കടുത്ത സാമ്പത്തിക പ്രതിസന്ധി: മുണ്ടുമുറുക്കണം

Wait 5 sec.

തിരുവനന്തപുരം | സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നും ചെലവ് കൂട്ടരുതെന്നും വകുപ്പുകള്‍ക്ക് ധനവകുപ്പിന്റെ നിര്‍ദേശം. പ്രതിസന്ധിയുള്ളതിനാല്‍ പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റില്‍ കവിയരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. അടുത്ത ബജറ്റ് മുന്നൊരുക്കത്തിനുള്ള സര്‍ക്കുലറിലാണ് നിര്‍ദേശം. ശമ്പളം ഒഴികെയുള്ള പദ്ധതി ഇതര ചെലവുകള്‍ക്ക് ഈ വര്‍ഷത്തെ അതേ നിരക്കുകള്‍ തന്നെയായിരിക്കണം അടുത്ത വര്‍ഷത്തേക്കും നിശ്ചയിക്കേണ്ടത്. ഇതിനായി ലാഭകരമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കണം. മാറ്റിവെക്കാവുന്ന അറ്റകുറ്റപ്പണി ചെലവുകളും തത്കാലം ഒഴിവാക്കണം. പദ്ധതികള്‍ നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന അധിക ജീവനക്കാരെ പിരിച്ചുവിടേണ്ടതില്ല. പകരം, ഭാവിയില്‍ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് പുനര്‍വിന്യസിക്കുന്നതിനായി വകുപ്പുകള്‍ പ്രത്യേകം പട്ടിക തയ്യാറാക്കണം. റവന്യൂ വരുമാനം വേഗത്തില്‍ സമാഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ വകുപ്പുകള്‍ സമര്‍പ്പിക്കണം. ഈ വര്‍ഷത്തെ നികുതി, നികുതിയിതര കുടിശ്ശികയുടെ കൃത്യമായ കണക്കുകളും അവ ഈടാക്കാന്‍ സ്വീകരിച്ച നടപടികളും അറിയിക്കണമെന്നും സര്‍ക്കുലറിലുണ്ട്.നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ റവന്യൂ വരുമാനം 33,311.21 കോടിയായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ കൂടിയെങ്കിലും ചെലവും കടമെടുപ്പും കൂടി. ഭരണം മാറിയെങ്കിലും ഖജനാവില്‍ പണം നിറഞ്ഞുതുടങ്ങിയില്ല. ഈ സാഹചര്യത്തിലാണ് ധനവകുപ്പിന്റെ സര്‍ക്കുലര്‍. ഇതിന് പുറമേ, ശമ്പളത്തിനായുള്ള തുക, തസ്തികകളുടെയും ജീവനക്കാരുടെയും എണ്ണം, മുന്‍വര്‍ഷത്തേക്കാള്‍ വ്യത്യാസം വന്നതിന്റെ കാരണം, യു ജി സി സ്‌കെയിലില്‍ ഉള്‍പ്പെടെ ശന്പളം വാങ്ങുന്ന ജീവനക്കാരുടെ പട്ടിക എന്നിവയും ധനവകുപ്പ് ചോദിച്ചിട്ടുണ്ട്. സെപ്തംബര്‍ 20ന് മുമ്പ് അടുത്ത ബജറ്റിനുള്ള എസ്റ്റിമേറ്റ് നല്‍കാനാണ് വകുപ്പുകള്‍ക്ക് നിര്‍ദേശം.കടമെടുത്തത് 10,400 കോടിയു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോള്‍ ഇതുവരെ കടമെടുത്തത് 10,400 കോടി രൂപയാണ്. ഡിസംബര്‍ വരെ അനുവദിച്ച കടമെടുപ്പ് പരിധിയുടെ പകുതിയോളം ഇതിനകം വായ്പയെടുത്തു കഴിഞ്ഞു. മേയ് 26ന് ആയിരുന്നു ആദ്യം കടമെടുത്തത്. ഈ മാസം 21ന് എടുത്ത 2,200 കോടി രൂപ ഉള്‍പ്പെടെ മൊത്തം അഞ്ച് തവണകളായാണ് ഇത്രയും തുക കടമെടുത്തത്. ഡിസംബര്‍ വരെയുളള സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 23,000 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് വായ്പയെടുക്കുന്നത്.പ്രിയദര്‍ശിനി സൗജന്യ ബസ് യാത്ര അടക്കമുളള സാമ്പത്തികബാധ്യത വരുന്ന തീരുമാനങ്ങള്‍ സര്‍ക്കാറിന്റെ ചെലവ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഓണക്കാല ചെലവുകള്‍ക്ക് കൂടി ഇനി പണം കണ്ടെത്തേണ്ടതുണ്ട്. അതോടെ കടമെടുപ്പ് ഇനിയും കൂടുമെന്ന് ഉറപ്പാണ്. പത്ത് കൊല്ലത്തെ ഇടതുഭരണത്തില്‍ സംസ്ഥാനത്തെ പൊതുകടം ക്രമാതീതമായി വര്‍ധിച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിരിക്കുമ്പോള്‍ യു ഡി എഫ് ഉന്നയിച്ച പ്രധാന വിമര്‍ശം. എന്നാല്‍, കടമെടുപ്പിന്റെ കാര്യത്തില്‍ വി ഡി സതീശന്‍ സര്‍ക്കാറും പിന്നിലല്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.Content Highlights:Kerala faces a severe financial crisis forcing the state government to enforce strict austerity measures. Treasury restrictions have been tightened to control public spending and manage the budget deficit. Officials stress the need for immediate fiscal discipline to handle the situation.