‘പ്രതി’ ഒരു ന്യായാധിപനാണ്

Wait 5 sec.

രാജ്യത്തെ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പില്‍ ന്യായാസനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് ഡല്‍ഹിയിലും വിവിധ നഗരങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളോട് കോടതികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാട് ശ്രദ്ധിച്ചാല്‍ ബോധ്യമാകും. രാജ്യം ഭരിക്കുന്നവരുടെ താത്പര്യത്തിനൊപ്പം അയഞ്ഞും മുറുക്കിയുമുള്ള സമീപനമാണ് നീതിപീഠത്തിന്റേതെന്ന വിമര്‍ശത്തിന് അടിവരയിടുന്നതായിരുന്നു സുപ്രീം കോടതിയിലെ പ്രഗത്ഭ അഭിഭാഷകനായ കപില്‍ സിബല്‍ ഈയിടെ നടത്തിയ പ്രസ്താവന. പൂര്‍ണ നീതി ലഭിക്കുന്നില്ലെന്നതിനാല്‍ കോടതിയെ സമീപിച്ച് മടുത്തു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭരണകൂടത്തിന് ഒരിക്കലും നീതിപീഠത്തെ വരുതിയിലാക്കാനാകില്ലെന്ന വിശദീകരണം അദ്ദേഹം പിന്നീട് നല്‍കിയെങ്കിലും ഭരണഘടനാ കോടതികളുടെ സമീപകാല ഇടപെടലുകളില്‍ രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ നിരാശരാണെന്നതാണ് നേര്. അതിനിടെയാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ സ്തോഭജനകമായ വെളിപ്പെടുത്തലുകള്‍ അദ്ദേഹത്തിനൊപ്പം സുപ്രീം കോടതി ജഡ്ജിയായിരുന്ന സഞ്ജയ് കിഷന്‍ കൗള്‍ നടത്തിയിരിക്കുന്നത്.2014 മുതല്‍ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടെ ഏറ്റവും കൂടുതല്‍ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലിരുന്നത് ഡി വൈ ചന്ദ്രചൂഡാണ്. രണ്ട് വര്‍ഷമാണ് അദ്ദേഹം ആ പദവി അലങ്കരിച്ചത്. ഏഴുവര്‍ഷക്കാലം സുപ്രീം കോടതി മുഖ്യ ന്യായാധിപ പദവിയിലിരുന്ന വൈ വി ചന്ദ്രചൂഡാണ് രാജ്യ ചരിത്രത്തില്‍ കൂടുതല്‍ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചത്. അദ്ദേഹത്തിന്റെ മകനാണ് കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായി സഞ്ജയ് കിഷന്‍ കൗള്‍ നടത്തിയ സംഭാഷണത്തിലെ കഥാനായകനായ ഡി വൈ ചന്ദ്രചൂഡ്. എസ് കെ കൗളിന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ടായിരുന്നു പ്രസ്തുത സംഭാഷണം.ചന്ദ്രചൂഡിന്റെ അകവും പുറവുംതന്റെ അറിവിന്റെയും പ്രാവീണ്യത്തിന്റെയും തിരശ്ശീലയില്‍ ഭരണകൂട വിധേയത്വത്തെ മറച്ചുപിടിക്കാന്‍ ആവതു ശ്രമിച്ച ന്യായാധിപനാണ് ഡി വൈ ചന്ദ്രചൂഡ്. സ്വയം എടുത്തണിഞ്ഞ പുരോഗമനപ്പട്ടവും ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെ ഓര്‍മിപ്പിക്കുന്ന ഭാഷാ സൗന്ദര്യവും ഏറ്റവും നൂതന ടെക്നോളജിയിലേക്ക് നീതിപീഠത്തെ പരിവര്‍ത്തിപ്പിക്കാന്‍ നിരന്തരം നടത്തിയ ശ്രമവുമെല്ലാം സുപ്രീം കോടതിയിലെ ചന്ദ്രചൂഡിന്റെ ജുഡീഷ്യല്‍ കരിയറാനന്തരം അദ്ദേഹം സ്വാഭാവികമായി ഓര്‍മിക്കപ്പെടാന്‍ ഇടയാക്കിയേക്കാവുന്ന കാര്യങ്ങളാണ്. എന്നാല്‍ രാജ്യത്തെ ജനാധിപത്യ ഉണര്‍വിന്റെ നിര്‍ണായക ദശാസന്ധിയില്‍ ചന്ദ്രചൂഡ് രണ്ടാമന്റെ മുഖംമൂടി അഴിഞ്ഞു വീണിരിക്കുകയാണിപ്പോള്‍.ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള വിധിന്യായമായിരുന്നല്ലോ ബാബരിയില്‍ ഉണ്ടായത്. ബാബരിയിലെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഏകകണ്ഠ വിധിയെഴുതിയത് ആരാണെന്നത് പരമോന്നത നീതിപീഠം വെളിപ്പെടുത്തിയിരുന്നില്ല. ഡി വൈ ചന്ദ്രചൂഡായിരുന്നു വിധിയെഴുതിയത് എന്ന് പിന്നീട് പുറത്തറിഞ്ഞെങ്കിലും അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആദ്യഘട്ടത്തില്‍ അദ്ദേഹം തയ്യാറായിരുന്നില്ലെന്നോര്‍ക്കണം. ബാബരിയില്‍ വിധിയെഴുതിയത് ഡി വൈ ചന്ദ്രചൂഡായിരുന്നു എന്ന് മാലോകര്‍ അറിഞ്ഞതിന് ശേഷം മാത്രമാണ് ‘ദൈവവിളി സിദ്ധാന്ത’വുമായി അദ്ദേഹം രംഗത്തെത്തിയത്. അതായത് ദൈവത്തിന് മുമ്പില്‍ മനസ്സ് തുറന്നപ്പോഴാണ് ബാബരിയില്‍ അത്തരമൊരു വിധിയെഴുതാനായത് എന്ന് പറഞ്ഞതിലൂടെ സ്വയം വെളിപ്പിച്ചെടുക്കാനുള്ള ശ്രമം നടത്തുകയായിരുന്നു ചന്ദ്രചൂഡ് രണ്ടാമന്‍.പ്രത്യക്ഷത്തില്‍ നിരുപദ്രവമെന്ന് തോന്നുന്നതും എന്നാല്‍ ഭരണഘടനാപരമായി കടുത്ത പ്രത്യാഘാതമുണ്ടാക്കുന്നതുമായ വിധികളിലൊന്ന് ചീഫ് ജസ്റ്റിസായിരിക്കെ പുറപ്പെടുവിച്ചിരുന്നു ഡി വൈ ചന്ദ്രചൂഡ്. ഭരണഘടനയുടെ മൗലിക ഘടനക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി ഒരു നിയമത്തെ റദ്ദാക്കാനാകില്ലെന്നും മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാകണം അതെന്നുമുള്ള, ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി മൂന്നംഗ ബഞ്ച് വിധി പുറപ്പെടുവിച്ചത് 2024 നവംബര്‍ അഞ്ചിനായിരുന്നു. ഭരണഘടനയുടെ മൗലിക ഘടനയുടെ ഭാഗമായ മതനിരപേക്ഷത, ഫെഡറലിസം, ജനാധിപത്യ റിപബ്ലിക് തുടങ്ങിയ ആശയങ്ങള്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ മൗലികാവകാശങ്ങളെ മുന്‍നിര്‍ത്തിയേ ഒരു നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യാനാകൂ എന്ന നിലപാട് ഭരണകൂട മുതലെടുപ്പിനുള്ള അവസരം തുറന്നിടാനേ ഉപകരിക്കുകയുള്ളൂ.വെളിപ്പെടുത്തലുകളില്‍ വിയര്‍ക്കുംസുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ന്യായാധിപ നിയമനങ്ങളെ എക്സിക്യൂട്ടീവിന്റെ സ്വാധീന വലയത്തില്‍ നിന്ന് മുക്തമാക്കാനുള്ള മാര്‍ഗമായാണ് കൊളീജിയം സംവിധാനം കടന്നുവരുന്നത്. അടിയന്തരാവസ്ഥക്കാലത്തെ ദുരനുഭവങ്ങളാണ് കൊളീജിയം സംവിധാനം പിറക്കുന്നതില്‍ നിര്‍ണായകമായത്. അതൊരു അന്യൂന സംവിധാനമല്ലെങ്കിലും മറ്റൊരു വഴി നമുക്ക് മുമ്പിലില്ലെന്നതാണ് സത്യം. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിറകെ കൊളീജിയം സംവിധാനത്തെ ഒഴിവാക്കി പകരം ഭരണകൂടത്തിന് കാര്‍മികത്വമുള്ള നാഷനല്‍ ജുഡീഷ്യല്‍ അപ്പോയിമെന്റ്സ് കമ്മീഷന്‍ കൊണ്ടുവരാനുള്ള ശ്രമം നടത്തിയത് തന്നെ ന്യായാധിപ നിയമനങ്ങളില്‍ തങ്ങളുടെ അഭീഷ്ടം നടപ്പാക്കപ്പെടില്ലെന്ന ആശങ്കയിലാണല്ലോ.ന്യായാധിപ നിയമനങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കൊളീജിയം ഔദ്യോഗികമായി ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് തന്നെ കേന്ദ്ര സര്‍ക്കാറുമായി ഡി വൈ ചന്ദ്രചൂഡ് സ്വന്തം നിലയില്‍ സംസാരിച്ച് തീര്‍പ്പിലെത്താറുണ്ടായിരുന്നു എന്ന സഞ്ജയ് കിഷന്‍ കൗളിന്റെ വെളിപ്പെടുത്തല്‍ ഭരണഘടനക്ക് വിലകല്‍പ്പിക്കാതിരുന്ന ഒരു മുന്‍ ചീഫ് ജസ്റ്റിസിന്റെ അത്യന്തം ഗുരുതര പ്രവൃത്തിയായാണ് മനസ്സിലാക്കേണ്ടത്. ഭരണകൂടത്തിനും നീതിപീഠത്തിനുമിടയിലുള്ള അധികാര വിഭജനവും നീതിന്യായ സ്വാതന്ത്ര്യവുമാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ അടിത്തറ. അത് രണ്ടും സമാനതകളില്ലാത്തവിധം പണയപ്പെടുത്തിയ ഡി വൈ ചന്ദ്രചൂഡ് ഭരണഘടനയോടും രാജ്യത്തോടും മഹാപാതകമാണ് ചെയ്തുവെച്ചത്. സമീപകാലത്ത് താരതമ്യേനെ ദീര്‍ഘകാലം ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ഡി വൈ ചന്ദ്രചൂഡ് പരമോന്നത നീതിപീഠത്തെ ഭരണകൂടത്തിന്റെ ശാഖയായി മാറ്റുന്ന വിധത്തില്‍ പ്രവൃത്തിച്ചെങ്കില്‍ ശേഷം മാസങ്ങള്‍ മാത്രം മുഖ്യ ന്യായാധിപ പദവിയില്‍ അവസരം ലഭിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് അദ്ദേഹത്തിന്റെ ‘സ്വകാര്യ നയതന്ത്രം’ വേണ്ടെന്നു വെക്കാനാകുമെന്ന് കരുതുക വയ്യാ.സുപ്രീം കോടതി കൊളീജിയം മീറ്റിംഗ് ചേര്‍ന്ന് അഞ്ച് ന്യായാധിപരുടെ നിയമനം അംഗീകരിച്ചതിനൊടുവില്‍ അവസാന മിനുട്ടില്‍ ആറാമതൊരു ന്യായാധിപനെയും കൂടി അവതരിപ്പിച്ച് അതംഗീകരിക്കണമെന്ന് കൊളീജിയത്തോട് ആവശ്യപ്പെടുന്നു. താന്‍ ഉള്‍പ്പെടെ കൊളീജിയത്തിലെ മറ്റു നാലംഗങ്ങള്‍ക്കും അത് സ്വീകാര്യമായിരുന്നില്ല. പക്ഷേ, കൊളീജിയം ചര്‍ച്ച ചെയ്യുന്നതിന് മുമ്പേ ആറാമന്റെ കാര്യത്തില്‍ ഡി വൈ ചന്ദ്രചൂഡ് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അംഗീകാരം നേടിയിട്ടുണ്ടാകുമെന്ന സഞ്ജയ് കിഷന്‍ കൗളിന്റെ വെളിപ്പെടുത്തല്‍ നീതിപീഠത്തെപ്രതി കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടെ നാം കേട്ട ആക്ഷേപങ്ങളില്‍ ഏറ്റവും ഗൗരവമേറിയതാണ്.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവാദ വകുപ്പുകള്‍ സുപ്രീം കോടതി ശരിവെച്ചിരുന്നു. അത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട ഹരജികള്‍ കേള്‍ക്കുന്ന ബഞ്ചിലംഗമായിരുന്നു സഞ്ജയ് കിഷന്‍ കൗള്‍. പ്രസ്തുത ഹരജികള്‍ കേള്‍ക്കുന്നതിന് മുമ്പ്, പുനഃപരിശോധനയുമായി മുന്നോട്ടു പോകാതിരിക്കുകയോ അല്ലെങ്കില്‍ മധ്യമ നിലപാട് സ്വീകരിക്കുകയോ വേണമെന്ന് ചീഫ് ജസ്റ്റിസായിരിക്കെ ഡി വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ട കാര്യവും ഓര്‍ക്കുന്നുണ്ട് എസ് കെ കൗള്‍. ന്യായാധിപ നിയമനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതിനെതിരെയുള്ള ഹരജികള്‍ തന്റെ ബഞ്ചില്‍ നിന്ന് അസാധാരണമായി മാറ്റിയ കാര്യവും പറയുന്നുണ്ട് അദ്ദേഹം. ഹരജികള്‍ മാറ്റിയത് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ചില കാര്യങ്ങള്‍ പറയാതിരിക്കലാണ് നല്ലതെന്ന് സഞ്ജയ് കിഷന്‍ കൗള്‍ അന്ന് പ്രതികരിച്ചത് ചര്‍ച്ചയായിരുന്നു.ജനാധിപത്യത്തിന് പ്രതീക്ഷകള്‍നമ്മുടെ ജനാധിപത്യത്തെ നിര്‍ണയിക്കുന്ന പ്രധാന ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭരണകൂട ദാസ്യപ്പണി പുറത്തറിഞ്ഞതില്‍ പിന്നെ രാജ്യത്ത് ജനാധിപത്യ പ്രക്ഷോഭങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുകയാണല്ലോ. അത്തരമൊരു ഘട്ടത്തിലാണ് ഭരണഘടനയുടെ രക്ഷാകര്‍തൃത്വം നിര്‍വഹിക്കേണ്ട പരമോന്നത കോടതിയെത്തന്നെ മറയാക്കി ഭരണകൂട താത്പര്യങ്ങള്‍ സംരക്ഷിച്ചതിന്റെ നടുക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യത്തെ തിരിച്ചുപിടിക്കാന്‍ തെരുവില്‍ പൊരുതുന്ന വിദ്യാര്‍ഥികളെയും യുവാക്കളെയും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെയും കൂടുതല്‍ ഉത്തരവാദിത്വമുള്ളവരും ഊര്‍ജസ്വലരുമാക്കാനാണ് സഞ്ജയ് കിഷന്‍ കൗളിന്റെ വെളിപ്പെടുത്തല്‍ സഹായിക്കുക. ചന്ദ്രചൂഡ് രണ്ടാമന്റെ പൊയ്മുഖം അനാവൃതമാകുന്ന ഈ ഘട്ടത്തില്‍ പ്രത്യാശയാണ് രാജ്യത്ത് ബാക്കിയാകുന്നത്.