ഏഴ് പതിറ്റാണ്ടുകൾ അടയാളപ്പെടുത്താൻ ‘ഫെസ്റ്റിവൽ ഓഫ് കേരളം 2026’: നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Wait 5 sec.

*ഭരണഭാഷാ പുരസ്‌കാരങ്ങൾ സമ്മാനിക്കുംസംസ്ഥാന രൂപീകരണത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ പൂർത്തിയാകുന്നതിന്റെ ഭാഗമായി കേരള സർക്കാർ സംഘടിപ്പിക്കുന്ന ‘ഫെസ്റ്റിവൽ ഓഫ് കേരളം 2026’ന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ വൈകിട്ട് നാലിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ബിപിപിആർ സെല്ലിന്റെ പോർട്ടലും ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ഭരണഭാഷാ പുരസ്‌കാര വിതരണവും നടക്കും.മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിനിമാ താരം ടൊവിനോ തോമസ് വിശിഷ്ടാതിഥിയാകും. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, സി പി ജോൺ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക്, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, സാംസ്‌കാരിക മേഖലയിലെ വ്യക്തിത്വങ്ങൾ, കലാകാരർ, കായികതാരങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, കലാപാരമ്പര്യം, കായികനേട്ടങ്ങൾ, സാമൂഹിക പുരോഗതി എന്നിവ ആഘോഷിക്കുന്നതിനും കേരളീയതയുടെ സവിശേഷതകൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുമായാണ് ഫെസ്റ്റിവൽ ഒരുക്കുന്നത്. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ ആദ്യഘട്ടമായി ചെന്നൈ, ബെംഗളൂരു, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത നഗരങ്ങളിൽ ‘ഫെസ്റ്റിവൽ കേരള’ സംഘടിപ്പിക്കുന്നുണ്ട്.‘ഗാനാഞ്ജലി : കേരളത്തിന്റെ ആത്മാവിനുള്ള സംഗീതാർച്ചന’ വൈകുന്നേരം 6 മുതൽ 8 വരെ അരങ്ങേറും. മലയാളസംഗീതത്തിന്റെ ഏഴ് പതിറ്റാണ്ടുകളായുള്ള പരിണാമയാത്രയെ സംഗീതത്തിന്റെയും ദൃശ്യാവിഷ്‌കാരത്തിന്റെയും സമന്വയത്തിലൂടെ അവതരിപ്പിക്കുന്ന ബൃഹത്തായ കലാപരിപാടിയാണിത്. നാടൻപാട്ടുകളുടെ പാരമ്പര്യം മുതൽ മലയാള നാടക-സിനിമാ സംഗീതം, പ്രകടനകലകൾ, സമകാലിക സംഗീതാവിഷ്‌കാരങ്ങൾ എന്നിവയിലൂടെ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെയും തലമുറകളുടെ ഓർമകളെയും സംഗീതത്തിലൂടെ പുനരാവിഷ്‌കരിക്കും.നാല് സർക്കാർ സംഗീത കോളേജുകളിലെ വിദ്യാർഥികളും യുവസംഗീത പ്രതിഭകളും പ്രശസ്ത പിന്നണിഗായകരും ഒരേ വേദിയിൽ അണിനിരക്കും. മലയാളസംഗീതത്തിന്റെ പൈതൃകം ആഘോഷിക്കുന്നതിനൊപ്പം വളർന്നുവരുന്ന കലാപ്രതിഭകൾക്ക് ശ്രദ്ധേയമായ വേദിയൊരുക്കുക എന്ന ലക്ഷ്യവും ഈ പരിപാടിക്കുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരളയും സംയുക്തമായാണ് ഗാനാഞ്ജലി സംഘടിപ്പിക്കുന്നത്.നർത്തകി സുമ വർമയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന പ്രത്യേക ശാസ്ത്രീയ നൃത്താവിഷ്‌കാരം രാത്രി 8 മുതൽ 9 വരെ അരങ്ങേറും. കേരളത്തിന്റെ സമ്പന്നമായ കലാപാരമ്പര്യത്തിന്റെയും ശാസ്ത്രീയ നൃത്തകലയുടെ സൗന്ദര്യത്തിന്റെയും സവിശേഷ ആവിഷ്‌കാരമായിരിക്കും. കേരളീയ കലാപൈതൃകത്തിന്റെ ഭാവസമ്പന്നതയും കലാപാരമ്പര്യത്തിന്റെ മികവും വേദിയിലെത്തിക്കുന്ന ഈ അവതരണം ഫെസ്റ്റിവലിന്റെ സാംസ്‌കാരിക പ്രൗഢിക്ക് മാറ്റുകൂട്ടും.വിശിഷ്ട വ്യക്തിത്വങ്ങൾ, കലാകാരർ, കായികതാരങ്ങൾ, വിദ്യാർഥികൾ, സാംസ്‌കാരിക പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ പങ്കാളിത്തത്തോടെ നടക്കുന്ന ആഘോഷം കേരളത്തിന്റെ സാംസ്‌കാരിക സ്വത്വവും കൂട്ടായ്മയുടെ പൈതൃകവും വിളിച്ചോതുന്ന സംസ്ഥാനതല സംഗമമാകും.