റിയാദ്/മക്ക/മദീന | സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്കി. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ അസ്ഥിരമായ കാലാവസ്ഥ അടുത്ത ബുധനാഴ്ച വരെ തുടരും. മഴയ്ക്കൊപ്പം ശക്തമായ പൊടിക്കാറ്റ് വീശിയടിക്കാനും ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്.മക്ക പ്രവിശ്യയിലെ താഇഫ്, അദ്ഹം, മൈസാന്‍, അല്‍-അര്‍ദിയാത്ത് തുടങ്ങിയ ഭാഗങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴ വര്ഷവുമുണ്ടാകുമ്പോള്, മസ്ജിദുല്‍ ഹറം, ജുമും, അല്‍-കാമില്‍, ഖുന്‍ഫുദ, ലൈത്ത് എന്നിവിടങ്ങളില്‍ മിതമായ മഴയ്ക്കാണ് സാധ്യതയുള്ളത്. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലകളായ ജിസാന്‍, അസീര്‍, അല്‍-ബാഹ എന്നീ പ്രവിശ്യകളില്‍ കനത്ത മഴയെത്തുടര്‍ന്ന് താഴ്വരകളില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പ്രത്യേക മുന്നറിയിപ്പുണ്ട്. ഇതിനുപുറമെ മദീന, ഹാഇല്‍, അല്‍-ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍, തബൂക്ക്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ കനത്ത മഴയുള്ള സമയങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്വരകള്‍, അണക്കെട്ടുകള്‍, വെള്ളക്കെട്ടുകള്‍ എന്നിവയുടെ പരിസരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും മാറിനില്‍ക്കണമെന്ന് സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശിച്ചു. യാതൊരു കാരണവശാലും പ്രളയജലം മുറിച്ചുകടക്കാനോ വെള്ളത്തില്‍ നീന്താനോ വാഹനങ്ങളുമായി ഇറങ്ങാനോ ശ്രമിക്കരുത്. അടിയന്തര സാഹചര്യങ്ങളിലൊഴികെ കനത്ത മഴയും കാറ്റുമുള്ളപ്പോള്‍ സുരക്ഷിതമായ അടച്ചുറപ്പുള്ള സ്ഥലങ്ങളില്‍ തന്നെ തുടരാനും മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സിവില്‍ ഡിഫന്‍സ് നല്കുന്ന ഔദ്യോഗിക കാലാവസ്ഥാ നിര്‍ദ്ദേശങ്ങള്‍ മാത്രം കൃത്യമായി പിന്തുടരണമെന്നും അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടുContent Highlights: Saudi Civil Defense issued a weather alert predicting heavy rain, thunderstorms, and flash floods across various regions including Makkah and Madinah until Wednesday. Authorities urged the public to stay away from valleys and watercourses and follow safety guidelines.