അബൂദബി | യു എ ഇയില്‍ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങള്‍ 2027 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ നിയമപ്രകാരം ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളില്‍ കുറഞ്ഞത് 75 ശതമാനം മാര്‍ക്ക് നേടേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍, ഈ മാര്‍ക്ക് നേടിയതുകൊണ്ട് മാത്രം ടെസ്റ്റില്‍ വിജയിക്കാനാകില്ല. ഡ്രൈവിംഗിനിടെ അപകടകരമായ തെറ്റുകള്‍ വരുത്തിയാല്‍ എത്ര മാര്‍ക്ക് ലഭിച്ചാലും അപേക്ഷകര്‍ പരാജയപ്പെടുമെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു.പുതിയ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 68 പ്രകാരം, ആവശ്യമായ മാര്‍ക്ക് നേടിയാലും ഡ്രൈവിംഗിനിടെ അപകടകരമായ പിഴവുകള്‍ നേരിട്ടാല്‍ പരാജയപ്പെടാന്‍ കാരണമാകും. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുക, ബാരിയറിലോ നടപ്പാതയിലോ ഇടിക്കുക, ട്രാഫിക് സിഗ്നലുകളും അടയാളങ്ങളും അവഗണിക്കുക, അപകടകരമായ രീതിയില്‍ ഗിയര്‍ മാറ്റുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. അപകടം ഒഴിവാക്കാന്‍ എക്സാമിനര്‍ക്ക് ശാരീരികമായോ വാക്കാലോ ഇടപെടേണ്ടി വന്നാലും അപേക്ഷകന് പരാജയപ്പെടും. ഗുരുതരമായ പിഴവുകള്‍ക്ക് നേരിട്ട് പരാജയപ്പെടുത്തുകയും ചെറിയ പിഴവുകള്‍ക്ക് മാര്‍ക്ക് കുറക്കുകയുമാണ് ചെയ്യുകയെന്ന് ജുഡീഷ്യല്‍ കൗണ്‍സിലര്‍ ഹിശാം അല്‍ റാഫി വിശദീകരിച്ചു. എന്നാല്‍, യു എ ഇയിലുടനീളമുള്ള എല്ലാ ഡ്രൈവിംഗ് സ്കൂളുകള്‍ക്കും ഒരേ മാര്‍ക്കിംഗ് സമ്പ്രദായം നിയമം അനുശാസിക്കുന്നില്ല. ഇതിലെ കൃത്യമായ മാനദണ്ഡങ്ങള്‍ അതത് ലൈസന്‍സിംഗ് അതോറിറ്റികളാണ് തീരുമാനിക്കുന്നത്.ആര്‍ട്ടിക്കിള്‍ 69 പ്രകാരം, പ്രാക്ടിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെടുന്നവര്‍ക്ക് ലൈസന്‍സിംഗ് അതോറിറ്റി പുതിയ തീയതി നല്‍കും. വീണ്ടും ടെസ്റ്റിന് ഹാജരാകുന്നതിന് മുമ്പ് കൂടുതല്‍ ക്ലാസുകള്‍ എടുക്കണമെന്നോ നിശ്ചിത സമയം കാത്തിരിക്കണമെന്നോ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നില്ല. വീണ്ടും ഫീസ് നല്‍കണമോ എന്ന കാര്യവും ലൈസന്‍സിംഗ് അതോറിറ്റികളുടെ തീരുമാനങ്ങള്‍ക്ക് വിധേയമായിരിക്കും. 2027 ജനുവരി ഒന്നിന് മുമ്പ് ഡ്രൈവിംഗ് പഠനം ആരംഭിച്ചവര്‍ക്കും ടെസ്റ്റ് ബുക്ക് ചെയ്തവര്‍ക്കും പുതിയ നിയമം ബാധകമായിരിക്കും. ജനുവരി ഒന്ന് മുതല്‍ നടക്കുന്ന എല്ലാ ടെസ്റ്റുകളും പുതിയ നിയമപ്രകാരമായിരിക്കും വിലയിരുത്തുക. ഇതിനനുസരിച്ച് ഡ്രൈവിംഗ് സ്കൂളുകളും അതോറിറ്റികളും തങ്ങളുടെ പരിശോധനാ രീതികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.Content Highlights: The UAE has updated its driving test evaluation rules affecting license applicants. Scoring 75 percent marks will no longer guarantee passing the road test under the new criteria. Evaluators will now strictly assess critical safety faults during the final examination before awarding a license.