കുന്ദമംഗലം | സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ആവേശക്കുതിപ്പില്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ 114 പോയിന്റോടെ മലപ്പുറം ജില്ല മുന്നില്‍. 100.5 പോയിന്റുമായി പാലക്കാടും 68 പോയിന്റോടെ ആലപ്പുഴയും 59 പോയിന്റുമായി തിരുവനന്തപുരവും പിന്നിലുണ്ട്. 37 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് ജില്ലയും മികച്ച പ്രകടനവുമായി മുന്നേറുകയാണ്.ഇന്നലെ സീനിയര്‍ പെണ്‍കുട്ടികളുടെ നൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ ആലപ്പുഴ ഗവ. ഡി വി എച്ച് എസ് എസ് ചാരമംഗലം സ്‌കൂളിലെ അനാമിക അജേഷ് മീറ്റ് റെക്കാര്‍ഡോടെ സ്വര്‍ണം നേടി. 13.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പുതിയ റെക്കോര്‍ഡ്. 2018ല്‍ അപര്‍ണ റോയിയുടെ 13.85 എന്ന റെക്കോര്‍ഡാണ് അനാമിക മറികടന്നത്. പോയിന്റ് നിലയില്‍ സ്‌കൂള്‍ തലത്തില്‍ 35 പോയിന്റോടെ മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇ എച്ച് എസ് എസ് ഒന്നാം സ്ഥാനത്താണ്. വി എം എച്ച് എസ് എസ് വടവന്നൂരും കെ എച്ച് എം എച്ച് എസ് ആലത്തിയൂരും 21 പോയിന്റുകളോടെ കനത്ത മത്സരമുയര്‍ത്തുന്നു.കൊടിയത്തൂരിലെ സോഫ്റ്റ്‌ബോള്‍, ബേസ്‌ബോള്‍ കോര്‍ട്ടുകള്‍ മുതല്‍ പെരുവയലിലെ നെറ്റ്‌ബോള്‍ കോര്‍ട്ടിലും കുന്ദമംഗലത്തെ വടംവലി കളത്തിലും ദേവഗിരിയിലെ ബാഡ്മിന്റണ്‍ കോര്‍ട്ടിലും ആവേശകരമായ മത്സരമാണ് നടന്നത്.ചാത്തമംഗലത്തെ യോഗയും സില്‍വര്‍ ഹില്‍സിലെയും പ്രസന്റേഷനിലെയും ബാസ്‌കറ്റ് ബോള്‍ മത്സരങ്ങളും കാണികള്‍ക്ക് ഹരം പകര്‍ന്നു.