കൊച്ചി | ചേരാനല്ലൂരില്‍ അപകടം വരുത്തിയ 17കാരനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം സംഘം. കാര്‍ മാത്രമല്ല, ആഡംബര ബൈക്കും ഓടിച്ചിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. 17കാരന് ഓടിച്ച ബെന്‍സ് കാറിന്റെ ഉടമയായ ജഡ്ജിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആഡംബര ബൈക്ക് കണ്ടെത്തിയത്. ഇയാള്‍ ബൈക്ക് ഓടിക്കാറുണ്ടെന്ന് ഫ്ളാറ്റ് ജീവനക്കാരനായ ഒരാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 17കാരന് ബൈക്കില്‍ പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും ജില്ലാ ക്രൈംബ്രാഞ്ചിന് ലഭിച്ചു.17കാരന്റെ ജാമ്യം റദ്ദാക്കാനുള്ള പോലീസിന്റെ അപേക്ഷ എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും. ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിക്കും.ക്രൈംബ്രാഞ്ചും പോലീസും ചേര്‍ന്നാണ് ജഡ്ജിയുടെ വീട്ടില്‍ ഏഴ് മണിക്കൂര്‍ നീണ്ട പരിശോധന നടത്തിയത്. ഡിജിറ്റല്‍ ഉപകരണങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തു. ഫ്ളാറ്റിലെ സി സി ടി വി ദൃശ്യങ്ങളും വാഹനത്തിന്റെ രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകട ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് സി ഐ. കെ എസ് ശ്യാംകുമാര്‍ ഉള്‍പ്പെടെയുള്ള നാല് പോലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. ശ്യാംകുമാറിന് പുറമെ, എസ് എച്ച് ഒ. വി എസ് വിശ്വജിത്ത്, എ എസ് ഐ. കെ ടി മനോജ്, സി പി ഒ. അരുണ്‍ ജോഷി എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. സംഭവസ്ഥലം സന്ദര്‍ശിച്ച് എ ഡി ജി പി. പി വിജയന് നല്കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡിലായിരുന്നു അപകടം. അഡീഷണല്‍ ജഡ്ജിയുടെ മകന് ഓടിച്ച ബെന്‍സ് കാറിടിച്ച് എറണാകുളം വടക്കന്‍ പറവൂരിന് സമീപത്തെ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരണപ്പെടുകയായിരുന്നു.Content Highlights: The investigation team revealed that a 17-year-old was driving a luxury bike during the Cheranalloor accident. Police are examining ownership details and legal violations linked to permitting a minor to drive. Legal action is expected against those responsible for providing the vehicle.