മനാമ: ബഹ്റൈനിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളുടെ ക്ഷേമവും സന്തോഷവും മുൻനിർത്തി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് സംഘടിപ്പിച്ച ‘ഓട്ടം ഫെസ്റ്റ് 2026’ ശ്രദ്ധേയമായി. ബഹ്റൈന്റെ വിവിധ ഭാഗങ്ങളിലെ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 550-ഓളം തൊഴിലാളികൾ വെള്ളിയാഴ്ച (30 ഒക്ടോബർ 2026) മനാമയിലെ ഇന്ത്യൻ ക്ലബ്ബ് അങ്കണത്തിൽ നടന്ന ആഘോഷരാവിൽ പങ്കാളികളായി. ‘പ്രോട്ടിവിറ്റി ബഹ്റൈൻ’ ആയിരുന്നു പരിപാടിയുടെ പ്രധാന സ്പോൺസർമാർ.ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ചെയർമാൻ അഡ്വ. വി.കെ. തോമസ് സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഡോ. ബാബു രാമചന്ദ്രൻ, ഫ്രീഡ സെക്വേര എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര ആദ്യശുശ്രൂഷാ പരിശീലനവും, ചിന്നാസാമിയുടെ നേതൃത്വത്തിൽ ലാഫ്ടർ യോഗയും നടന്നു. തുടർന്ന് തൊഴിലാളികൾ തന്നെ മാറ്റുരച്ച ഗാനമേള, നൃത്തപരിപാടികൾ, കായിക മത്സരങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.എൽ.എം.ആർ.എ പാർട്ണർഷിപ്സ് & ഔട്ട്റീച്ച് ഡയറക്ടർ ഫഹദ് അബ്ദുൽഅസീസ് അൽ ബിൻ അലി, ലേബർ മന്ത്രാലയത്തിലെ സീനിയർ ഓക്കുമെന്റൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി, പ്രോട്ടിവിറ്റി ബഹ്റൈൻ മാനേജിംഗ് ഡയറക്ടർമാരായ ദർശൻ മേത്ത, ഗൗരവ് മേത്ത എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു. ഒക്ടോബർ മാസത്തിൽ ജനിച്ച തൊഴിലാളികളുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചത് പരിപാടിയുടെ മനോഹരമായ നിമിഷമായി മാറി.വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് മെഡലുകളും, ഇൻഡിഗോ സ്പോൺസർ ചെയ്ത ഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റും സമ്മാനമായി നൽകി. പങ്കെടുക്കാൻ എത്തിയ എല്ലാ തൊഴിലാളികൾക്കും ഗുഡി ബാഗുകളും അത്താഴക്കിറ്റും വിതരണം ചെയ്തു. ഐ.സി.ആർ.എഫ് ഭാരവാഹികളായ പങ്കജ് നല്ലൂർ, പ്രകാശ് മോഹൻ, അരുൾദാസ് തോമസ്, സുരേഷ് ബാബു, ജവാദ് പാഷ, ഉദയ് ഷാൺബാഗ്, കൺവീനർ രാജീവൻ സി.കെ എന്നിവരും നിരവധി വോളന്റിയർമാരും നേതൃത്വം നൽകി.The post ബഹ്റൈനിലെ സാധാരണക്കാരായ തൊഴിലാളികൾക്ക് സന്തോഷവും ആശ്വാസവും പകർന്ന് ഐ.സി.ആർ.എഫ് ‘ഓട്ടം ഫെസ്റ്റ് 2026’ appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.