കോഴിക്കോട് | സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്നു സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിന് അറസ്റ്റിലായ കായികാധ്യാപകന് തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചയാള്‍. ഇയാളെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.എറണാകുളം പെരുമ്പാവൂര്‍ ക്രാരിയേലി പാറക്കല്‍ ജിജോ ജെയിംസിനെയാണ് (35) കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 2020ല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജിജോ ജെയിംസ് മത്സരിച്ചിരുന്നു. കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ പ്രതിച്ഛായ തകര്‍ക്കുന്നതിനും മേളയുടെ സുഗമമായ നടത്തിപ്പ് തടസ്സപ്പെടുത്തുന്നതിനുമായി ബോധപൂര്‍വമായ നീക്കം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.കായിക മേളയുടെ നിറം കെടുത്താന്‍ രാഷ്ട്രീയ ഗൂഡാലോചന നടന്നതായി സംഘാടകരും സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രിയും ആരോപിച്ചിരുന്നു. കോഴിക്കോട് എന്‍ ഐ ടി മൈതാനത്ത് നടക്കുന്ന കായികമേളയുടെ ഭക്ഷണവിതരണ കേന്ദ്രത്തില്‍ കായികതാരങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമായി തയ്യാറാക്കിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്നായിരുന്നു ആരോപണം. ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന് അവകാശപ്പെട്ട് ജിജോ ജെയിംസ് ഫേസ്ബുക്ക് ലൈവിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്.സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കകളും പ്രതിഷേധങ്ങളും ഉയര്‍ന്നു. ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം സംഘാടകര്‍ നിഷേധിച്ചു. ഭക്ഷണത്തില്‍ നിന്ന് ലഭിച്ചതെന്ന വ്യാജേന പുഴുവിനെ പ്രദര്‍ശിപ്പിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നത്.കായികമേളയിലെ ഭക്ഷണത്തിന്റെ ചുമതല വഹിക്കുന്ന പഴയിടം മോഹനന് നമ്പൂതിരിയും ആരോപണത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. മണിക്കൂറുകളോളം തിളപ്പിച്ച് തയ്യാറാക്കുന്ന സാമ്പാറില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയെന്ന വാദം വിശ്വസനീയമല്ലെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹവും ആവശ്യപ്പെട്ടിരുന്നു. ഇനിയും മേളകള്‍ നടക്കാനുണ്ടെന്നും ഇതിലും വലിയ നീക്കങ്ങള്‍ പലതും നടന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.കായികമേളയുടെ കണ്‍വീനര്‍ പി കെ അരവിന്ദന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്ദമംഗലം പോലീസ് കേസെടുത്തത്. തുടര്‍ന്ന് ജിജോ ജെയിംസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.Content Highlights: A physical education teacher and former UDF candidate, Jijo James, was arrested for spreading fake videos claiming worms were found in food at the Kerala State School Sports Meet in Kozhikode. Organizers and caterer Pazhayidam Mohanan Namboothiri dismissed the allegations as a political conspiracy.