെന്ന മട്ടില്‍ ചെറുതായി കാണരുത്. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ യുവതലമുറയുടെ അര്‍പ്പണബോധത്തിന്മേല്‍ ഏല്‍ക്കുന്ന കടുത്ത ആഘാതമാണത്. പരീക്ഷാ സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കാനും കുറ്റമറ്റതാക്കാനുമുള്ള ഒരു ഓർമപ്പെടുത്തലാകണം ധര്‍മേന്ദ്ര പ്രധാന്റെ രാജി.എന്‍ എ ടി പോലുള്ള സ്ഥാപനങ്ങളുടെ സുരക്ഷാവീഴ്ചകള്‍ പരിഹരിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചോര്‍ച്ചയില്ലാത്തതും വിശ്വസനീയവുമായ പരീക്ഷാ സംവിധാനം രാജ്യത്ത് പുനഃസ്ഥാപിക്കാന്‍ ഇത് വഴിതുറക്കേണ്ടതുണ്ട്. വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ തങ്ങള്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ടെന്ന കാര്യം ഭരണകൂടം മറക്കരുത്.