സി. ഡഗ്ലസിനും എൻ.എൻ. റിംസണും രാജാരവിവർമ്മ പുരസ്‌കാരങ്ങൾ

Wait 5 sec.

* 2023, 2024 വർഷങ്ങളിലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുവിഷ്വൽ ആർട്ട് രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ രാജാ രവിവർമ്മ പുരസ്‌കാരം പ്രഖ്യാപിച്ചു. ആധുനിക കലാകാരിൽ ശ്രദ്ധേയനായ സി. ഡഗ്ലസ് ആണ് 2023ലെ പുരസ്‌ക്കാരത്തിന് അർഹനായത്. 2024 ലെ പുരസ്‌കാരത്തിന് പ്രശസ്ത ശില്പി എൻ.എൻ. റിംസൺ അർഹനായി. മൂന്ന് ലക്ഷം രൂപയും കീർത്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും ഉൾപ്പെട്ടതാണ് പുരസ്‌കാരം. പി.ആർ ചേംബറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ടൂറിസം, സാംസ്‌കാരികം, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്  പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.ഇന്ത്യൻ ചിത്രകലയിലുൾപ്പെടെ കലാരംഗത്ത് നിസ്തുല സംഭാവന ചെയ്ത വിഖ്യാത കലാകാരനായ രാജാ രവിവർമ്മ ഭാരതീയ മനസ്സിൽ കലയുടെ പര്യായമാണെന്ന് മന്ത്രി പറഞ്ഞു. അതിനാലാണ് വിഷ്വൽആർട്ട് രംഗത്ത് സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരം രാജാ രവിവർമ്മയുടെ നാമധേയത്തിൽ നൽകുന്നത്.മദ്രാസ് കലാപ്രസ്ഥാനത്തിന്റെ ഭാഗമായ പ്രമുഖ ഇന്ത്യൻ കലാകാരനാണ് സി. ഡഗ്ലസ്. പ്രാദേശിക മുൻഗണനകൾക്കപ്പുറം സാർവദേശീയമായ വിശ്വമാനവിക കാഴ്ചപ്പാടും ശൈലിയും അദ്ദേഹം സ്വീകരിച്ചുവെന്ന് ജൂറി വിലയിരുത്തി. മുതിർന്ന കലാകാരനായ പി. ഗോപിനാഥ് ചെയർപേഴ്‌സണും ആർ. ശാന്താമണി, ഡോ. സി.എസ്. ജയറാം, ടി.വി. സന്തോഷ്, മെമ്പർ സെക്രട്ടറി രാജി ആർ. പിള്ള (അക്കാദമി സെക്രട്ടറി ഇൻ-ചാർജ് ആയിരുന്നു) എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ഡഗ്ലസിനെ 2023ലെ രാജാ രവിവർമ്മ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. സമകാലീന ഇന്ത്യൻ ചിത്രകലയിൽ സുദീർഘവും പരീക്ഷണാത്മകവുമായ കലാപ്രവർത്തനങ്ങളാണ് ഡഗ്ലസിന്റേതെന്ന് ജൂറി ചൂണ്ടിക്കാട്ടി.മുതിർന്ന കലാകാരിയായ പുഷ്പമാല എൻ. ചെയർപേഴ്‌സണായും ആർ. നന്ദകുമാർ, സുരേന്ദ്രൻ നായർ, മെമ്പർ സെക്രട്ടറി രാജി ആർ. പിള്ള (അക്കാദമി സെക്രട്ടറി ഇൻ-ചാർജ്) എന്നിവർ അംഗങ്ങളുമായ ജൂറിയാണ് 2024ലെ രാജാ രവിവർമ്മ പുരസ്‌കാരത്തിനായി എൻ.എൻ, റിംസനെ തെരഞ്ഞെടുത്തത്. 1980കൾ മുതൽ നീളുന്ന കരിയറിൽ, ഇന്ത്യയിലും വിദേശത്തുമായി പ്രധാന പ്രദർശനങ്ങളിൽ വൈവിധ്യപൂർണവുമായ നിരവധി സൃഷ്ടികൾ പ്രദർശിപ്പിച്ച അദ്ദേഹം ശിൽപകലയിലും സമകാലീന കലയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകി. വിവിധ തലമുറകളിലെ കലാകാരന്മാരെ ഏറെ സ്വാധീനിച്ചിട്ടുള്ള കലാകാരൻ കൂടിയാണ് എൻ.എൻ, റിംസനെന്ന് ജൂറി അഭിപ്രായപ്പെട്ടു.കേരള ലളിതകലാ അക്കാദമി ചെയർമാൻ പ്രൊഫ. എസ്. പ്രകാശ് മൂർത്തി, സെക്രട്ടറി വൈക്കം എം.കെ. ഷിബു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.