ഒറിജിനൽ എന്ന ചിത്രം കാണാൻ മമ്മൂട്ടി ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് സംവിധായകൻ റമീസ്. അതേ തുടർന്ന് മേള' എന്ന സിനിമയുടെ സെറ്റിൽ പോയി അദ്ദേഹത്തെ കണ്ട് സംസാരിച്ചു. മമ്മൂട്ടിക്ക് ഒറിജിനൽ എന്ന ചിത്രത്തിൽ ഇത്ര കൗതുകം ഉണ്ടാക്കിയത് എന്താണെന്ന് അറിയില്ല. ചിത്രം കാണാമെന്ന് അദ്ദേഹം ഉറപ്പുപറഞ്ഞതായും റമീസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. റമീസിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം:മൂന്ന് ദിവസം മുമ്പ്, ഉച്ചയ്ക്ക് പ്രൊഡക്ഷൻ കൺട്രോളർ ജാവേദ്ക്കാൻ്റെ ഒരു കോൾ.. ഞാൻ ഫോൺ എടുത്തു"റമീസേ.. ഒരു ഹാപ്പി ന്യൂസ് ഉണ്ട്""എന്താ?'"മമ്മൂക്ക പടം കാണണം എന്ന് ആഗ്രഹം പറഞ്ഞിട്ടുണ്ട്""ആര്? !!!""മമ്മൂക്ക !!!"ഒരൊറ്റ നിമിഷം. മനസ്സിലൂടെ ഒരു നൂറു കഥാപാത്രങ്ങൾ ഒരു 24 ഫ്രെയിംസിൽ മിന്നി മാഞ്ഞു. ദി ഗ്രേറ്റ് മമ്മൂട്ടി..!! എൻ്റെ സിനിമ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത്രേ. അതും സിനിമ ഇറങ്ങിയ രണ്ടാം ദിവസം..."എത്രയും പെട്ടെന്ന് ക്യൂബിൽ വിളിച്ച് ഏർപ്പാട് ഉണ്ടാക്കണം"ജാവേദ്ക സംസാരിച്ച് കൊണ്ടേ ഇരിക്കുന്നുണ്ട്.. ഒന്നും തലയിൽ കയറുന്നില്ല.. എന്തായാലും ക്യൂബിൽ വിളിച്ചു. മമ്മൂക്കയുടെ ഓഫീസിൽ നിന്നും അവരെ ഓൾറെഡി കോണ്ടാക്റ്റ് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. വേണ്ട ഏർപ്പാട് ഉണ്ടാക്കി..ഒരു അര മണിക്കൂർ കഴിഞ്ഞ് മറ്റൊരു കോൾ. ബിനു പപ്പു. ഞാൻ ഫോൺ എടുത്തു."എടാ, ജോർജേട്ടൻ (മമ്മൂക്കയുടെ മാനേജർ) വിളിച്ചിരുന്നു. മമ്മൂക്കാക്ക് പടം കാണണമത്രെ.." (ബിനു ചേട്ടൻ്റെ ശബ്ദത്തിൽ ഭയങ്കര എക്സൈറ്റ്മെൻറ് ഉണ്ടായിരുന്നു..)"ഞാൻ അറിഞ്ഞു. ജാവേദ്ക വിളിച്ചിരുന്നു. ക്യൂബിൽ ഏർപ്പാടാക്കിയിട്ടുണ്ട്..""അതൊക്കെ നടന്നോട്ടെ.. നീ എന്തായാലും ജോർജ്ജേട്ടനെ ഇപ്പൊ തന്നെ വിളിക്ക്.."ഞാൻ ഹർഷദ്കാനോട് പറഞ്ഞു. ഹർഷദ്ക വിളിച്ചു. ജോർജ്ജേട്ടൻ വരാൻ പറഞ്ഞു.. അന്ന് തന്നെ.. അങ്ങനെ ഞങ്ങൾ മമ്മൂക്കയെ കാണാൻ പോവുകയാണ്. സ്ക്രീനിൽ മാത്രം കണ്ട് പരിചയിച്ച മുഖം നേരിൽ കാണാൻ പോകുന്നു..അങ്ങനെ ഞങ്ങൾ 'മേള'യുടെ സെറ്റിലെത്തി. പുറത്ത് മഖ്ബൂൽ സൽമാൻ നിൽപ്പുണ്ട്. എന്നെ കണ്ടപ്പോൾ "നിങ്ങളാണല്ലേ ഒറിജിനലിന്റെ ഡയറക്ടർ. പറഞ്ഞു കേട്ടു" എന്ന് പറഞ്ഞു. ജോർജ്ജേട്ടൻ വന്നു. ഞങ്ങളെ കൂട്ടി കാരവനിൻ്റെ അടുത്തേക്ക്.. കയറാൻ പറഞ്ഞു. അങ്ങനെ ലോകത്തിൽ അപൂർവം ചിലർക്കായി മാത്രം തുറന്ന മമ്മൂക്കയുടെ 369 നമ്പർ കാരവാൻ്റെ വാതിൽ എനിക്കു വേണ്ടിയും തുറന്നു.. ഞാൻ കയറി. ഞാൻ മമ്മൂക്കയെ കാണാൻ പോകുന്നു..അകത്ത് റിക്ക്ലൈനറിൽ പ്രൗഢഗംഭീരമായി ചാരി കിടക്കുകയാണ് മലയാള സിനിമയുടെ പാട്ട്രിയാർക്ക്.. കുലപതി..പറഞ്ഞുപറഞ്ഞ് ക്ലീഷേ ആയതാണെന്നറിയാം. എന്നാലും പറയട്ടെ. ലോകത്തിലെ ഒരു ക്യാമറക്കണ്ണുകളും അയാളുടെ സൗന്ദര്യത്തോട് നീതി കാണിച്ചിട്ടില്ല. നഗ്നനേത്രങ്ങൾ കൊണ്ട് കാണുന്ന മമ്മൂക്ക ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത മമ്മൂക്കയേക്കാൾ എത്രയോ ഗംഭീരമാണ്..ഒരു മണിക്കൂറോളം സമയം മലയാളത്തിൻ്റെ മെഗാസ്റ്ററിനൊപ്പം, ദി ഫെയ്സ് ഓഫ് ഇന്ത്യൻ സിനിമയോടൊപ്പം പങ്കുവച്ച സ്വകാര്യനിമിഷങ്ങൾ.. നർമ്മങ്ങൾ.. ഒരു നവാഗത സംവിധായകന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്ന്.. മമ്മൂക്ക തന്റെ കാരവൻ ടിവിയിൽ ഞങ്ങളുടെ ട്രെയിലർ ഞങ്ങളോടൊപ്പം കണ്ടു. അദ്ദേഹം അത് നേരത്തെ തന്നെ കണ്ടിരുന്നുവെങ്കിലും.. ഒരിക്കൽ കൂടി.. ഒരു പ്രോത്സാഹനമായി അദ്ദേഹം അത് ചെയ്തതായിരിക്കണം..അദ്ദേഹം ഷൂട്ടിംഗ് ഇല്ലാത്ത ഒരു ദിവസം ഫ്രീ ടൈം നോക്കി സിനിമ കാണാമെന്നും പറഞ്ഞു. അല്പനേരം കഴിഞ്ഞപ്പോൾ ഷോട്ട് റെഡി ആയി. മമ്മൂക്ക എഴുന്നേറ്റു. കൂടെ ഞങ്ങളും. ഷേക്ക് ഹാൻഡ് തന്നു കൊണ്ട് മമ്മൂക്ക പറഞ്ഞു.. "കാണാം"മമ്മൂക്കയുടെ കൂടെ ഞങ്ങളും ഇറങ്ങി. കാരവനിൻ്റെ പുറത്ത് മമ്മൂക്കയുടെ കോസ്റ്റ്യൂമർ നിൽപ്പുണ്ടായിരുന്നു. അയാൾ ഞങ്ങളോട് പറഞ്ഞു. "മമ്മൂക്ക ഇന്ന് ഒറിജിനലിനെ കുറിച്ച് പല വീഡിയോസ് കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു" എന്ന്. മമ്മൂക്കയ്ക്ക് ഒറിജിനലിൽ ഇത്ര കൗതുകം ഉണ്ടാക്കിയത് എന്താണെന്ന് അറിയില്ല. എന്തായാലും കാത്തിരിക്കാം. ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞ് ഈ സിനിമ കാണാൻ മമ്മൂക്ക ഫ്രീ ആവുന്ന ദിവസം വരെ.. മമ്മൂക്കാ.. ഐ ആം വെയ്റ്റിംഗ്..