സാറ്റലൈറ്റ് സർവേക്ക് ശേഷമാണ് അതിരുകൾ കൂടുതൽ വ്യക്തമായത്. എന്നിരുന്നാലും, അവകാശികൾ ഏറിയത് കൊണ്ടുള്ള അനാഥത്വത്തിൽ ആയിരുന്നു എടക്കണ്ടം. ഈ “എടക്കണ്ടം’ എന്ന് പറഞ്ഞാൽ നിറഞ്ഞ വയലിനിടയിലെ ഒറ്റക്കണ്ടമാണെന്ന് തോന്നല്ലേ..! ഇത് എടക്കണ്ടം തറവാട്.വിഷയം ഈ മാളികയല്ല, കുലത്തിന്റെ പേരിലുള്ള മുപ്പത്തിമൂന്ന് സെന്റ് സ്ഥലം, അതായിരുന്നു. കാടുകേറി കുപ്പയും പൊന്തയും നിറഞ്ഞ്, നായ്ക്കളും നരാധമന്മാരും ചേർന്ന് ഭരിച്ചിരുന്ന നഗരത്തിലെ വിലപ്പെട്ട ഭൂമി.എത്രയോ പേർ എന്തുവിലക്കും വാങ്ങാനായി വന്നു. വില കൊണ്ട് ഒക്കാഞ്ഞിട്ടല്ല, അവകാശികളുടെ ആധിക്യം അവരെ അമ്പരപ്പിച്ചു കളഞ്ഞു. പ്രത്യേകിച്ച് അവരെ കണ്ടെത്തുക എന്ന ദൗത്യം. കാരണം, പലർക്കും പലരെയും അറിയില്ല. പേരറിയില്ല ജോലി അറിയില്ല താവഴിക്കണക്കറിയില്ല. എന്തിന്, ഇങ്ങനെയൊരു ഭാഗ്യമണ്ണിനെപ്പറ്റിപോലും ഒരു ഗ്രാഹ്യവുമില്ല; അതിലവകാശമുണ്ടോയെന്ന് നിശ്ചയവുമില്ല. പിന്നെ ധാരണയുള്ളവർക്കാണെങ്കിലോ ഇത് വിറ്റിട്ടു വേണ്ടേനും ജീവിക്കാൻ..!തലമുറകൾ പലതു മറിഞ്ഞു. കൊല്ലവർഷം 1095ൽ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ കണക്കെഴുത്തുകാരനായിരുന്ന കോപ്പുണ്ണി നായർക്ക് നൽകിയതാണ് കോൺ ആകൃതിയിൽ കിടക്കുന്ന ഈ സ്ഥലം. ആകൃതിയല്ല, സ്ഥാനമാണല്ലോ പ്രധാനം .!?എണ്ണിത്തിട്ടപ്പെടുത്താൻ ഇത്തിരി പാടുപെട്ടു; ആധാരം നോക്കിയപ്പോൾ. നൂറ്റാണ്ടൊന്നു പിന്നിട്ടപ്പോൾ, നിലത്തിനവകാശികൾ ഒന്നും രണ്ടുമല്ല നൂറ്റിമുപ്പത് പേർ..! എല്ലാവരും ഒപ്പിടാതൊരു വിൽപ്പനയെന്നത് അസാധ്യവും. ഇതിൽ തന്നെ മുപ്പത്തിയെട്ടു പേർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നുവെന്ന് അന്വേഷണത്തിലറിഞ്ഞു. ബാക്കിയുള്ള തൊണ്ണൂറ്റിരണ്ടു പേരിൽ പലരും ചരൽ വാരിയെറിഞ്ഞപോലെ പലയിടത്തായി ചിന്നിച്ചിതറി കിടക്കുകയാണ്.അവകാശികളിൽ ഇപ്പോൾ ഏറ്റവും മൂത്തത് നാരായണിയമ്മയുടെ മകളുടെ മകൾ അമ്മുക്കുട്ടിയമ്മയുടെ മകനും കഥകളി ആരാധകനുമായ അപ്പു നായരാണ്. തലമുറ നാലിൽപെട്ട നാലുപേരാണ് വിൽപ്പന വെല്ലുവിളി ഏറ്റെടുത്തത്. അവർ അനന്തരാവകാശികളുടെ വിവരങ്ങൾ ശേഖരിച്ചു. സകലരെയും ബന്ധപ്പെട്ടു. അപ്പോഴാണ് പലരുടെയും മരണ സർട്ടിഫിക്കറ്റ് പോലും വാങ്ങിയിട്ടില്ലല്ലോ എന്ന് പല കുടുംബങ്ങളുടെയും ചിന്തയിലുദിച്ചത് തന്നെ..! മരിച്ചവനത് ആവശ്യമില്ലാതെ പോയത് കൊണ്ട് ഓർമിപ്പിക്കാൻ അയാളുമില്ല. ഒരാളുടെ സർട്ടിഫിക്കറ്റ് കൊണ്ടു ജീവിച്ചിരിക്കുന്നവർക്കൊരു ഗുണമുണ്ടാകുന്നുവെങ്കിൽ, അത് മരണ സർട്ടിഫിക്കറ്റ് കൊണ്ടുമാത്രമാകും. എന്നിട്ടും ഇവർക്കെന്തേ ഇതിലൊന്നും താത്പര്യമില്ലാതെ പോയി..?! മരിക്കുന്നതോടെ എല്ലാം മറക്കപ്പെടുന്നു എന്നത് എത്ര പരമാർഥം…!കണ്ടെത്തിയവരിൽത്തന്നെ ചിലർക്ക് വരാനൊട്ടും താത്പര്യം കണ്ടില്ല. വന്നിട്ട് കാര്യങ്ങൾ നടന്നില്ലെങ്കിൽ സമയവും ഫ്ലൈറ്റ് ടിക്കറ്റിന്റെ ക്യാഷും നഷ്ടമല്ലേ, എന്നു ചോദിച്ചവരും ഉണ്ട്. മറ്റു ചിലർ യാത്രാക്കൂലി ആവശ്യപ്പെട്ടു, വിശ്വാസമില്ലാതെ…! എല്ലാ ആവശ്യകതകളും, ഉപാധികളും പറഞ്ഞുറപ്പിച്ചും, രേഖാമൂലം അയച്ചു കൊടുത്തും, ഒടുവിൽ സ്വദേശത്തും വിദേശത്തുമായുള്ള മുഴുവൻ പേരെയും നാട്ടിലെത്തിച്ചു. ചിലർക്കായി താമസ സൗകര്യങ്ങൾ ഏർപ്പാടാക്കി. മറ്റു ചിലർ ഓൺലൈൻ സൗകര്യങ്ങൾ തിരഞ്ഞെടുത്തു, രാവിലെ രജിസ്ട്രാപ്പീസിൽ എത്താനായി ലൊക്കേഷൻ ഷെയർ ചെയ്യാൻ പറയുകയുണ്ടായി.എത്ര നാളത്തെ അധ്വാനമായിരുന്നെന്ന് ചോദിച്ചാൽ, ഒന്നരവർഷത്തെ പ്രയത്നം..! അതൊരു കുഞ്ഞു കാലയളവല്ല. പക്ഷേ, ചില കാര്യങ്ങൾ അങ്ങനെയാണ്. വേഗം കൂട്ടിയാലും കാര്യത്തോടടുക്കില്ല; നടപടിയാകുകയുമില്ല. സത്യം.തിങ്കളാഴ്ച എന്ന ദൈർഘ്യമേറിയ ദിനത്തിൽ രാവിലെ പത്തിന് തന്നെ അപ്പു നായർ ആദ്യം ആധാരത്തിൽ ഒപ്പുവെച്ചു. പിന്നെ ഒന്നൊന്നായ്, ജർമൻ ബിരുദക്കാരി ഏവ നടാഷ പത്മരാജ് അടക്കം അവസാന മുദ്രയായി തൊണ്ണൂറ്റിയൊന്ന് പേർ. രജിസ്ട്രാർ ജയപ്രകാശ് ആദ്യമായി മാരത്തോൺ കൈയൊപ്പ് ചാർത്തലിന് സാക്ഷിയായി, രണ്ടര മണിക്കൂർ വിയർത്തു; ഫാനിനു ചുവട്ടിലും. പിന്നെ നാൽപ്പത്തഞ്ച് പേജുള്ള ആധാരവകാശം കൈമാറി കാശ് നൽകിയ നിതീഷിന്.ശേഷം, തറവാട്ടിൽ സദ്യ; അതും അട, പാൽ, പരിപ്പ്, പായസത്തോടെ കെങ്കേമം. അന്നേരമാണ് പലരുമീ കൊണ്ടാടപ്പൊരുളറിഞ്ഞത്. കാരണവരുടെ ജന്മദിനമാണ് ഇന്നെന്നും, നവതിയെന്നാൽ തൊണ്ണൂറ് വയസ്സാണെന്നും മനസ്സിലാക്കിയതത്രെ..! നേരത്തെ അറിഞ്ഞവർ, വസ്ത്രങ്ങളും സമ്മാനങ്ങളും നൽകി. ഉത്സാഹത്താൽ പിറന്നാളുമ്മകൾ നൽകിയേവരും. തൊണ്ണു കാട്ടിച്ചിരിച്ചുകൊണ്ട്, ജീവിതത്തിലാദ്യമായയാൾ ഒരു കേക്കുമുറിച്ചു; ആരവാരവങ്ങൾക്കിടയിൽ..! ഇതിനിടയിലും സഹധർമിണിയുടെ ഓർമകളുടെ നടവരമ്പിലൂടെയാൾ നാലുചാൽ നടന്നു; ഓർമക്കൂട്ടങ്ങളുടെ ചുറ്റുകെട്ടുകളഴിച്ചു, ഈറൻ മിഴികളാൽ.തൂശനിലയുടെ തൂമ്പറ്റത്തിൽ, ഉപ്പ്, അച്ചാറ്, കായവറുത്തത്, ശർക്കരവരട്ടിയടക്കം വിളമ്പിത്തുടങ്ങി കാറ്ററിംഗുകാർ. പലരും ചമ്മ്രം പടിഞ്ഞിരിക്കാനും, ഇലയിലുണ്ണാനും, ശ്രമിച്ചു; ചിലർ അക്കാര്യത്തിലമ്പേ പരാജയപ്പെടുകയുമുണ്ടായി. എങ്കിലും, കാളനും ഓലനും കൂട്ടുകറിയും അവിയലും സാമ്പാറും തീർത്തും രുചിയേറിയവ ആണെന്നവർ തിരിച്ചറിഞ്ഞ നിമിഷമായത് മാറി..!തുടർന്ന്, ന്യൂ ജെൻ ട്രെൻഡ് ആയ സെൽഫി. ഫോട്ടോ പോസിൽ നടുവിൽ താരമായി വീണ്ടും മോണച്ചിരിയോടെ പടുകാരണവർ ഇരുന്നു. ക്ലിക്കമർന്നുമിന്നി.പിന്നെ പെട്ടി കെട്ടൽ. തിരിച്ചിറക്കം; യാത്ര പറച്ചിലുകൾ.ഇതിനിടെ, ഇതൊക്കെ വാർത്തക്കായി പകർത്താനെത്തിയ മാധ്യമപ്രവർത്തകന്റെ മൈക്കുന്തിയ ചോദ്യം:“ടൗണിലെ കണ്ണായ സ്ഥലമല്ലേ..? നല്ല വില കിട്ടി കാണും… സന്തോഷായില്ലേ?’കാരണവർ അപ്പു നായർ ചെറുചിരിക്കിടയിൽ, പതുക്കെപ്പറഞ്ഞു:“ആ പണം ആർക്കു വേണം..?! ഞാൻ ആഗ്രഹിച്ചത് ഈ സന്തോഷമാണ്; ഒത്തുചേരലാണ്. അതിനെത്ര പണമുണ്ടായാൽ നടക്കും..?’ശരിയാണെന്നുള്ള തലയാട്ടൽ നടത്തി മാധ്യമപ്രവർത്തകൻ.“പക്ഷേ, ഒരു സങ്കടമുണ്ട്. എല്ലാവർക്കും കാശ് കിട്ടിയല്ലോ… ഇനിയാരും ഒരോണത്തിനുപോലും ഇങ്ങോട്ടൊന്ന് വരികയുമുണ്ടാകില്ല… അതോർക്കുമ്പോ….’“ഇവർക്ക് എപ്പോൾ വേണേലും വരാലോ? ചിലരൊക്കെ അടുത്തല്ലേ…?’“അടുത്താണ്…. പക്ഷേ, എല്ലാരോടും പറഞ്ഞു കഴിഞ്ഞു. എന്റെ വിഹിതം മുഴുവൻ കൊടുക്കാന്നും പറഞ്ഞു.ആർക്കും വേണ്ടത്രെ. ഓട്ടുരുളിയുടെ വില പോലും കണ്ടില്ലയാരും…’വികാരം വിറ്റ് നേട്ടങ്ങളുണ്ടാക്കേണ്ടതില്ലായെന്ന ചിന്തയിലാണോ, അതോ താനുമൊരു മനുഷ്യനാണെന്ന തോന്നലിലാണോ എന്നറിയില്ല, പിന്നീടൊന്നും ചോദിക്കാൻ തുനിഞ്ഞില്ല മാധ്യമപ്രവർത്തകൻ.എന്തിന് ചോദിക്കണം, ആ പറച്ചിലിൽ തന്നെ എല്ലാമില്ലേ..!? വിങ്ങലും വിള്ളലും വിരഹവും എല്ലാം…വിതുമ്പലുകൾ വിറയായി മാറി. അയാൾ തോളിലെ മേൽമുണ്ടിൽ കണ്ണൊപ്പി, പിന്നെ വീട്ടിത്തടി ചാരുകസേരക്ക് പിന്നിലേക്ക് ചാഞ്ഞു. കഷണ്ടിത്തലയിലെ ബാക്കിയായ നാല് വെള്ളിമുടികളെ തടവി. ഒരുപാടോർമകൾ സൗരയൂഥം കണക്കെ അയാളെ വട്ടം ചുറ്റിയെന്നുറപ്പ്. അന്നേരവും, നരച്ച മൂലോടിൻ മുകളിലിരുന്ന് തന്റെ ഏക കൂട്ടായ അണ്ണാരക്കണ്ണൻ ചിലച്ചുകൊണ്ടിരുന്നതയാൾക്ക് കേൾക്കാമായിരുന്നു…!Content Highlights: An ancestral property in Edakkandath with 130 legal heirs was finally sold after a year-and-a-half-long effort to bring all family members together. The historic registration involved 92 participating heirs coming from various places for the deal. Beyond the financial transaction, the gathering transformed into a heartwarming family reunion and a ninetieth birthday celebration for the elder.