ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണം നെഞ്ചുവേദനയല്ല!; ഈ കാര്യങ്ങൾ അവഗണിക്കരുത്

Wait 5 sec.

ഹൃദയാഘാതം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിന് മുന്നിലേക്ക് എത്തുന്ന ചിത്രം നെഞ്ചിൽ കൈവെച്ച് പെട്ടെന്ന് ആൾ നിലത്തുവീഴുന്ന ഒന്നാണ്. അതിനാൽ തന്നെ പെട്ടെന്നുണ്ടാകുന്ന കടുത്ത നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമായി ഭൂരിഭാഗം ആളുകളും കരുതുന്നത്. എന്നാൽ ഇതല്ല യാഥാർത്ഥ്യമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വിദഗ്ധർ. പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദനയ്ക്ക് പകരം അതിനേക്കാൾ സൂക്ഷ്മവും ആദ്യഘട്ടത്തിൽ പ്രകടമാകുന്നതുമായ മറ്റ് പല ലക്ഷണങ്ങളുമാണ് ശരീരം മുൻകൂട്ടി നൽകുന്ന മുന്നറിയിപ്പുകൾ. ഈ ലക്ഷണങ്ങളെ നിസ്സാരമായി കണ്ട് അവഗണിക്കുന്നത് ജീവന് തന്നെ അപകടമുണ്ടാക്കാം.ആവർത്തിച്ചുണ്ടാകുന്ന കടുത്ത ക്ഷീണം (Chronic Fatigue) ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണമായേക്കാമെന്ന് കാർഡിയോളജിസ്റ്റുകൾ വ്യക്തമാക്കുന്നു. മതിയായ വിശ്രമമോ ജീവിതശൈലി മാറ്റങ്ങളോ വരുത്തിയാലും മാറാത്ത തരത്തിലുള്ള ക്ഷീണമാണ് ഇത്. ഹൃദയത്തിന് രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാൻ സാധിക്കാതെ വരുമ്പോൾ ശരീരത്തിലേക്കുള്ള ഓക്സിജൻ വിതരണം കുറയുന്നതാണ് ഇത്തരത്തിലുള്ള ക്ഷീണത്തിന് കാരണം. മാനസിക സമ്മർദ്ദം, പ്രായം, അല്ലെങ്കിൽ ഉറക്കക്കുറവ് എന്നിവ മൂലമാണ് ക്ഷീണം ഉണ്ടാകുന്നതെന്ന് കരുതി പലരും ഇത് അവഗണിക്കുകയാണ് പതിവ്. എന്നാൽ പെരിഫറൽ ആർട്ടറി ഡിസീസ്, ഹൃദയസ്തംഭനം എന്നിവയുടെ തുടക്കമാകാം ഇത്.വളരെ നിസ്സാര ലക്ഷണങ്ങളോടെ ഉണ്ടാകുന്ന നിശബ്ദ ഹൃദയാഘാതം (Silent Heart Attack) മൂലം ഹൃദയപേശികളിലേക്ക് ഓക്സിജൻ എത്താതിരിക്കുകയും ഹൃദയകലകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്യുന്നു. നിരന്തരമായ ക്ഷീണം, നെഞ്ചിലോ കൈകളിലോ മുതുകിന്റെ മുകൾഭാഗത്തോ ഉണ്ടാകുന്ന നേരിയ വേദന, താടിയെല്ലിലോ തോളുകളിലോ ഉണ്ടാകുന്ന അസ്വസ്ഥത, ദഹനക്കേട് അല്ലെങ്കിൽ വയറ്റിൽ അസ്വസ്ഥത, സാധാരണ ജോലികൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന ശ്വാസംമുട്ടൽ, കഠിനമായ അധ്വാനമില്ലാതെ ഉണ്ടാകുന്ന അസാധാരണമായ വിയർപ്പ് എന്നിവയാണ് ശ്രദ്ധിക്കേണ്ട മറ്റ് പ്രധാന ലക്ഷണങ്ങൾ.കൂടാതെ കാലുകളിൽ കാണപ്പെടുന്ന ചില ലക്ഷണങ്ങളും ഹൃദയാരോഗ്യ പ്രശ്നങ്ങളിലേക്കും രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. കാലുകളിലെ നീര്, നിരന്തരമായ തണുപ്പ്, രാത്രികാലങ്ങളിൽ ഉണ്ടാകുന്ന പേശിവലിവ്, ചർമ്മത്തിന്റെ നിറംമാറ്റം, ഉണങ്ങാത്ത മുറിവുകൾ, തരിപ്പ് അല്ലെങ്കിൽ പുകച്ചിൽ എന്നിവ ഹൃദയാഘാതം, സ്ട്രോക്ക്, പ്രമേഹം തുടങ്ങിയവയുടെ ലക്ഷണങ്ങളാകാം. ഒരു കാലിൽ മാത്രം പെട്ടെന്നുണ്ടാകുന്ന ചുവപ്പ് നിറവും വേദനയും ഡീപ്പ് വെയ്ൻ ത്രോംബോസിസ് എന്ന അപകടകരമായ രക്തം കട്ടപിടിക്കുന്ന അവസ്ഥയുടെ ലക്ഷണമാകാനും സാധ്യതയുണ്ട്.ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് ഇ സി ജി, രക്തപരിശോധനകൾ എന്നിവ നടത്തുന്നത് രോഗം നേരത്തെ കണ്ടെത്തുന്നതിന് സഹായിക്കും. ദിനംപ്രതി നടക്കുക, ഹൃദയത്തിന് അനുയോജ്യമായ ഭക്ഷണങ്ങൾ കഴിക്കുക, മാനസിക സമ്മർദ്ദം കുറയ്ക്കുക തുടങ്ങിയ ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെ വലിയ രീതിയിലുള്ള ഹൃദ്രോഗ സാധ്യതകളെ തടയാൻ കഴിയും. SummaryChest pain is not the only or first sign of a heart attack, experts warn. Chronic fatigue caused by reduced oxygen delivery to the body when the heart fails to pump efficiently can be an early indicator. Other warning signs include minor discomfort in the arms, jaw, or back, shortness of breath, unusual sweating, and leg symptoms like swelling or numbness. Timely diagnostic tests like ECG and lifestyle modifications such as daily walking and a healthy diet can help prevent severe heart complications.