ദേശീയ സുരക്ഷ; പ്രതിരോധം പേരില്‍ മാത്രമോ?

Wait 5 sec.

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്ന് കരസേനയിലെ മുന്‍ ക്യാപ്റ്റനായ അമ്പത്തിരണ്ടുകാരന്‍ ബാബുവിനെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റ് ചെയ്തുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തയോടെയാണ് ഇന്നലെ രാജ്യം ഉണര്‍ന്നത്. ഇരുപത്തിയെട്ട് വര്‍ഷത്തോളം ഇന്ത്യന്‍ സൈന്യത്തിന്റെ നിര്‍ണായകമായ ആര്‍ട്ടിലറി വിഭാഗത്തില്‍ സേവനമനുഷ്ഠിച്ച് 2022ല്‍ വിരമിച്ച ഒരു ഓഫീസര്‍, കഴിഞ്ഞ ഒരു വര്‍ഷമായി വാട്സ്ആപ്പിലൂടെ പരിചയപ്പെട്ട പാകിസ്താന്‍ ചാരവനിതയെന്ന് സംശയിക്കുന്ന പെണ്‍സുഹൃത്തിന് രാജ്യത്തിന്റെ അതീവ രഹസ്യങ്ങള്‍ കൈമാറുകയായിരുന്നു. വിരമിച്ച ശേഷം ചെന്നൈയിലെ കോളജുകളില്‍ എന്‍ സി സി കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കിയിരുന്ന ഇയാളില്‍ നിന്ന് നിര്‍ണായക രേഖകളും ഫോണുകളുമാണ് പിടിച്ചെടുത്തത്. സജീവ സര്‍വീസിലുള്ളവരെ മാത്രമല്ല, സൈന്യത്തില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെപ്പോലും നിരീക്ഷിക്കുന്നതിലും അവരെ ശത്രുരാജ്യങ്ങളുടെ ഹണിട്രാപ്പില്‍ നിന്ന് സംരക്ഷിക്കുന്നതിലും കേന്ദ്ര ഇന്റലിജന്‍സ് സംവിധാനങ്ങള്‍ എത്രത്തോളം പരാജയപ്പെടുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണിത്. പ്രതിരോധ മേഖലയുടെ നട്ടെല്ലൊടിക്കുന്ന ഇത്തരം ചാരപ്രവര്‍ത്തനങ്ങള്‍ ഒരു തുടര്‍ക്കഥ പോലെ ആവര്‍ത്തിക്കപ്പെടുന്നു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍, ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രങ്ങളിലും സൈനിക താവളങ്ങളിലും എത്രത്തോളം ആഴത്തിലാണ് സുരക്ഷാ വീഴ്ചകള്‍ സംഭവിച്ചിട്ടുള്ളതെന്ന് വ്യക്തമാകും.2024 മേയില്‍ മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന സത്യേന്ദ്ര സിവാലെന്ന ഉദ്യോഗസ്ഥനെ പ്രതിരോധ-വിദേശകാര്യ രഹസ്യങ്ങള്‍ ഐ എസ് ഐക്ക് ചോര്‍ത്തി നല്‍കിയതിന് ഉത്തര്‍ പ്രദേശ് എ ടി എസ് അറസ്റ്റ് ചെയ്തത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. അതിന് തൊട്ടുമുമ്പ്, 2023 ഡിസംബറില്‍ ഇന്ത്യയുടെ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും നിര്‍മിക്കുന്ന മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സിലെ കല്‍പ്പേഷ് ബൈക്കര്‍ എന്ന ജീവനക്കാരന്‍ പാകിസ്താന്‍ ഹണിട്രാപ്പില്‍ കുടുങ്ങി സുരക്ഷാ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിടിയിലായി.2025 മാര്‍ച്ചില്‍ ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലെയും കാണ്‍പൂരിലെയും ആയുധ ഫാക്ടറികളിലെ രണ്ട് ജീവനക്കാരെ യു പി ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. നേഹ ശര്‍മ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിന് പിന്നിലെ പാകിസ്താന്‍ ചാരന്മാരുടെ വലയില്‍ വീണാണ് ഇവര്‍ ഇന്ത്യയുടെ ആയുധ നിര്‍മാണ ശാലകളിലെ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയത്. ആയുധ നിര്‍മാണ ശാലകളുടെ സ്വകാര്യവത്കരണവും കോര്‍പറേറ്റുവത്കരണവും തിരക്കിട്ട് നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍, അവിടെ ജോലി ചെയ്യുന്നവരുടെ സുരക്ഷാ ഓഡിറ്റിംഗ് നടത്തുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നാണ് ഇത് തെളിയിക്കുന്നത്.പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആര്‍ ഡി ഒ പോലും ഇത്തരം ചാരന്മാരുടെ വിളനിലമായി മാറിയെന്നതാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലെ ഏറ്റവും ഭയാനകമായ വസ്തുത. 2023 മേയില്‍ പുണെയിലെ ഡി ആര്‍ ഡി ഒ ലാബ് ഡയറക്ടറും മുതിര്‍ന്ന ശാസ്ത്രജ്ഞനുമായ പ്രദീപ് കുരുല്‍കര്‍ മഹാരാഷ്ട്ര എ ടി എസിന്റെ പിടിയിലായത് രാജ്യത്തെമ്പാടും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ‘സറ ദാസ്ഗുപ്ത’ എന്ന പേരില്‍ സമീപിച്ച പാകിസ്താന്‍ ചാരവനിതക്ക് മുന്നില്‍ ഇന്ത്യയുടെ ബ്രഹ്മോസ്, അഗ്നി തുടങ്ങിയ മിസൈല്‍ പദ്ധതികളുടെയും മറ്റ് പ്രതിരോധ സംവിധാനങ്ങളുടെയും രഹസ്യങ്ങള്‍ കുരുല്‍കര്‍ അടിയറവ് വെച്ചു. 1,837 പേജുകളുള്ള കുറ്റപത്രമാണ് കുരുല്‍കര്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ടത്. ഭരണകക്ഷിയുടെ പ്രത്യയശാസ്ത്ര വേദികളില്‍ സജീവമായിരുന്ന ഒരു ഉന്നത ശാസ്ത്രജ്ഞന്‍ തന്നെ ഇത്തരമൊരു രാജ്യദ്രോഹ കുറ്റത്തില്‍ പിടിക്കപ്പെട്ടപ്പോള്‍, സാധാരണക്കാരെ രാജ്യദ്രോഹികളായി മുദ്രകുത്താന്‍ മത്സരിക്കുന്ന ഭരണകൂടവും അവരുടെ മാധ്യമങ്ങളും തികഞ്ഞ മൗനത്തിലായിരുന്നു.കുരുല്‍കറുടെ അറസ്റ്റിന് തൊട്ടുമുമ്പ്, 2023 ഫെബ്രുവരിയില്‍ ഒഡീഷയിലെ ചന്ദിപ്പൂരിലുള്ള ഡി ആര്‍ ഡി ഒയുടെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ സീനിയര്‍ ടെക്നിക്കല്‍ ഓഫീസറായ ബാബുറാം ഡേ എന്ന അമ്പത്തിയേഴുകാരനും പാകിസ്താന് മിസൈല്‍ പരീക്ഷണ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായിരുന്നു. 2021ല്‍ ഇതേ കേന്ദ്രത്തിലെ അഞ്ച് കരാര്‍ ജീവനക്കാരെ സമാനമായ കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടും, അവിടെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ല എന്നതിന്റെ തെളിവാണ് രണ്ട് വര്‍ഷത്തിനിപ്പുറം നടന്ന ബാബുറാം ഡേയുടെ അറസ്റ്റ്. തന്ത്രപ്രധാനമായ മിസൈല്‍ പരീക്ഷണശാലകളില്‍ പോലും കരാര്‍ ജീവനക്കാരെ യാതൊരുവിധ പശ്ചാത്തല പരിശോധനയുമില്ലാതെ നിയമിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ തൊഴില്‍ നയങ്ങളും സുരക്ഷാ അലംഭാവവുമാണ് ഇവിടെ പ്രതിക്കൂട്ടിലാകുന്നത്. ഒരേ കേന്ദ്രത്തില്‍ നിന്ന് ആവര്‍ത്തിച്ച് വിവരങ്ങള്‍ ചോരുമ്പോള്‍ അത് വ്യക്തികളുടെ മാത്രം തെറ്റല്ല, ഭരണകൂടത്തിന്റെ വ്യവസ്ഥാപിതമായ പരാജയമാണ് എന്ന് ഉറപ്പിച്ചു പറയാനാകും.2014ല്‍ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ആരംഭിച്ചതാണ് പ്രതിരോധ മേഖലയിലെ ഈ ചോര്‍ച്ചകളുടെ പരമ്പര. 2016 ആഗസ്റ്റില്‍ ഇന്ത്യന്‍ നാവികസേനയുടെ അഭിമാന പദ്ധതിയായ സ്‌കോര്‍പീന്‍ ക്ലാസ്സ് അന്തര്‍വാഹിനികളുടെ ഇരുപത്തിരണ്ടായിരത്തോളം പേജുകള്‍ വരുന്ന അതീവ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇന്ത്യക്ക് വലിയ നാണക്കേടുണ്ടാക്കി. ഫ്രഞ്ച് കമ്പനിയായ ഡി സി എന്‍ എസുമായി ചേര്‍ന്ന് നിര്‍മിക്കുന്ന അന്തര്‍വാഹിനികളുടെ പ്രഹരശേഷിയും സാങ്കേതിക തികവും അടങ്ങുന്ന വിവരങ്ങള്‍ പുറത്തായപ്പോള്‍, വിദേശത്താണ് ചോര്‍ച്ച നടന്നതെന്ന് പറഞ്ഞ് കൈകഴുകാനാണ് അന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം ശ്രമിച്ചത്.എന്നാല്‍ ഏറ്റവും വിരോധാഭാസമായി തോന്നിയത് 2017 ഫെബ്രുവരിയില്‍ മധ്യപ്രദേശില്‍ നടന്ന അറസ്റ്റുകളാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ പാകിസ്താന്‍ ചാരസംഘടനയായ ഐ എസ് ഐക്ക് ചോര്‍ത്തി നല്‍കാന്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയതിന് ഭോപ്പാലില്‍ നിന്ന് ധ്രുവ് സക്സേന ഉള്‍പ്പെടെ പതിനൊന്ന് പേരെയാണ് ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ബി ജെ പിയുടെ യുവജന വിഭാഗത്തിന്റെ ഭോപ്പാല്‍ ഐടി സെല്‍ കോ ഓര്‍ഡിനേറ്ററായിരുന്നു അറസ്റ്റിലായ ധ്രുവ് സക്സേന.2019 ഡിസംബറില്‍ വിശാഖപട്ടണത്തെ ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡുമായി ബന്ധപ്പെട്ട് പുറത്തുവന്ന ‘ഓപറേഷന്‍ ഡോള്‍ഫിന്‍സ് നോസ്’ ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചാരവൃത്തി കേസുകളിലൊന്നായിരുന്നു. യുദ്ധക്കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും നീക്കങ്ങള്‍ ഹണിട്രാപ്പില്‍ കുടുങ്ങി ഹവാല പണത്തിന് വേണ്ടി ചോര്‍ത്തി നല്‍കിയതിന് ഏഴ് നാവികസേനാ ഉദ്യോഗസ്ഥരടക്കം പതിനഞ്ച് പേരാണ് അന്ന് അറസ്റ്റിലായത്. സൈനികര്‍ക്കിടയില്‍ അച്ചടക്കവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കുന്നതില്‍ വരുന്ന വീഴ്ചകളാണ് ഇത്തരം ഹണിട്രാപ്പുകളിലേക്കും സാമ്പത്തിക പ്രലോഭനങ്ങളിലേക്കും അവരെ തള്ളിവിടുന്നത്.അഗ്നിപഥ് പോലുള്ള ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതികള്‍ നടപ്പാക്കിയതോടെ അഗ്നിവീറുകളെ ലക്ഷ്യമിട്ട് പാകിസ്താന്‍ ചാരശൃംഖലകള്‍ കൂടുതല്‍ സജീവമായിരിക്കുന്നുവെന്ന് 2026ലെ ഇന്റലിജന്‍സ് റിപോര്‍ട്ടുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം തൊഴില്‍ സുരക്ഷിതത്വമില്ലാതെ പുറത്തിറങ്ങുന്ന യുവാക്കള്‍ക്ക് രാജ്യരഹസ്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നത് ഭാവിയില്‍ ഇതിലും വലിയ സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്ന് പ്രതിരോധ വിദഗ്ധര്‍ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിപക്ഷ നേതാക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്താന്‍ ‘പെഗാസസ്’ പോലുള്ള കോടികള്‍ വിലമതിക്കുന്ന ചാര സോഫ്‌റ്റ്വെയറുകള്‍ ഉപയോഗിക്കുന്നതില്‍ കാണിക്കുന്ന ശുഷ്‌കാന്തി, സ്വന്തം പ്രതിരോധ ശാസ്ത്രജ്ഞരെയും സൈനികരെയും ശത്രുരാജ്യങ്ങളുടെ സൈബര്‍ കെണികളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ വിമര്‍ശം.ദേശീയ സുരക്ഷയെന്നത് തിരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിക്കാനുള്ള ഒരു രാഷ്ട്രീയ ആയുധം മാത്രമായി ചുരുങ്ങുമ്പോള്‍, അതിര്‍ത്തിക്കപ്പുറത്തേക്ക് ഒഴുകുന്നത് രാജ്യത്തിന്റെ തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യങ്ങളാണ്. 2014 മുതല്‍ 2026 വരെ നീളുന്ന ഈ പട്ടിക പരിശോധിച്ചാല്‍, ഓരോ തവണയും ചാരന്മാര്‍ പിടിക്കപ്പെടുമ്പോള്‍ അതിനെ ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയാനാണ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിലും പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ കൗണ്ടര്‍- ഇന്റലിജന്‍സ് പരിശീലനം നല്‍കുന്നതിലും കേന്ദ്ര ആഭ്യന്തര- പ്രതിരോധ മന്ത്രാലയങ്ങള്‍ പരാജയമാകുകയാണ്. പഴുതുകളില്ലാത്ത പ്രതിരോധ സംവിധാനവും രാഷ്ട്രീയ കലര്‍പ്പില്ലാത്ത ഇന്റലിജന്‍സ് ജാഗ്രതയുമാണ് ഒരു രാജ്യത്തിന്റെ യഥാര്‍ഥ സുരക്ഷക്ക് ആവശ്യം.