പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കായി 1,000 കോടി രൂപയുടെ ഭവനപദ്ധതി:   നവംബർ 1ന് ആരംഭിക്കുമെന്ന് മന്ത്രി കെ.എ. തുളസി

Wait 5 sec.

പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 1,000 കോടിരൂപയുടെ പുതിയ ഭവനപദ്ധതി കേരളപ്പിറവി ദിനമായ നവംബർ 1ന് ആരംഭിക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അറിയിച്ചു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭവന പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നത്. ഈ വർഷം 25,000 പട്ടികജാതി കുടുംബങ്ങൾക്കും, 7,000 പട്ടികവർഗ കുടുംബങ്ങൾക്കും ഭവന നിർമാണ ധനസഹായം നൽകുമെന്നും സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.ഭവനപദ്ധതികളിലേക്ക് നവംബർ ഒന്നു മുതൽ 16 വൈകിട്ട് അഞ്ചുമണി വരെ അപേക്ഷ സമർപ്പിക്കാം. പട്ടിക ജാതി ഭവന പദ്ധതിയിലെ ധനസഹായത്തിനുള്ള അപേക്ഷ ബന്ധപ്പെട്ട വികസന ഓഫീസിൽ നേരിട്ടോ വകുപ്പിന്റെ പോർട്ടലിൽ ഓൺലൈനായോ അപേക്ഷിക്കാം. പട്ടികവർഗ വികസന വകുപ്പിന്റെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടികൾക്ക് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നേതൃത്വം നൽകും. നവംബർ 24 വരെ അപേക്ഷകളുടെ പരിശോധന നടത്തും. തയ്യാറാക്കിയ പട്ടിക നവംബർ 30 ന് ബന്ധപ്പെട്ട ജില്ലാ ഓഫീസർക്ക് സമർപ്പിക്കണം.ഡിസംബർ മൂന്നിന് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ ആറിനാണ് സംസ്ഥാനതല ഉദ്ഘാടനം. ഡിസംബറിൽ ആദ്യഗഡുവിതരണം ചെയ്യും. അപേക്ഷകരുടെ കുടുംബത്തിന്റെ വാർഷിക വരുമാന പരിധി മൂന്നുലക്ഷം രൂപയായിരിക്കണം. വിധവകൾ കുടുംബനാഥയായുള്ള കുടുംബങ്ങൾക്കും മാരക രോഗം ബാധിച്ച കുടുംബാംഗങ്ങളുളളവർക്കും മുൻഗണന നൽകും. പ്രത്യേക ശ്രദ്ധ അർഹിക്കുന്ന വിഭാഗങ്ങൾക്കും മുന്തിയ പരിഗണന ഉണ്ടാകും.        പട്ടികജാതി ഭവനപദ്ധതിയിൽ ഗ്രാമപരിധിയിൽ കുറഞ്ഞത് രണ്ട് സെന്റും നഗരപരിധിയിൽ കുറഞ്ഞത് ഒന്നര സെന്റും ഭൂമിയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 70 വയസ്സിന് താഴെ പ്രായമുള്ളവർ ആയിരിക്കണം. 50 വയസ്സിന് മുകളിൽ പ്രായമുള്ള അവിവാഹിതരായ വനിതകളെയും പരിഗണിക്കും. 50,000 രൂപ വരെ വാർഷിക വരുമാനം ഉള്ള കുടുംബങ്ങൾക്ക് മുൻഗണന നൽകും. വകുപ്പ് നേരിട്ടായിരിക്കും ഗുണഭോക്തൃ പട്ടിക തയ്യാറാക്കുക. നിർമിക്കുന്ന ഭവനത്തിന് 500 ചതുരശ്ര അടി വിസ്തീർണമുണ്ടായിരിക്കണം. പട്ടികവർഗ ഭവനപദ്ധതിയിൽ ഒരു ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്കും രണ്ടിലധികം വിദ്യാർഥികളുള്ള കുടുംബത്തിന് മുൻഗണന നൽകും. പട്ടികജാതി ഭവന പദ്ധതി പ്രകാരമുള്ള ഭവന ധനസഹായം നാല് ലക്ഷം രൂപയിൽ നിന്നും ആറ് ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. നാല് ഗഡുക്കളായിട്ടാവും ധനസഹായം വിതരണം.പട്ടികവർഗ ഭവന നിർമ്മാണ പദ്ധതി ധനസഹായത്തിലും രണ്ടുലക്ഷം രൂപയുടെ വർധനവ് സർക്കാർ വരുത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ വീട് വയ്ക്കുന്ന പട്ടികവർഗക്കാർക്ക് നാലിൽ നിന്നും ആറുലക്ഷം രൂപയായും, സങ്കേതങ്ങളുടെ ഉള്ളിലും സങ്കേതങ്ങളോട് ചേർന്ന് കിടക്കുന്ന ഇടങ്ങളിലും അതീവ ദുർഘട പ്രദേശങ്ങളിലും വീട് വയ്ക്കുന്ന ഗുണഭോക്കാക്കൾക്ക് ആറിൽ  നിന്നും എട്ടുലക്ഷമായും ഭവന ധനസഹായം വർധിപ്പിച്ചു. പട്ടികജാതി വിഭാഗങ്ങൾക്കായി 727.68 കോടി രൂപയുടെയും പട്ടികവർഗ വിഭാഗങ്ങൾക്കായി 252.52 കോടി രൂപയുടെയും തനത് ഭവനപദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. കൂടാതെ പ്രത്യേക ശ്രദ്ധ അർഹിക്കുന്ന പട്ടികജാതി വിഭാഗങ്ങൾക്ക് ഭവനനിർമാണ ധനസഹായത്തിന് 20 കോടി രൂപയും വിനിയോഗിക്കും. ഇതോടെ, തനത് ഭവനപദ്ധതികൾക്കായി ആകെ 1,000 കോടി രൂപ നടപ്പുവർഷം വകയിരുത്തുന്നതാണ്.ലൈഫ് പദ്ധതിയെയാണ് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ കഴിഞ്ഞ വർഷം വരെ ഭവന ധനസഹായത്തിന് ആശ്രയിച്ചത്. അർഹമായ ഭവന നിർമാണ ധനസഹായം കഴിഞ്ഞ വർഷങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ട ഈ വിഭാഗങ്ങൾക്ക് ലഭ്യമായില്ല.  2024-25 ൽ 120 കോടി രൂപയും, 2025 – 26 ൽ 105 കോടി രൂപയും ലൈഫ് മിഷനിലേക്ക് പട്ടികജാതി വികസന വകുപ്പ് നൽകി. എന്നാൽ ഒരു രൂപ പോലും ചെലവഴിക്കാതെ സാമ്പത്തിക വർഷാവസാനം ധനവകുപ്പ് ആ തുക തിരിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ എട്ട് വർഷം കൊണ്ട് പട്ടികജാതിക്കാർക്കായി ലൈഫ് മിഷൻ ആകെ 757.47 കോടി രൂപയാണ് ചെലവഴിച്ചത്. ഈ വർഷം മാത്രം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് തനത് ഭവനപദ്ധതിക്കായി വിനിയോഗിക്കുന്നത് 727. 62 കോടി രൂപയാണ്.പട്ടിക വിഭാഗങ്ങളോടുള്ള സംസ്ഥാന  സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇത് കാണിക്കുന്നത്.  പാർശ്വവൽക്കരിക്കപ്പെട്ട, ദുരിതത്തിലാണ്ട ഈ വിഭാഗങ്ങളെ കൈവിടാതെ ചേർത്ത് നിർത്തുകയാണ് സർക്കാർ. ഭവന നിർമാണത്തുക വർധിപ്പിക്കുന്ന കാര്യത്തിൽ തന്നെ ഇത് വ്യക്തമാണ്. 2009ൽ ഒരു ലക്ഷം രൂപ എന്നത് 2011 ലാണ് രണ്ട് ലക്ഷം രൂപയായി വർധിപ്പിച്ചത്. രണ്ട് ലക്ഷം- മൂന്ന് ലക്ഷം രൂപയായി വർധിപ്പിച്ചതും 2014ൽ ആണ്. 2018ലെ സർക്കാർ അത് നാല് ലക്ഷം രൂപയാക്കി. എട്ട് വർഷം അതേ നിരക്ക് തുടർന്നു. ഇപ്പോൾ  ഈ സർക്കാരാണ് ആറ് ലക്ഷം രൂപയാക്കി ഉയർത്തിയത്.പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ധനസഹായം 2009 ലെ ഒന്നേകാൽ ലക്ഷം രൂപയിൽ നിന്നും രണ്ടര ലക്ഷമാക്കി ഉയർത്തിയത് 2011 ൽ ആണ്. അത് 2015 ൽ മൂന്നര ലക്ഷമാക്കി  ഉയർത്തി. 2018 ൽ ലൈഫ് മിഷൻ തുടങ്ങിയപ്പോൾ അത് കാറ്റഗറികളായി തിരിച്ച്  നാല്  ലക്ഷം, ആറ് ലക്ഷം എന്നിങ്ങനെയാക്കി. കഴിഞ്ഞ എട്ടുവർഷമായി തുടരുന്ന ആ നിരക്കാണ് ഈ സർക്കാർ യഥാക്രമം,  ആറ് ലക്ഷം, എട്ട് ലക്ഷം എന്നിങ്ങനെ വർധിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.വകുപ്പ് സെക്രട്ടറി ഡോ. വീണാമാധവൻ, എസ് ടി ഡയറക്ടർ ബിനു ഫ്രാൻസിസ്, എസ് സി ഡയറക്ടർ ഹിമ കെ, പ്രൈവറ്റ് സെക്രട്ടറി എം എസ് ഇർഷാദ്, സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി വി ജി  മിനിമോൾ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.