യു എ ഇയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ മതിയായ ആരോഗ്യ ഇന്‍ഷ്വറന്‍സ് ഉറപ്പാക്കണം; എംബസ്സിയും കോണ്‍സുലേറ്റും

Wait 5 sec.

അബൂദബി | യു എ ഇയില്‍ താമസിക്കുന്നവരും ഇവിടേക്ക് സന്ദര്‍ശനത്തിനായി എത്തുന്നവരുമായ മുഴുവന്‍ ഇന്ത്യക്കാരും മതിയായ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്ന് അബൂദബിയിലെ ഇന്ത്യന്‍ എംബസ്സിയും ദുബൈയിലെ കോണ്‍സുലേറ്റും നിര്‍ദേശിച്ചു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും മതിയായ ഇന്‍ഷ്വറന്‍സ് ഇല്ലാത്തതു കാരണം പലരും വന്‍ സാമ്പത്തിക ബാധ്യത നേരിടുന്നതിനാലാണ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. ചികിത്സാ ചെലവുകള്‍ താങ്ങാന്‍ കഴിയാതെ രോഗികളും കുടുംബാംഗങ്ങളും വലിയ പ്രതിസന്ധിയിലാകുന്ന നിരവധി കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.സന്ദര്‍ശക വിസയിലും ടൂറിസ്റ്റ് വിസയിലും എത്തുന്നവര്‍ യാത്ര തിരിക്കുന്നതിന് മുമ്പ് തന്നെ ക്യാഷ്്‌ലെസ് സൗകര്യങ്ങളോടു കൂടിയ അനുയോജ്യമായ ഇന്‍ഷ്വറന്‍സ് എടുത്തിരിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ രോഗികളെ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകള്‍ കൂടി ഇതില്‍ ഉള്‍പ്പെടണം. തൊഴില്‍ വിസയില്‍ യു എ ഇയില്‍ കഴിയുന്നവരും അവരുടെ ആശ്രിതരും തങ്ങളുടെ നിലവിലെ ഇന്‍ഷ്വറന്‍സ് യു എ ഇയിലെ മുഴുവന്‍ ചികിത്സാ ചെലവുകള്‍ക്കും നാട്ടിലേക്കുള്ള യാത്രക്കും മതിയായതാണോ എന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലാണ് മാര്‍ഗനിര്‍ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചിട്ടുള്ളത്.സാധാരണക്കാരായ പ്രവാസി തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ കോണ്‍സുലേറ്റ് കുറഞ്ഞ നിരക്കിലുള്ള ലൈഫ് പ്രൊട്ടക്ഷന്‍ പ്ലാന്‍ ഇന്‍ഷ്വറന്‍സ് പദ്ധതികളും ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. സ്വാഭാവികമോ അപകടകരമോ ആയ മരണങ്ങള്‍, അപകടങ്ങള്‍ മൂലമുള്ള വൈകല്യം തുടങ്ങിയവക്ക് സാമ്പത്തിക പരിരക്ഷ നല്‍കുന്ന ഈ പദ്ധതി 2025 ല്‍ കൂടുതല്‍ വിപുലീകരിച്ചിരുന്നു. 18 മുതല്‍ 69 വയസ്സ് വരെയുള്ള തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം വെറും 32 ദിര്‍ഹം പ്രീമിയത്തില്‍ 35,000 ദിര്‍ഹത്തിന്റെ പരിരക്ഷയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്.Content Highlights: The Indian Embassy and Consulate General in the UAE have urged all Indian nationals residing in the country to maintain valid health insurance coverage. Officials highlighted that proper insurance ensures access to essential medical services and financial protection during emergencies for expats.