പുതുതായി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് ‘ന്യൂ മുസ്ലിം’ ഡിജിറ്റൽ കാർഡ് സേവനം ആരംഭിച്ച് സഊദി അറേബ്യ

Wait 5 sec.

ജിദ്ദ | സഊദി അറേബ്യയിൽ ഇസ്ലാം മതം സ്വീകരിക്കുന്നവർക്കായി പ്രത്യേക ‘ന്യൂ മുസ്ലിം’ കാർഡ് സേവനം (New Muslim Card Service) ആരംഭിച്ചു. ഇസ്ലാമിക കാര്യ, ദഅ്വാ, മാർഗ്ഗനിർദ്ദേശ മന്ത്രാലയമാണ് (Ministry of Islamic Affairs, Dawah and Guidance) പുതിയ സംവിധാനം പുറത്തിറക്കിയത്. ഇസ്ലാം മതം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.സഊദി ഡാറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി (SDAIA) സഹകരിച്ച് ത്വവക്കൽനാ ആപ്പിലാണ് (Tawakkalna App) ഈ ഡിജിറ്റൽ കാർഡ് ലഭ്യമാക്കിയിട്ടുള്ളത്. അപേക്ഷ അംഗീകരിക്കപ്പെടുന്നതോടെ ഡിജിറ്റൽ കാർഡ് തൽസമയം ആപ്പിൽ തെളിയും. ഔദ്യോഗികമായി നിശ്ചിത അതോറിറ്റി തന്നെയാണ് കാർഡ് നൽകിയതെന്ന് ഉറപ്പുവരുത്തുന്നതിനായി ഒരു ക്യൂ ആർ കോഡും (QR Code) കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനും ഭാവിയിലെ ആസൂത്രണത്തിനും തീരുമാനങ്ങൾക്കും ആവശ്യമായ കൃത്യമായ റിപ്പോർട്ടുകളും സ്ഥിതിവിവരക്കണക്കുകളും ലഭ്യമാക്കാനും ഈ സംരംഭം സഹായിക്കും.രാജ്യത്തുള്ള മുസ്ലിങ്ങളെയും ഹജ്ജ്, ഉംറ തീർത്ഥാടനത്തിനായി എത്തുന്നവരെയും പിന്തുണയ്ക്കുന്നതിനായി സഊദി അറേബ്യ കഴിഞ്ഞ വർഷങ്ങളിൽ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഉംറ, സന്ദർശന വിസകൾക്ക് അപേക്ഷിക്കുന്നതിനും അനുമതികൾ ബുക്ക് ചെയ്യുന്നതിനുമുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ നുസുക് (Nusuk Digital Platform) ഇതിലൊന്നാണ്. മദീനയിലെ റൗദ സന്ദർശനം, താമസ-ഗതാഗത സൗകര്യങ്ങൾ ക്രമീകരിക്കൽ, ബഹുഭാഷാ നിർദ്ദേശങ്ങൾ ലഭ്യമാക്കൽ തുടങ്ങിയ സേവനങ്ങളും ഇതിലൂടെ ലഭിക്കുന്നു.തീർത്ഥാടകർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നതിനായി 2019-ൽ പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാമും (PEP) ആരംഭിച്ചിരുന്നു. പങ്കാളിത്ത രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വിസ, ബയോമെട്രിക് രജിസ്ട്രേഷൻ, കസ്റ്റംസ്, ഇമിഗ്രേഷൻ നടപടികൾ എന്നിവ സ്വന്തം രാജ്യങ്ങളിൽ വച്ചുതന്നെ പൂർത്തിയാക്കാൻ സഹായിക്കുന്നതാണ് മക്ക റൂട്ട് സംരംഭം (Makkah Route Initiative). കൂടാതെ, ഒരു വർഷത്തെ വാലിഡിറ്റിയുള്ള മൾട്ടിപ്പിൾ എൻട്രി ഉംറ വിസകളും (Multiple Entry Umrah Visa) സൗദി അറേബ്യ അടുത്തിടെ അവതരിപ്പിച്ചിട്ടുണ്ട്.Content HighlightsSaudi Arabia’s Ministry of Islamic Affairs has introduced a ‘New Muslim’ card service integrated with the Tawakkalna app to automate the conversion process, featuring a verification QR code.