നന്ദി ലുലാ, മാറ്റംസാധ്യമാണെന്ന് പഠിപ്പിച്ചതിന്

Wait 5 sec.

ബ്രസീൽ പ്രസിഡന്റായി ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനെ വ്യക്തിപരമായ വിജയാവര്‍ത്തനമായോ ആ രാജ്യത്തിനകത്ത് മാത്രം ആഘോഷിക്കപ്പെടേണ്ട ഒന്നായോ കാണാനാകില്ല. ലാറ്റിനമേരിക്കയില്‍ ആഞ്ഞുവീശിക്കൊണ്ടിരുന്ന തീവ്രവലതുപക്ഷ കൊടുങ്കാറ്റിനെ ലുലയുടെ വിജയം തടഞ്ഞുനിര്‍ത്തിയിരിക്കുന്നു. താന്‍ പിന്തുണച്ചവരെ മുഴുവന്‍ ജയിപ്പിച്ചെടുക്കുമെന്ന് ഇന്ത്യയെയും കൊളംബിയയെയുമൊക്കെ ചൂണ്ടി വമ്പു പറയുന്ന ഡൊണാള്‍ഡ് ട്രംപിനുള്ള പ്രഹരവുമാണ് ഈ വിജയം. ബദല്‍ ശക്തിയായി ഉയര്‍ന്നുവരുന്ന ഗ്ലോബല്‍ സൗത്ത് കൂട്ടായ്മക്ക് വലിയ ഊര്‍ജം പകരുന്നുമുണ്ട് ഈ ചരിത്ര നേട്ടം. എല്ലാത്തിലുമുപരി, ഗസ്സയിലെ മനുഷ്യര്‍ക്ക് വേണ്ടി ധീരമായി സംസാരിച്ച ഒരു നേതാവ് ജയിച്ചുവരുന്നതിന്റെ ആഹ്ലാദവുമുണ്ട്. ഗസ്സയിലേത് യുദ്ധമല്ല, വംശഹത്യയാണെന്ന് അക്ഷരം തെറ്റാതെ പ്രഖ്യാപിച്ചയാളാണ് ലുല. മെറ്റയുടെ നീരാളിക്കൈകളെ അറുത്തുമാറ്റി നേടിയ വിജയം കൂടിയാണിത്. ലുലയുടെ ക്യാമ്പയിന്‍ ചിത്രങ്ങള്‍ക്കും കണ്ടന്റുകള്‍ക്കും ദൃശ്യത കുറയ്ക്കാനുള്ള അല്‍ഗോരിതം ഗെയിമിലേർപ്പെട്ടു, മെറ്റയുടെ എല്ലാ പ്ലാറ്റ്‌ഫോമുകളും. എതിരാളി ഫ്‌ളാവിയെ ബോല്‍സനാരോക്ക് റീച്ച് കൂട്ടാന്‍ സര്‍വ സങ്കേതവും പുറത്തെടുക്കുകയും ചെയ്തു. ഈ കുതന്ത്രത്തെ മനുഷ്യരെ അണിനിരത്തി ലുല മറികടന്നുവെങ്കിലും ഏത് രാജ്യത്തിന്റെയും തിരഞ്ഞെടുപ്പ് ഫലം അതിര്‍ത്തിക്കപ്പുറത്ത് നിശ്ചയിക്കപ്പെടുന്നുവെന്ന യാഥാര്‍ഥ്യം പേടിപ്പെടുത്തുന്നതാണ്.ലുല ഡ സില്‍വയെന്ന സോഷ്യല്‍ ഡെമോക്രാറ്റിന് ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിനെ സാമ്പത്തിക ഭദ്രതയോടെ നയിക്കാനാകുമോ? യു എസ് ചേരി ഉയര്‍ത്തുന്ന സമ്മര്‍ദങ്ങളെ അദ്ദേഹം അതിജീവിക്കുമോ? അതോ അദ്ദേഹവും കീഴടങ്ങുമോ? ഇതൊക്കെ വരുംനാളുകളില്‍ ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങളാണ്. ബ്രസീലിനെ യു എസിന്റെ അടുക്കളപ്പുറത്ത് കൊണ്ടുപോയി കെട്ടിയ ജെയര്‍ ബോല്‍സനാരോയെന്ന തീവ്രവലതുപക്ഷ നേതാവിന്റെ മകന്‍ ഫ്‌ളാവിയോ ബോല്‍സനാരോയെ ആധികാരികമായി തോല്‍പ്പിക്കാന്‍ സാധിച്ചുവെന്നത് ആഗോള രാഷ്ട്രീയ ക്രമത്തില്‍ വലിയ സ്വാധീനമുണ്ടാക്കും. അതുകൊണ്ടാണ് ലുല ആഘോഷമാകുന്നത്. അദ്ദേഹത്തിന്റെ ഇടതുകൈയില്‍ നാല് വിരലുകളേയുള്ളൂ. കൗമാരകാലത്ത് സാവോ പോളോയിലെ പ്രസ്സില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യവേ മെഷീനില്‍ കുടുങ്ങി നഷ്ടപ്പെട്ടതാണ് ചെറുവിരല്‍. ആ ഇടതു കൈ ലുലയെന്ന തൊഴിലാളിയെ അടയാളപ്പെടുത്തുന്നു. ബോൽസരാനോയിൽ നിന്നടക്കം പരിഹാസമുണ്ടായിട്ടും അദ്ദേഹമത് ഒരിക്കലും മറച്ചുവെച്ചിട്ടില്ല.ബ്രസീലില്‍ മാത്രമല്ല ലാറ്റിനമേരിക്കയിലാകെ നാലാം തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയെന്ന റെക്കോര്‍ഡിട്ടാണ് ലുലയുടെ ഇത്തവണത്തെ വിജയം. ഇന്നലെ 81ാം പിറന്നാൾ ആഘോഷിച്ച അദ്ദേഹം തുടര്‍ച്ചയായി രണ്ടാം തവണ യാണ് രാജ്യത്തെ നയിക്കാനൊരുങ്ങുന്നത്. 1985ല്‍ ബ്രസീലില്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതിന് ശേഷം, ആദ്യ റൗണ്ടിലെ പരാജയം മറികടന്ന് വിജയിച്ച ആദ്യ പ്രസിഡന്റെന്ന റെക്കോര്‍ഡും ലുലക്ക് സ്വന്തം. ആദ്യ റൗണ്ടില്‍ ആര്‍ക്കും അമ്പത് ശതമാനം വോട്ട് നേടാന്‍ സാധിക്കാതെ വന്നതോടെയാണ് ഫ്‌ളാവിയോയും ലുലയും രണ്ടാം റൗണ്ടില്‍ ഏറ്റുമുട്ടിയത്. വോട്ടെടുപ്പിന്റെ രണ്ട് റൗണ്ടുകള്‍ക്കിടയിലുള്ള മൂന്നാഴ്ചക്കുള്ളില്‍, വര്‍ക്കേഴ്‌സ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ലുല ഒരു കോടിയിലധികം വോട്ടുകള്‍ അധികമായി നേടിയപ്പോള്‍, എതിരാളിക്ക് അധികമായി ലഭിച്ചത് 36 ലക്ഷം വോട്ടുകള്‍ മാത്രമാണ്. 2022ല്‍ ഫ്‌ളാവിയോയുടെ പിതാവിനെ പരാജയപ്പെടുത്തിയതിനേക്കാള്‍ വലിയ ഭൂരിപക്ഷം ഇത്തവണ നേടാന്‍ ലുലക്ക് സാധിച്ചു.ലുലയോളംഅവസാന ദിവസങ്ങളില്‍ വലിയൊരു ഓളമുണ്ടാക്കാന്‍ ലുല ടീമിന് സാധിച്ചുവെന്നതാണ് നിര്‍ണായകമായത്. വോട്ടര്‍മാരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി അവസാന നിമിഷത്തെ നടപടികളും നിര്‍ദേശങ്ങളും ഉപകരിച്ചു. വ്യക്തിഗത സൂക്ഷ്മ സംരംഭകര്‍ക്കുള്ള വരുമാന പരിധി ഉയര്‍ത്തുന്ന നിയമം ലുല പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ കടബാധ്യതകള്‍ പുനഃക്രമീകരിക്കുന്നതിനുള്ള പുതിയ പദ്ധതി മുന്നോട്ടുവെക്കുകയും കുടുംബങ്ങളുടെ കടബാധ്യത വര്‍ധിക്കാന്‍ കാരണമായ ഓണ്‍ലൈന്‍ വാതുവെപ്പുകള്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ട്രംപിന്റെ ആശീര്‍വാദം ബോല്‍സനാരോക്ക് വിനയായി. പശ്ചിമേഷ്യയിലെ ട്രംപിന്റെ വിഡ്ഢിത്തങ്ങള്‍ അത്രക്ക് കേമമായിരുന്നല്ലോ.ഫലം അംഗീകരിക്കില്ലെന്നും തെരുവില്‍ ചോദ്യം ചെയ്യുമെന്നും പ്രഖ്യാപിച്ച്, നാല് വര്‍ഷം മുമ്പ് പിതാവ് ചെയ്തത് ആവര്‍ത്തിക്കാന്‍ നോക്കുന്നുണ്ട് ഫ്‌ളാവിയോ. വോട്ടെടുപ്പ് സമയം രണ്ട് മണിക്കൂര്‍ കൂടി നീട്ടിയ സുപ്രീം ഫെഡറല്‍ കോടതി തീരുമാനത്തെയാണ് തോറ്റയാള്‍ പ്രശ്‌നവത്കരിക്കുന്നത്. എന്നാല്‍ കാലാവസ്ഥയടക്കം കണക്കിലെടുത്ത്, കോടതിയുടെ അനുമതിയോടെ കൈകൊണ്ട ഈ തീരുമാനത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പില്‍ അനീതി ആരോപിക്കാനാകില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. അതുകൊണ്ട് ഫ്‌ളാവിയോയുടെ പ്രക്ഷോഭ ആഹ്വാനം പാളിപ്പോകാനാണ് സാധ്യത.ഒറ്റക്കാണ്അര്‍ജന്റീനയില്‍ 2023ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചത് തീവ്ര ലിബര്‍ട്ടേറിയന്‍ ആശയധാരയിലുള്ള ഹാവിയര്‍ മിലിയായിരുന്നു. ട്രംപിസത്തിന്റെ വക്താവാണ് മിലി. ചിലിയില്‍ കടുത്ത വലതുപക്ഷവാദി ജോസ് അന്റോണിയോ കാസ്റ്റ് ജയിച്ചുവന്നത് ഈ വര്‍ഷം തുടക്കത്തില്‍. കുടിയേറ്റവിരുദ്ധതയുടെ ആള്‍രൂപമാണയാള്‍. പോലീസ് പണി മാത്രമേ സര്‍ക്കാര്‍ എടുക്കേണ്ടതുള്ളൂവെന്നാണ് കാസ്റ്റിന്റെ വാദം. കൊളംബിയയില്‍ ഈ വര്‍ഷം ജൂണില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ജയിച്ചത് ട്രംപിന്റെ മറ്റൊരാരാധകന്‍ അബെലാര്‍ഡോ ഡി ലാ എസ്പ്രിയേല. ഇതാണ് നടേ സൂചിപ്പിച്ച തീവ്രവലതുപക്ഷ കൊടുങ്കാറ്റ്. ഈ തരംഗത്തെ ലുല മറികടന്നുവെന്നത് നേരാണ്. പക്ഷേ, ബ്രസീലില്‍ ഇതേ മനുഷ്യത്വവിരുദ്ധ ആശയധാരക്ക് ഇപ്പോഴും മേല്‍ക്കൈയുണ്ട്. പാര്‍ലിമെന്റിലും സംസ്ഥാന സര്‍ക്കാറുകളിലും വലതുപക്ഷത്തിനുള്ള സ്വാധീനം തുടരുകയാണ്. ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തിലും ലുല ഡ ഡിസല്‍വയുടെ പ്രയാണത്തിന് വേഗം കുറയ്ക്കുക ഈ വൈരുധ്യമായിരിക്കും. അദ്ദേഹം നേരിടുന്ന ആദ്യ വെല്ലുവിളി നിയമനിര്‍മാണവുമായി ബന്ധപ്പെട്ടതായിരിക്കും. 513 അംഗങ്ങളുള്ള ചേംബര്‍ ഓഫ് ഡെപ്യൂട്ടീസില്‍ 303 സീറ്റുകളും വലതുപക്ഷ പാര്‍ട്ടികള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന് 124 സീറ്റുകളും മധ്യപക്ഷത്തിന് 86 സീറ്റുകളുമാണുള്ളത്. തന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനും സര്‍ക്കാറിന്റെ മുന്‍ഗണനകള്‍ സംരക്ഷിക്കുന്നതിനും ലുലയ്ക്ക് തന്റെ രാഷ്ട്രീയധാരക്ക് പുറത്തുള്ളവരുടെ സഹായം വേണ്ടിവരും.സാമ്പത്തിക പ്രതിസന്ധി മറികടക്കുകയെന്നത് വലിയ വെല്ലുവിളിയാകും. കടബാധ്യത, ബജറ്റ് കമ്മി, ഉയര്‍ന്ന പലിശ നിരക്കുകള്‍ എന്നിവ സര്‍ക്കാറിന്റെ ചെലവ് വര്‍ധിപ്പിക്കാനുള്ള കഴിവിനെ പരിമിതപ്പെടുത്തും. സാമൂഹിക ക്ഷേമ പദ്ധതികളെ അപകടത്തിലാക്കാതെ, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ എങ്ങനെ പണം കണ്ടെത്താം എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍. അനുകൂലമല്ലാത്ത കോണ്‍ഗ്രസ്സ് (പാര്‍ലിമെന്റ്) നിലനില്‍ക്കെ, ആര് പണം നല്‍കണം, എവിടെയൊക്കെ ചെലവ് വെട്ടിക്കുറയ്ക്കണം തുടങ്ങിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ലുലയുടെ സ്റ്റേറ്റ്്സ്മാന്‍ഷിപ്പ് പരീക്ഷിക്കപ്പെടും. തീര്‍ച്ചയായും സുരക്ഷാ പ്രശ്‌നങ്ങള്‍ ബ്രസീലിലും ചര്‍ച്ചാ വിഷയമാണ്. ഇക്കാര്യത്തില്‍ വലതുപക്ഷത്തിന്റെ ആശയത്തിനൊപ്പം നീങ്ങാന്‍ ലുല ഇപ്പോഴേ തയ്യാറായിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ക്രിമിനല്‍ ഉത്തരവാദിത്വം വരുന്ന പ്രായപരിധി 16 വയസ്സായി കുറയ്ക്കാന്‍ തയ്യാറാണെന്ന് പ്രചാരണഘട്ടത്തില്‍ അദ്ദേഹം സൂചിപ്പിച്ചിരുന്നു.തുടര്‍ച്ച വേണംപ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാനുള്ള ഇടതുപക്ഷത്തിന്റെ കഴിവില്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വാധീനത്തിന് വലിയ പങ്കുണ്ട്. അതുകൊണ്ട് തനിക്ക് ശേഷം ആ വിജയം നിലനിര്‍ത്താന്‍ കെല്‍പ്പുള്ള നേതാക്കളെ വളര്‍ത്തിക്കൊണ്ടുവരിക എന്ന വെല്ലുവിളിയും ലുലക്ക് മുമ്പിലുണ്ട്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സമ്പദ്്വ്യവസ്ഥയുടെ തലവന്‍ എന്ന നിലയിലും ചൈനയെ പ്രധാന വ്യാപാര പങ്കാളിയായി കണക്കാക്കുന്ന ഭരണകൂടത്തിന്റെ നേതാവ് എന്ന നിലയിലും, വാഷിംഗ്ടണിന്റെ വ്യാപാര- രാഷ്ട്രീയ തന്ത്രങ്ങളെ ചെറുക്കാന്‍ ലുലക്ക് ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. അതുപക്ഷേ, ലാറ്റിനമേരിക്കയിലെ “പിങ്ക് തരംഗ’ ( ഇടതുപക്ഷ തരംഗം) കാലത്തായിരുന്നു. ഇന്ന് ലുല ഒറ്റക്കാണ്. ബ്രിക്‌സിന് പരിമിതികളുണ്ട്. ട്രംപിന്റെ ഉറ്റ സുഹൃത്ത് മോദിയൊക്കെയാണല്ലോ അവിടെയുള്ളത്. അതുകൊണ്ട് അമേരിക്കയുമായി അഥവാ ട്രംപുമായി വലിയൊരു ഏറ്റുമുട്ടലിലേക്ക് അദ്ദേഹം പോകില്ലെന്നാണ് തോന്നുന്നത്. ഫലസ്തീന്‍ അടക്കമുള്ള അടിസ്ഥാന വിഷയങ്ങളില്‍ തന്റെ നിലപാടില്‍ നില്‍ക്കുമ്പോഴും യു എസ് ചേരിയുമായി പരമാവധി സഹകരിച്ച് പോകുകയാകും ചെയ്യുക. അപ്പോഴും, നിലക്കാത്ത കൈയടി നേടിയ ആ പ്രഖ്യാപനം അദ്ദേഹം മറക്കില്ല- “ബ്രസീല്‍ ആരുടെയും കോര്‍ട്ട് യാര്‍ഡ് (പിന്‍മുറ്റം) അല്ല’. സെര്‍ബിയയിലെ വിദ്യാര്‍ഥി മുന്നേറ്റം അവിടെ ഭരണമാറ്റം തന്നെ സാധ്യമാക്കിയിരിക്കുന്നു. വലതുപക്ഷത്തിന്റെ തന്ത്രങ്ങളില്‍ വീഴാതിരിക്കാനുള്ള ജാഗ്രത ബ്രസീലിയന്‍ ജനത പുറത്തെടുത്തിരിക്കുന്നു. യൂറോപ്പിലാകെ പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്നു. യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെ ട്രംപ് അവിടെ വെള്ളം കുടിക്കുന്നു. മാറ്റം സാധ്യമാണ്, ഇന്ത്യയിലും.