ആലുവയിലെ രണ്ട് പാലങ്ങൾ നാളെ മുതൽ അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കുക

Wait 5 sec.

എറണാകുളം| അറ്റകുറ്റപ്പണികളുടെ ഭാഗമായി കൊച്ചി ദേശീയപാതയിലെ ആലുവ മാർത്താണ്ഡവർമ പാലവും ദേശം പാലവും നാളെ മുതൽ പത്ത് ദിവസത്തേക്ക് അടച്ചിടും. നവംബർ ഏഴ് വരെ നീളുന്ന അറ്റകുറ്റപ്പണികൾ ഗതാഗതത്തെ സാരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യണമെന്ന് പോലീസ് നിർദേശിച്ചു.മാർത്താണ്ഡവർമ പഴയപാലം പൂർണമായും അടച്ച ശേഷമായിരിക്കും അറ്റകുറ്റപ്പണി നടത്തുക. അതേസമയം, മാർത്താണ്ഡവർമ പുതിയ പാലത്തിലൂടെ ഇരുവശങ്ങളിലേക്കും ഒരേസമയം ഒരു നിരയായി വാഹനങ്ങൾ കടത്തിവിടും. ദേശം പാലത്തിന്റെ ഒരു പാലത്തിലൂടെ ഒരു നിരയായി വാഹനഗതാഗതം അനുവദിക്കും.തൃശൂർ ഭാഗത്തുനിന്ന് ആലുവ, എറണാകുളം ഭാഗങ്ങളിലേക്ക് വരുന്ന വലിയ ഭാരവാഹനങ്ങൾ അങ്കമാലിയിൽനിന്ന് കാലടി–പെരുമ്പാവൂർ റോഡ് വഴി തിരിച്ചുപോകണം. എറണാകുളം ഭാഗത്തുനിന്ന് വരുന്ന വലിയ ഭാരവാഹനങ്ങൾ കളമശേരിയിൽനിന്ന് തിരിഞ്ഞ് കണ്ടെയ്നർ റോഡ് വഴി പറവൂരിലേക്കു പോകണമെന്നും നിർദേശമുണ്ട്.അങ്കമാലി, പറവൂർ ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പറവൂർ കവലയിൽനിന്ന് മണപ്പുറം ഭാഗത്തേക്ക് തിരിയാതെ ഹൈവേ വഴി മാത്രം സഞ്ചരിക്കണം. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി നിർദേശിച്ച വഴികൾ പാലിക്കണമെന്നും പോലീസ് അറിയിച്ചു.പാലങ്ങൾ അടച്ചിടുന്നത് നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രയെയും ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ വിമാനത്താവളത്തിലേക്ക് പോകുന്നവർ യാത്രാസമയം മുൻകൂട്ടി ക്രമീകരിക്കണമെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ (സിയാൽ) അഭ്യർഥിച്ചു. പത്ത് ദിവസത്തേക്ക് പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും പോലീസ് പൊതുജനങ്ങളോട് നിർദേശിച്ചു.മദ്രാസ് ഐഐടിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശോചനീയാവസ്ഥയിലുള്ള പാലങ്ങളിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നത്. പത്ത് ദിവസത്തിനകം പണികൾ പൂർത്തിയാക്കുമെന്ന് ദേശീയപാത അധികൃതർ ജനപ്രതിനിധികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.Content Highlights: Aluva Marthanda Varma and Desom bridges on the Kochi national highway will close for ten days starting tomorrow for urgent maintenance work. Heavy vehicles are diverted through alternative routes, and travelers heading to Nedumbassery airport are advised to plan ahead. The repairs are being conducted based on a report from IIT Madras to ensure safety.