ദുബൈ | ലേബലില്‍ രേഖപ്പെടുത്താത്ത അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നതും കൃത്യമായ വിപണനാനുമതി ഇല്ലാത്തതുമായ ‘ബേബി സ്ലീപ് ഗ്രൈപ് വാട്ടര്‍’ ഉത്പന്നത്തിന്റെ ചില ബാച്ചുകള്‍ ദുബൈ തിരിച്ചുവിളിച്ചു. ശിശുക്കളുടെ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് നടപടി.ഇത് സംബന്ധിച്ച് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (ഇ ഡി ഇ) ക്ലിനിക്കുകള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സര്‍ക്കുലര്‍ അയച്ചിരുന്നു. ബാച്ച് നമ്പര്‍ 25122bw ഉള്ള ഉത്പന്നങ്ങളാണ് പ്രധാനമായും തിരിച്ചുവിളിക്കുന്നത്. ഈ ഉത്പന്നത്തിന്റെ ഉപയോഗം ഉടന്‍ നിര്‍ത്തണമെന്നും വാങ്ങുന്നത് ഒഴിവാക്കണമെന്നും മാതാപിതാക്കള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.എഥനോള്‍, മെഥനോള്‍, ഐസോപ്രൊപ്പനോള്‍ തുടങ്ങിയ ആല്‍ക്കഹോളുകള്‍ അടങ്ങിയിരിക്കുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. ലേബലില്‍ രേഖപ്പെടുത്താത്ത ഈ പദാര്‍ഥങ്ങളുടെ സാന്നിധ്യം കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം ഘടകങ്ങള്‍ ചെറിയ കുട്ടികളില്‍ മയക്കം, ഓക്കാനം, ഛര്‍ദി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവക്ക് കാരണമായേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വിപണിയിലെത്തുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വിഭാഗം പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.Content Highlights: Dubai authorities recalled batches of Baby Sleep Gripe Water due to undeclared alcohol content. The Municipality advised parents to stop using the product immediately for child safety. Inspections are underway across UAE markets to remove non-compliant items and enforce strict standards.