ന്യൂഡല്‍ഹി| സ്വന്തം വകുപ്പിന് കീഴിലുള്ള പദ്ധതിയിലൂടെ 99 ലക്ഷം രൂപ സബ്‌സിഡി കൈപ്പറ്റിയ കേന്ദ്ര കാര്‍ഷിക സഹമന്ത്രി തുക തിരിച്ചുനല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അറിയിച്ചു. കേന്ദ്ര കാര്‍ഷിക സഹമന്ത്രി ഭഗീരത് ചൗധരിയാണ് പണം തിരിച്ചുനല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് എം പി അഭിഷേക് ബാനര്‍ജിയുടെ ചോദ്യത്തിന് കൃഷി-കര്‍ഷകക്ഷേമ സഹമന്ത്രി രാംനാഥ് താക്കൂര്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൈപ്പറ്റിയ സബ്‌സിഡി തുക ബേങ്കിലേക്ക് തിരിച്ചടച്ചതായി ഭഗീരത് ചൗധരി അറിയിച്ചിട്ടുണ്ട്. ഈ തുക നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡിലേക്ക് തിരിച്ചയക്കാന്‍ ബേങ്കിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും രാംനാഥ് താക്കൂര്‍ സഭയെ അറിയിച്ചു.ചൗധരിയുടെ വെള്ളരി കൃഷി പദ്ധതി 16,592 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ളതാണ്. മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതി പ്രകാരം എന്‍ എച്ച് ബി അംഗീകരിച്ച 476 പദ്ധതികളില്‍ ഒന്നാണിത്.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഭഗീരത് ചൗധരിക്ക് പുറമെ രാജസ്ഥാനിലെ ജലോറില്‍ നിന്നുള്ള ബി ജെ പി എം പി ലുംബറാം ചൗധരിയും നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡ് പദ്ധതികളില്‍ നിന്നും സാമ്പത്തിക സഹായം കൈപ്പറ്റിയിട്ടുണ്ടെന്ന് മന്ത്രി സഭയില്‍ വ്യക്തമാക്കി. തെരഞ്ഞെടുത്ത പച്ചക്കറികളുടെയും പൂക്കളുടെയും വന്‍തോതിലുള്ള വാണിജ്യ കൃഷിയെ പിന്തുണക്കുന്ന മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ എന്ന പദ്ധതിയുടെ കീഴിലാണ് സബ്സിഡി നല്‍കുന്നത്.ഈ പദ്ധതി പ്രകാരം, ഗുണഭോക്താക്കള്‍ക്ക് പദ്ധതി ചെലവിന്റെ 50 ശതമാനം വരെ സാമ്പത്തിക സഹായം ലഭിക്കും. ഒരു കുടുംബത്തിന് പരമാവധി ഒരു കോടി രൂപ വരെ കിട്ടും.Content Highlights:Union Minister Bhagirath Choudhary returned a Rs 99 lakh subsidy taken under a scheme run by his own ministry. Agriculture Minister Ram Nath Thakur confirmed the development in Lok Sabha following a query by TMC MP Abhishek Banerjee. The subsidy was approved for a cucumber farming project.