കൊച്ചി | എറണാകുളം മാര്‍ക്കറ്റിലെ കടവുംഭാഗം സിനഗോഗിന് തീവെച്ച കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) ഏറ്റെടുത്തു. ഇന്ത്യയിലെ ജൂതമത വിശ്വാസികളില്‍ ഭീതിയുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് യു എ പി എയിലെ 16(1)(ബി) വകുപ്പ് ചുമത്തി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടില്‍ പോലീസ് റിപോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണിത്.കേസിലെ മുഖ്യപ്രതിയായ എബിന് പി പോളിനെതിരെ യു എ പി എ (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) ചുമത്തിയിരുന്നു. ഇതിനു ശേഷമാണ് കേസ് എന്‍ ഐ എക്ക് കൈമാറിയത്. കേസ് ഭീകരവിരുദ്ധ സ്ക്വാഡ് (എ ടി എസ്) ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തിന് തീവ്രവാദ സ്വഭാവമുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. പ്രതിക്കെതിരെ മൂവാറ്റുപുഴയില്‍ മറ്റ് മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമ്പലംപടിയിലെ നാരായണ മന്ദിരം വീട്ടില്‍ രണ്ടുതവണ പെട്രോളൊഴിച്ച് തീവെച്ചതിലും വാളകം മേക്കടമ്പിലെ യൂസ്ഡ് കാര്‍ ഷോറൂമിന് തീയിടാന്‍ ശ്രമിച്ച സംഭവത്തിലുമാണ് കേസ്.പ്രതിയുടെ പശ്ചാത്തലം കണ്ടെത്താനായി അന്വേഷണം പൂനെയിലേക്കും വ്യാപിപ്പിച്ചിരുന്നു. എബിന് പോള്‍ ഇന്റീരിയര്‍ ഡിസൈനിങ് പഠിച്ച പൂനെയിലെ സിംബയോസിസ് കല്പിത സര്‍വകലാശാലയിലെ അധ്യാപകരില്‍ നിന്നും സഹപാഠികളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കും. പ്രതിയുടെ യഥാര്‍ഥ ലക്ഷ്യം എന്തായിരുന്നുവെന്ന് വ്യക്തമാകാന്‍ ഇയാളുടെ ഫോണ്‍, ലാപ്ടോപ്പ് എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്.‘ബോസ്’ എന്ന വിളിപ്പേരിലുള്ളയാളുടെ നിര്‍ദേശപ്രകാരമാണ് തീവെച്ചതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ‘വിക്രം’, ‘എസ് ആര്’ എന്നീ പേരുകളും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ മൂന്നുപേരും ഒരാള്‍ തന്നെയാണോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.പ്രതിക്ക് ക്രിപ്റ്റോ കറന്‍സി വഴി പണമെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്ന് പോലീസ് പറയുന്നത്. ‘ബോസ്’ ഡാര്‍ക്ക് വെബ്ബില്‍ പങ്കുവെച്ച പോസ്റ്റുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഡാര്‍ക്ക് വെബ്ബിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളുമായി ഇയാള്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതിനിടെ, ഉത്തരേന്ത്യയിലെ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘമായ ലോറന്‍സ് ബിഷ്ണോയ് സംഘത്തെ കുറിച്ച് ‘ബോസ്’ ഇന്റര്‍നെറ്റിലും ഡാര്‍ക്ക് വെബ്ബിലും തിരഞ്ഞതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാള്‍ ചിലരുമായി നടത്തിയ ചാറ്റുകളില്‍ ബിഷ്ണോയ് സംഘത്തെ പറ്റി പരാമര്‍ശിക്കുന്നുണ്ടെങ്കിലും നിലവില്‍ ഇവര്‍ക്ക് കേസുമായി നേരിട്ട് ബന്ധമുള്ളതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സെന്‍ട്രല്‍ പോലീസ് അറിയിച്ചു.Content Highlights: The National Investigation Agency has officially taken over the investigation into the Kochi synagogue arson case. The central agency aims to examine potential security threats and broader angles involved in the incident. Further inquiry is currently underway by the agency.