അധികൃതരുടെ അടിച്ചമര്‍ത്തല്‍ നീക്കങ്ങളെ അതിജീവിച്ച് ഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരം തുടരുകയാണ്. രണ്ട് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമര രംഗത്തിറങ്ങിയത്. 2006 മാര്‍ച്ച് 31ന് യൂനിയന്‍ പിരിച്ചുവിട്ട ശേഷം കേന്ദ്രീകൃതമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി യൂനിയന്‍ സ്ഥാപനത്തില്‍ നിലവിലില്ല. പിന്നീട് യൂനിയന്‍ തിരഞ്ഞെടുപ്പിന് വിദ്യാര്‍ഥികള്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ജനാധിപത്യപരമായ വിദ്യാര്‍ഥി പ്രതിനിധാനം പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ സന്നദ്ധമാകാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നിരാഹാരമുള്‍പ്പെടെ ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങുകയായിരുന്നു.കേവലം യൂനിയന്‍ തിരഞ്ഞെടുപ്പിനെ മാത്രം ആധാരമാക്കിയുള്ളതല്ല വിദ്യാര്‍ഥികളുടെ പോരാട്ടവീര്യം. ജനാധിപത്യാവകാശങ്ങള്‍ക്കും വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തിനും കൂടി വേണ്ടിയാണ്. വിദ്യാര്‍ഥികളുടെ ചിന്തകളെ തടസ്സപ്പെടുത്തുകയും എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന നിലപാടാണ് ജാമിഅ മില്ലിയ്യ ഉള്‍പ്പെടെ പല ഉന്നതവിദ്യാഭ്യാസ സ്ഥാപന അധികൃതരും സ്വീകരിച്ചു വരുന്നത്. ചില പ്രത്യേക രാഷ്ട്രീയ, ആശയ ചിന്താധാരകള്‍ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും നടന്നു വരുന്നു. സര്‍വകലാശാലയുടെ അക്കാദമികവും ഭരണപരവുമായ തീരുമാനങ്ങള്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വിധേയവുമാണ്. കേവലം ക്ലാസ്സ് മുറികളിലെ പാഠ്യപദ്ധതി പൂര്‍ത്തീകരിക്കാനുള്ള ഇടങ്ങളല്ല സര്‍വകലാശാലകള്‍. സ്വതന്ത്ര ചിന്തയുടെയും രാഷ്ട്രീയ അവബോധത്തിന്റെയും പഠനക്കളരികളാണ്. അറിവ് നേടുന്നതോടൊപ്പം ചോദ്യം ചോദിക്കാനും വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും അധികാരി വര്‍ഗത്തെ വിമര്‍ശിക്കാനും അവസരം നല്‍കുന്ന ജനാധിപത്യത്തിന്റെ പഠനക്കളരികള്‍. ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും പ്രാപ്തമായ പ്രായത്തിലെത്തിയവരാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കള്‍.ഏത് ആശയവും സംസാരിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള അവസരമുണ്ടാകണം ഇത്തരം ക്യാമ്പസുകളില്‍. ഒരു പ്രത്യേക രാഷ്ട്രീയധാരയുടെ ആശയങ്ങള്‍ക്കു മാത്രം വേദി ലഭിക്കുകയും മറ്റുള്ളവയുടെ ശബ്ദങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നത് സര്‍വകലാശാലയുടെ നിഷ്പക്ഷതയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടാനിടയാക്കും. വിദ്യാര്‍ഥികളുടെ ശബ്ദം അടിച്ചമര്‍ത്തപ്പെടുകയും പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള അവരുടെ അവകാശം അനിശ്ചിതമായി നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് ഒരു തിരഞ്ഞെടുപ്പ് മാത്രമല്ല, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ തന്നെയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ പ്രത്യേക ആശയധാരയുടെയോ പ്രചാരണ കേന്ദ്രങ്ങളായി മാറാതെ സ്വതന്ത്രമായ അക്കാദമിക് സംവിധാനത്തിന്റെ ഇടങ്ങളായി നിലനില്‍ക്കണം.യഥാര്‍ഥത്തില്‍ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിലെ സമരത്തിനാധാരമായ സാഹചര്യം ഈ സ്ഥാപനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. രാജ്യത്തെ പല സര്‍വകലാശാലകളിലും വിദ്യാര്‍ഥി പ്രതിനിധാനം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍, ഹോസ്റ്റല്‍ സൗകര്യങ്ങള്‍, ഭക്ഷണത്തിന്റെ ഗുണനിലവാരം, ഫീസ് വര്‍ധന, സ്‌കോളര്‍ഷിപ്പുകള്‍, ഗവേഷണ സ്‌റ്റൈപ്പന്റുകള്‍, ഹാജര്‍ നിബന്ധനകള്‍ തുടങ്ങി വിദ്യാര്‍ഥികളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ കൂട്ടായി തീരുമാനമെടുക്കാനും നയപരമായ അഭിപ്രായം അറിയിക്കാനും തിരഞ്ഞെടുക്കപ്പെട്ട യൂനിയനുകള്‍ ആവശ്യമാണ്. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ സര്‍വകലാശാല ക്യാമ്പസുകള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ടെന്ന കാര്യം ഉത്തരവാദപ്പെട്ടവര്‍ വിസ്മരിക്കരുത്. സാമൂഹിക പരിഷ്‌കരണത്തിനും പുതിയ പല ആശയങ്ങളുടെയും വളര്‍ച്ചക്കും വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ സംഭാവന നല്‍കിയിട്ടുമുണ്ട്.വിദ്യാര്‍ഥി രാഷ്ട്രീയം പലപ്പോഴും സംഘര്‍ഷത്തിലേക്കും അനാവശ്യമായ ഏറ്റുമുട്ടലിലേക്കും അക്രമത്തിലേക്കും നീങ്ങുന്നുവെന്ന വിമര്‍ശം തള്ളിക്കളയാവുന്നതല്ല. അതിനുള്ള പരിഹാരം പക്ഷേ വിദ്യാര്‍ഥികളുടെ ജനാധിപത്യ അവകാശങ്ങള്‍ ഇല്ലാതാക്കുകയല്ല. അക്രമം തടയാന്‍ കൃത്യമായ ചട്ടങ്ങളും നീതിപൂര്‍വമായ നടപടികളും സ്വീകരിക്കുകയാണ് വേണ്ടത്. വിദ്യാര്‍ഥി യൂനിയനുകളെ ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിലൂടെയാണ് ഉത്തരവാദിത്വമുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കാനാകുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിളങ്ങിയ പല വ്യക്തിത്വങ്ങളും വളര്‍ന്നു വന്നത് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ്.വിദ്യാര്‍ഥി സമരത്തോട് ജനാധിപത്യപരമായി പ്രതികരിക്കുന്നതിനു പകരം ക്ലാസ്സുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റി ക്യാമ്പസുകള്‍ അടച്ചിട്ടും വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി ക്യാമ്പസുകളില്‍ നിന്ന് ഇറക്കിവിട്ടും സമരത്തെ പരാജയപ്പെടുത്താനുള്ള നീക്കത്തിലാണ് സര്‍വകലാശാലാ അധികൃതര്‍. സര്‍വകലാശാല ജനുവരി എട്ട് വരെ പൂട്ടിയതായി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ് അധികൃതര്‍. നവംബര്‍ എട്ട് വരെ പ്രഖ്യാപിച്ച ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നവംബര്‍ 24 വരെ നീട്ടുകയും ചെയ്തു. നേരത്തേ ജാമിഅയുടെ പ്രധാന ഗേറ്റുകളും ലൈബ്രറിയും അടച്ചു പൂട്ടിയിരുന്നു. എന്നിട്ടും വിദ്യാര്‍ഥികള്‍ ഒഴിഞ്ഞു പോകാതെ സമരം തുടര്‍ന്ന സാഹചര്യത്തിലാണ് ക്ലാസ്സ് ഓണ്‍ലൈനാക്കിയതും സ്ഥാപനം അടച്ചുപൂട്ടിയതും. ജാമിഅ മില്ലിയ്യയിലെ അധ്യാപക- അനധ്യാപക ജീവനക്കാരെയും പോലീസിനെയും സ്വാധീനിച്ച് സമരം അടിച്ചമര്‍ത്താനുള്ള ശ്രമവുമുണ്ടായി. ഇതല്ല ഉത്തരവാദപ്പെട്ട സ്ഥാപന മേധാവികള്‍ ചെയ്യേണ്ടത്. വിദ്യാര്‍ഥികളുടെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയും യൂനിയന്‍ തിരഞ്ഞെടുപ്പ് നടത്താന്‍ നടപടി സ്വീകരിക്കുകയുമാണ് വേണ്ടത്.യൂനിയന്‍ ഭരണഘടന അംഗീകരിച്ച് 15 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്താമെന്ന് അധികൃതര്‍ സമ്മതിച്ചെങ്കിലും ഭരണഘടന എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല. ഇത് വിഷയം അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണെന്നാണ് വിദ്യാര്‍ഥികളുടെ കാഴ്ചപ്പാട്. ഇതാണ് വിദ്യാര്‍ഥികളെ സമരരംഗത്ത് തുടരാന്‍ ഇടയാക്കിയത്. സമരരംഗത്തുള്ള വിദ്യാര്‍ഥികള്‍ക്ക് വേണ്ടത് അനിശ്ചിതമായ വാഗ്ദാനങ്ങളല്ല; നടപ്പാക്കാന്‍ കഴിയുന്ന ഉറപ്പുകളാണ്.