ഈ സ്വാതന്ത്ര്യദിനത്തിന് മധുരം കൂടും

Wait 5 sec.

ഇന്ത്യയില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനില്‍ക്കും എന്നതിനുള്ള ഉറപ്പായി മാറിയിരിക്കുന്നു സി ജെ പി സമരത്തിന്റെ വിജയം. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിന് ഇത് കൂടുതല്‍ മധുരം നല്‍കുന്നുണ്ട്. എന്തെല്ലാമാണ് ഈ സമരത്തിന്റെ പ്രത്യേകതകള്‍? ഭരണകൂടത്തെ മാത്രമല്ല പ്രതിപക്ഷത്തെയും എന്താണ് അവരുടെ കടമകള്‍ എന്ന് ഓർമിപ്പിക്കുകയാണ് ഈ സമരം.എന്തിനു വേണ്ടിയാണ് രണ്ട് നൂറ്റാണ്ട് കാലം ഇന്ത്യന്‍ ജനത സമരം നടത്തി ബിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത്? ആ സമരങ്ങളുടെ ആവേശം ഉള്‍ക്കൊണ്ടുകൊണ്ടാണ് ലോകത്തെ ഏറ്റവും വലുതും ജനകീയവുമായ ഒരു ഭരണഘടനാ ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ നമ്മള്‍ ഉണ്ടാക്കിയത്. ആ ഭരണഘടനയില്‍ കൃത്യമായി പറയുന്നുണ്ട് എന്താണ് സ്വാതന്ത്ര്യം എന്ന്. എന്തെല്ലാമാണ് മൗലികാവകാശങ്ങള്‍, പൗരാവകാശങ്ങള്‍, ഇവ സംരക്ഷിക്കാന്‍ വേണ്ടിയുള്ള ഭരണകൂടത്തിന്റെ വിവിധ ഘടകങ്ങള്‍, അവരുടെയെല്ലാം ചുമതലകള്‍ എന്നിവയും വ്യക്തമായി നിർവചിച്ചിട്ടുണ്ട്. ഇവ ലംഘിക്കപ്പെട്ടാല്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാനുള്ള അവകാശവും ഇതിന്റെ ഭാഗമാണ്. പിന്നീട് കോടതികള്‍ തന്നെ ഈ ഓരോ അവകാശങ്ങളുടെയും യഥാർഥ അർഥതലങ്ങള്‍ വിശദമായി വിവരിക്കുന്നുണ്ട്.അതില്‍ ഏറ്റവും പ്രധാനമാണ് അനുച്ഛേദം 22ല്‍ നല്‍കുന്ന ജീവിക്കാനുള്ള അവകാശം.അതില്‍ വായുവും വെള്ളവും കൂടി പെടുന്നുണ്ട്. ജനാധിപത്യത്തിന്റെ ആണിക്കല്ലാണ് അനുഛേദം 19 ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യങ്ങള്‍. സംഘടിക്കാനും അഭിപ്രായപ്രകടനം നടത്താനും സഞ്ചരിക്കാനുമെല്ലാം ഇത് വഴി നമുക്ക് കഴിയും. ജാതി മത സാമൂഹിക സാമ്പത്തിക രീതികളില്‍ വളരെയധികം അസമത്വങ്ങളും അനീതികളും ചരിത്രപരമായി തന്നെയുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ ഈ ഭരണഘടന പ്രാവര്‍ത്തികമാകണമെങ്കില്‍ സമൂഹത്തില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ വരണം എന്ന് പറഞ്ഞത് അതിന്റെ ശിൽപ്പിയായ അംബേദ്കര്‍ തന്നെയാണ്.അനുച്ഛേദം 14ല്‍ പറഞ്ഞ എല്ലാവരും തുല്യരാണെന്ന വാഗ്ദാനം നടപ്പാക്കാന്‍ എങ്കില്‍ മാത്രമേ കഴിയൂ. അതായത് സമൂഹത്തിലെ വലിയൊരു വിഭാഗത്തിനും സ്വാതന്ത്ര്യം അനുഭവവേദ്യമാകണമെങ്കില്‍ വലിയ മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകണം. സ്വാതന്ത്ര്യം നേടി എട്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ നമ്മുടെ മുന്നില്‍ ഈ ലക്ഷ്യങ്ങള്‍ എത്രമാത്രം നേടി എന്ന് പരിശോധിക്കേണ്ടതുണ്ടല്ലോ. സ്വാതന്ത്ര്യദിനം കേവലം ഒരു ആഘോഷം മാത്രമാക്കി ചുരുക്കിയാല്‍ പോരല്ലോ.ജനാധിപത്യം എന്നത് ചിലപ്പോളെല്ലാം ഒരു തമാശ മാത്രമാകുന്നു. തിരഞ്ഞെടുപ്പുകളില്‍ തീരുമാനിക്കപ്പെടുന്നത് ആര് നമ്മളെ കൊള്ളയടിക്കണം, അടിച്ചമര്‍ത്തണം എന്നാകുന്നു. മനുഷ്യരെ ജാതി- മതാടിസ്ഥാനങ്ങളില്‍ വേര്‍തിരിച്ചുകൊണ്ട് രാഷ്ട്രീയമെന്നത് ഇല്ലാതാക്കുന്നു. ജനാധിപത്യത്തിന്റെ അന്തസ്സത്ത ഭൂരിപക്ഷത്തിന്റെ ഏകാധിപത്യമല്ല ന്യൂനപക്ഷത്തിന്റെ അവകാശങ്ങളുടെ സംരക്ഷണം കൂടിയാണ് എന്നത് മറന്നു പോയിരിക്കുന്നു.ഭരണഘടനയുടെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട എല്ലാ സ്ഥാപനങ്ങളും തകര്‍ത്തെറിയപ്പെടുന്നു. സുപ്രീം കോടതിയിലെ നാല് സിറ്റിംഗ് ജഡ്ജിമാര്‍ പരസ്യമായി പത്രസമ്മേളനം നടത്തിയത് നാം കണ്ടു. അവസാനത്തെ ആശ്രയമായി കരുതപ്പെടുന്ന നീതിപീഠം മാത്രമല്ല ജനാധിപത്യത്തിന്റെ അടിസ്ഥാനമായ തിരഞ്ഞെടുപ്പ് നടത്തുന്ന കമ്മീഷന്‍ പോലും ഒരു രാഷ്ട്രീയകക്ഷിയുടെ നിയന്ത്രണത്തിലെന്നു വരുന്നു. തങ്ങള്‍ ചെയ്യുന്ന വോട്ടുകള്‍ ആര്‍ക്കാണ് പോകുന്നതെന്ന സംശയം ജനങ്ങളില്‍ ഉണ്ടാകുന്നു. ലക്ഷക്കണക്കിന് ജനങ്ങളുടെ വോട്ട് ചെയ്യാനുള്ള അവകാശം തന്നെ നിഷേധിക്കപ്പെടുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പരസ്യമായി ലേലത്തില്‍ വെക്കപ്പെടുന്നു. അഴിമതി ഒരു കുറ്റമേയല്ല എന്ന് വരുന്നു. കോര്‍പറേറ്റുകള്‍ക്ക് പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാനുള്ള അവസരങ്ങള്‍ ഒരുക്കുന്നതിനായി സര്‍ക്കാറുകളും പാര്‍ട്ടികളും മത്സരിക്കുന്നു. അതാണ് “നിക്ഷേപകസൗഹൃദം’ എന്ന് വ്യാഖ്യാനിക്കപ്പെടുന്നു. ഒരു ഘട്ടത്തില്‍ അടിയന്തരാവസ്ഥ എന്ന കുഴിയില്‍ വീണ ഇന്ത്യയെ ജനങ്ങള്‍ തന്നെ തിരിച്ചുകൊണ്ടു വന്നതാണ്. പക്ഷേ ഇനി അതുപോലും സാധ്യമാകാത്ത വിധത്തിലാണ് തിരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ തന്നെ മാറ്റപ്പെടുന്നത്.സമഗ്രാധിപത്യരീതിയില്‍ മുന്നോട്ടു പോകുന്ന ഒരു സര്‍ക്കാറിനെതിരെ പ്രതിപക്ഷം ഒരു പരിധി വരെ നിസ്സഹായരാണെന്നു തോന്നിയ ഘട്ടത്തിലാണ് നാളെയെക്കുറിച്ച് വേവലാതിപ്പെടുന്ന ഒരു കൂട്ടം യുവത സമരത്തിനെത്തുന്നത്. അവര്‍ക്കു നേതാവില്ലെന്നും പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലമില്ലായെന്നും അവരൊക്കെ രാജ്യദ്രോഹികളും വിധ്വംസകശക്തികളുടെ പിണിയാളുകളുമാണെന്നും വിമര്‍ശങ്ങള്‍ ഉയര്‍ന്നു. തന്നെയുമല്ല ശത്രുരാജ്യത്തെ സൈനികരോടെന്ന പോലെ അവരെ പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. അവര്‍ ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ. അനേക വർഷങ്ങളായി തങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടം അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് എന്തെങ്കിലും ഉത്തരവാദിത്വമുണ്ടെന്ന് സംശയിക്കുന്നവരെ അത് ബോധ്യപ്പെടുത്താൻ ഈ കുട്ടികള്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഇത് തന്നെയാണ് ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പടും എന്ന പ്രതീക്ഷ നല്‍കുന്ന ഒരേയൊരു ഘടകം.നമ്മള്‍ തിരഞ്ഞെടുത്ത ഭരണകൂടത്തിന് നമ്മോട് ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്ന് അവരെ ബോധ്യപ്പെടുത്താൻ ഇവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഇതു കേവലം ഒരു മന്ത്രിയുടെ രാജി മാത്രമല്ല എന്നർഥം. ഇതിനു തയ്യാറല്ലെങ്കില്‍ സമരത്തിന്റെ മുന പ്രധാനമന്ത്രിയില്‍ എത്തും എന്ന സ്ഥിതി വന്നപ്പോഴാണ് ഈ “മഹാത്യാഗത്തിനു’ മോദി തയ്യാറായത്. അഞ്ചാഴ്ചയോളം സമരം നീണ്ടു നിന്ന്, അതിനിടക്കൊന്നും ഒരക്ഷരം പറയാത്ത പ്രധാനമന്ത്രിക്ക് ഒരു രാത്രി ബോധോദയം ഉണ്ടായതെങ്ങനെയാണ്.കേവലം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ജയാപജയങ്ങള്‍ മാത്രം നോക്കിയാകരുത് കക്ഷികള്‍ പ്രവര്‍ത്തിക്കേണ്ടത് എന്നാണ് പ്രതിപക്ഷത്തോടും പാറ്റകള്‍ പറയുന്നത് എന്നവര്‍ മനസ്സിലാക്കിയാല്‍ നന്ന്. ഒരു സീറ്റിനു വേണ്ടി പരസ്പരം മല്ലടിച്ച് വര്‍ഗീയ ഫാസിസത്തെ സഹായിക്കുന്ന രീതി തുടര്‍ന്നാല്‍ ഞങ്ങള്‍ രംഗത്തു വരും. അങ്ങനെ വന്നാല്‍ മറ്റു പല രാജ്യങ്ങളിലുമെന്ന പോലെ ഇവിടെയും മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഇവര്‍ക്ക് കഴിയും എന്നും ഈ സമരം പറയുന്നുണ്ട്. Content Highlights:The victory of the CJP youth protest serves as a powerful reminder of the strength of Indian democracy and constitutional rights. It forces both the ruling government and the opposition to recognize their core duties toward the people. The movement brings renewed hope for safeguarding civil liberties as the nation celebrates Independence Day.