കേരള സാഹിത്യോത്സവിന് കിഴക്കിന്റെ വെനീസിൽ പതാക ഉയർന്നു

Wait 5 sec.

കായംകുളം | ‘അപ് ഓൺ ദി ബി-കോസ്’ എന്ന പ്രമേയത്തിൽ നടക്കുന്ന മുപ്പത്തിമൂന്നാമത് കേരള സാഹിത്യോത്സവിന്റെ (SSF Sahithyotsav) വേദികളുണർന്നു. ഇരുന്നൂറോളം മത്സരയിനങ്ങളിലായി 18 സംഘടനാ ജില്ലകളിൽ നിന്ന് മൂവായിരത്തിലധികം പ്രതിഭകൾ മാറ്റുരക്കുന്ന സാഹിത്യോത്സവിന് (Kerala Sahithyotsav) പ്രധാന നഗരിയിൽ സ്വാഗത സംഘം ചെയർമാൻ സയ്യിദ് ഹാമിദ് കോയ ബാഫഖി പതാക ഉയർത്തി.എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ, ജനറൽ സെക്രട്ടറി ഡോ. ടി അബൂബക്കർ, സയ്യിദ് അബ്ദുന്നാസിർ തങ്ങൾ, അബ്ദുർറഷീദ് കരുമാടി, എ കെ എം ഹാഷിർ സഖാഫി, എം എസ് ജുനൈദ് എന്നിവർ സംബന്ധിച്ചു. ‘സോഷ്യൽ മീഡിയ ഇടപെടൽ, മാധ്യമ സ്വാതന്ത്ര്യം, ആക്ടിവിസം’ എന്ന ശീർഷകത്തിൽ മാധ്യമ പ്രവർത്തകൻ സനീഷ് ഇളയിടത്ത്, ഇർഷാദ് കാസർഗോഡ് സംസാരിച്ചു. സാംസ്കാരിക ചർച്ചകൾ, സംവാദങ്ങൾ, എജ്യൂസൈൻ കരിയർ എക്സ്പോ, പുസ്തകലോകം തുടങ്ങി വിവിധ പരിപാടികൾ സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും.കേരള സാഹിത്യോത്സവിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ ശനി രാവിലെ 10ന് മുതിർന്ന മാധ്യമ പ്രവർത്തകൻ പരൻജോയ് ഗുഹ താക്കുർത നിർവഹിക്കും (Cultural Event Kayamkulam). പ്രമുഖ കന്നഡ കവി കമലാകർ ഭട്ട് മുഖ്യാതിഥിയാകും. സമസ്ത കേന്ദ്ര മുശാവറാ അംഗം കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം 33-ാമത് കേരള സാഹിത്യോത്സവ് അവാർഡ് ടി ടി ശ്രീകുമാറിന് സമ്മാനിക്കും. കെ പി രാമനുണ്ണി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്‌ദൽ, ജനറൽ സെക്രട്ടറി ഡോ. ടി അബൂബക്കർ സംബന്ധിക്കും.26ന് നടക്കുന്ന സമാപന സംഗമത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എക്സൈസ് വകുപ്പ് മന്ത്രി എം ലിജു, എസ് എസ് എഫ് ഇന്ത്യ പ്രസിഡന്റ് സി പി ഉബൈദുള്ള സഖാഫി സംബന്ധിക്കും.മത്സരങ്ങൾക്കു പുറമേ സാഹിത്യോത്സവിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എഴുത്ത്, ചിന്ത, വര തുടങ്ങിയവയെ പരിപോഷിപ്പിക്കുന്നതിനായി ആർട്ട് സ്കൂൾ, പൊളിറ്റിക്കൽ സ്കൂൾ, ക്യാൻവാസ് ക്യാമ്പുകൾ നടക്കും. സാഹിത്യം, മനുഷ്യൻ, സൂഫിസം, രാഷ്ട്രീയം, പ്രകൃതി, മാധ്യമം, ജനാധിപത്യം, സെക്കുലറിസം തുടങ്ങി വിവിധ വിഷയങ്ങളിലൂന്നി നടക്കുന്ന ചർച്ചകളിൽ പ്രമുഖർ പങ്കെടുക്കും.ഓരോ വർഷവും നവീകരിക്കുന്ന മാന്വലിൽ കാലോചിതമായി മത്സരങ്ങൾ ഉൾപ്പെടുത്തുന്നതിനോടൊപ്പം പൊളിറ്റിക്കൽ ഡിബേറ്റ്, ഐഡിയത്തോൺ, ക്യാപ്ചർ ദി ഫ്ലാഗ്, ഡിപിആർ പ്രസന്റേഷൻ, ദഫ്മുട്ട്, അറബനമുട്ട്, ഖവാലി, ബ്രയിൽ ലിപി കഥാരചന, എ ഐ കവിതാരചന, ടെക് ഹാക്കത്തോൺ തുടങ്ങി വ്യത്യസ്ത മത്സരയിനങ്ങൾ സാഹിത്യോത്സവിന്റെ സവിശേഷതയാണ്.Content Highlights: 33rd Kerala Sahithyotsav began in Kayamkulam with flag hoisting. TT Sreekumar selected for Sahithyotsav Award. Over 3000 contestants to participate in 180 competitions.