തിരുവനന്തപുരം | എല്‍ നിനോ ഉള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാന പ്രവണതകള്‍ കാര്‍ഷിക മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ നേരിടുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി സംസ്ഥാനതല മോണിറ്ററിംഗ് യൂനിറ്റ് രൂപവത്കരിക്കാന്‍ തീരുമാനം. വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, നബാര്‍ഡ് തുടങ്ങിയ ഏജന്‍സികളെയും ഉള്‍പ്പെടുത്തിയാണ് മോണിറ്ററിംഗ് യൂനിറ്റ് രൂപവത്കരിക്കുക. നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ കൃഷി മന്ത്രി ടി സിദ്ദിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കാനും നിലവിലുള്ള വിവിധ ഫണ്ട് സ്രോതസ്സുകള്‍ ഏകോപിപ്പിച്ച് ഫലപ്രദമായി വിനിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.ജലസ്രോതസ്സുകളുടെ സംരക്ഷണം, തോടുകളുടെയും കുളങ്ങളുടെയും പുനരുദ്ധാരണം, ജലനിയന്ത്രണ സംവിധാനങ്ങള്‍, ഡ്രിപ്പ് ഇറിഗേഷന്‍, മഴവെള്ള സംഭരണം, ജലസംഭരണ കിണറുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കും. കാര്‍ഷിക മേഖലയില്‍ ഹരിതാവരണം വര്‍ധിപ്പിച്ച് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും നേരിട്ടുള്ള സൂര്യപ്രകാശം മൂലമുള്ള ആഘാതങ്ങള്‍ കുറക്കുന്നതിനുമുള്ള നടപടികളും കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തും. കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ ഗൗരവത്തോടെ കണ്ട് ഭൂമിയെയും കാര്‍ഷികവൃത്തിയെയും വിളകളെയും സംരക്ഷിക്കുന്നതിനുള്ള വിപുലമായ ദൗത്യത്തിന് തുടക്കമിടേണ്ടതുണ്ടെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. വിവിധ വകുപ്പുകളുടെ ഫണ്ടുകള്‍ ഏകോപിപ്പിച്ച് ലഭ്യമായ വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ഇതിനായി വകുപ്പുകള്‍ സംയുക്തമായി യോഗം ചേര്‍ന്ന് അടിയന്തരമായി പ്രവര്‍ത്തനരൂപരേഖ തയ്യാറാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേര്‍ന്ന് കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ വിലയിരുത്തുകയും പ്രാദേശിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യും.പഞ്ചായത്ത് തലത്തിലും പദ്ധതികളുടെ രൂപരേഖ തയ്യാറാക്കി നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ഇടവേളകളില്‍ വിലയിരുത്തി തുടര്‍നടപടികള്‍ ഉറപ്പാക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നതില്‍ കുട്ടനാടിന് പ്രത്യേക പരിഗണന നല്‍കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും. ജലവിഭവ, റവന്യൂ വകുപ്പുകളുടെ മന്ത്രിമാരുമായി കൂടിയാലോചിച്ച് കുട്ടനാടിനായി പ്രത്യേക ദൗത്യം രൂപപ്പെടുത്തുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കൃഷിവകുപ്പ് മന്ത്രി വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക മേഖലയെ മാത്രമല്ല, പ്രകൃതിദത്ത ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി പറഞ്ഞു.കാലാവസ്ഥാ വ്യതിയാനത്തെയും കുട്ടനാട്ടിലെ വെല്ലുവിളികളെയും നേരിടാന്‍ മുന്‍ഗണനകള്‍ നിശ്ചയിച്ച് ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. 2018ലെ പ്രളയത്തിനും തുടര്‍ന്നുണ്ടായ കാലാവസ്ഥാ ദുരന്തങ്ങള്‍ക്കും ശേഷം കാര്‍ഷിക മേഖലയിലെ വെല്ലുവിളികള്‍ പരിഹരിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഇടപെടലുകള്‍ അനിവാര്യമാണെന്ന് റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍ വ്യക്തമാക്കി. യോഗത്തില്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എച്ച് ദിനേശന്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, കൃഷിവകുപ്പ് ഡയറക്ടര്‍ അര്ജുന് പാണ്ഡ്യന് എന്നിവരും വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രതിനിധികളും പങ്കെടുത്തു.Content Highlights: Kerala has established a new state-level monitoring unit to combat climate change. This body will coordinate defense and adaptation strategies across departments. The initiative aims to enhance the state’s resilience against extreme weather events.