കാശ് മാത്രമാണോ സമ്പത്ത്?!

Wait 5 sec.

ഒരു വിത്ത് നടുന്നു, മുളച്ച് വലുതായപ്പോൾ ഏഴ് കതിരുകൾ, അവയിലോരോന്നിലും നൂറ് ധാന്യമണികൾ. ഒന്നിന് പകരം എഴുന്നൂറ് വിളവ്. നന്മകൾക്കായി സമ്പത്ത് ചെലവഴിക്കുന്നതിനെ കുറിച്ച് ഖുർആൻ അവതരിപ്പിച്ച ഉപമാനലങ്കാരമാണിത്. നന്മകൾ നട്ടുവളർത്തുന്നവർക്ക് ലഭിക്കുന്ന വിളവ് ബഹുലമാണെന്ന പാഠമാണ് നമ്മെ ഖുർആൻ ബോധിപ്പിക്കുന്നത്.കൂട്ടുകാരേ… സമ്പത്തെന്നാൽ കാശും ബിസിനസ് അസറ്റുമാണെന്ന് തെറ്റിദ്ധരിക്കരുത്. മനുഷ്യർക്കുള്ളത് ഭൗതിക സമ്പത്ത് മാത്രമല്ല. മറിച്ച്, ആത്മീയവും ധാർമികവും മാനസികവും ശാരീരികവും ധൈഷണികവും സാമൂഹികവുമായ സമ്പത്തുകളുടെ കൂടെ ഉടമയാണവൻ. എല്ലാം അല്ലാഹുവിന്റെ അനുഗ്രഹവും പരീക്ഷണവുമാണ്. പണവും ആസ്‌തികളും ദൈവമാർഗത്തിൽ ചെലവഴിക്കുന്നത് പോലെ തന്നെ മറ്റു സമ്പത്തും അവന്റെ തൃപ്തിയിൽ ചെലവഴിക്കണം. അല്ലാഹു അവനുദ്ദേശിക്കുന്നവർക്ക് ഇരട്ടിപ്പിച്ച് കൊടുക്കുന്നു. അവൻ സർവജ്ഞനും അത്യുദാരനുമാണ്.നല്ല വാക്ക്, ഒരു നറു ചിരി, ഒരു കൈപ്പിടി, ഹൃദ്യമായ പെരുമാറ്റം, വഴിയിലെ തടസ്സം എടുത്ത് മാറ്റൽ എല്ലാറ്റിനെയും നല്ല ദാനങ്ങളായാണല്ലോ മതം നമ്മെ പഠിപ്പിച്ചത്. ചെറിയ കർമമാണെങ്കിലും നന്മയുടെ പ്രതിഫലനങ്ങളും പ്രതിഫലങ്ങളും ബൃഹത്താണ്. ഒരു നന്മയെയും വില കുറച്ച് കാണരുതെന്ന് തിരുനബി(സ) നമ്മെ പഠിപ്പിക്കുകയും ചെയ്തു. സാമ്പത്തിക ശേഷിയുള്ള സ്വഹാബികൾ ദാനധർമങ്ങളും അടിമമോചനങ്ങളും നടത്തുന്നു. അവർ നന്മകളിൽ മുൻ കടക്കുന്നു. ഞങ്ങൾക്കതിനു സാധിക്കുന്നില്ലല്ലോ എന്ന് പരിഭവപ്പെട്ട അനുചരർക്ക് പകരമായി നിർദേശിച്ചത് നിസ്‌കാരത്തിന് ശേഷമുള്ള ദിക്റുകളായിരുന്നു. ദൈവ സ്‌മൃതിയെന്ന ആത്മീയ സമ്പാദ്യം നട്ട് വിളവ് കൊയ്യാനുള്ള വഴിയാണ് അവർക്ക് മുന്നിൽ തിരുനബി(സ) വെട്ടിയത്. അവരത് ചെയ്യുന്നത് കണ്ട് സമ്പന്നരും ആ നന്മ ചെയ്ത് തുടങ്ങി. കണ്ടോ നന്മ മടങ്ങു മടങ്ങായി വിതരണം ചെയ്യപ്പെട്ട രീതി!രഹസ്യജീവിതത്തിലും പരസ്യജീവിതത്തിലും സദാ സമയം നാം നേടിയ സമ്പന്നതകളെ അല്ലാഹുവിന്റെ തൃപ്‌തി മാത്രം കാംക്ഷിച്ച് പ്രകടനപരതയുടെ സ്പർശനമേൽക്കാതെ വിനിമയം ചെയ്യാൻ കഴിയണം. അവരാണ് സർവാത്മനാ സുരക്ഷിതത്വം നേടിയ കൂട്ടർ. സൂറ: ബഖറ 274 ന്റെ സന്ദേശമതാണ്. “രാപകലുകളിൽ രഹസ്യമായും പരസ്യമായും അവരുടെ ധനം അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുന്നവർ; അവർക്ക് രക്ഷിതാവിങ്കൽ പ്രതിഫലമുണ്ട്. അവർ ഭയപ്പെടേണ്ടതില്ല. ദുഃഖിക്കേണ്ടിവരുകയുമില്ല.’ നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്ന ഏത് സമ്പാദ്യത്തിന്റെയും വിതരണം രക്ഷിതാവിന്റെ പ്രീതി കാംക്ഷിച്ച് കൊണ്ട് മാത്രമാകണം. ജനങ്ങളുടെ പ്രീതിയെ ആഗ്രഹിക്കരുത്. അവരുടെ ഇടയിലെ പ്രശസ്‌തി മോഹിക്കരുത്. ഭൗതിക ധനത്തിന്റെ വിതരണം പോലെ അറിവിന്റെയും സത്കർമങ്ങളുടെയും സാന്ത്വന പ്രവർത്തനങ്ങളുടെയും സംഘാടനങ്ങളുടെയും പ്രചോദനങ്ങളുടെയുമെല്ലാം വിതരണം ഈ രൂപത്തിൽ ക്രമീകരിച്ചതാകണം.സ്നേഹിതരേ…, നന്മകൾ ചെയ്യുന്നതിൽ ലുബ്ധ് കാണിക്കരുത്. ഒരു വൈജ്ഞാനിക സദസ്സിലേക്ക് ക്ഷണിക്കാനോ, ഒരു നല്ല സന്ദേശം കൈമാറാനോ, സാന്ത്വന പ്രവർത്തനത്തിന് പണം പിരിക്കാനോ, ഒരു നല്ല പദ്ധതിയിൽ കൂട്ടുകാരനെ ചേർക്കാനോ നമ്മൾ ഏൽപ്പിക്കപ്പെട്ടാൽ സ്കൂട്ടാവാനുള്ള വഴികളെ കുറിച്ച് ഗവേഷണം നടത്തരുത്. അവയൊക്കെയും അത്യുദ്പാദന ശേഷിയുള്ള വിത്തുകളാണെന്ന ബോധ്യം വേണം. സൂറ: നിസാഇന്റെ 37-ാം സൂക്തം ചൂണ്ടുന്നത് നോക്കൂ“ലുബ്ധ് കാണിക്കുകയും ജനങ്ങളോട് ലുബ്ധിന് ഉപദേശിക്കുകയും അല്ലാഹു തങ്ങളിൽ നൽകിയ അനുഗ്രഹങ്ങൾ ഗോപ്യമാക്കിവെക്കുകയും ചെയ്യുന്നവർ. ഇത്തരം നന്ദികെട്ടവർക്ക് നാം നിന്ദ്യമായ ശിക്ഷ ഒരുക്കിയിരിക്കുന്നു’.നന്മ ചെയ്യാൻ കിട്ടുന്ന അവസരങ്ങളൊന്നും നഷ്‌ടപ്പെടുത്തരുത്. രോഗിയെ സന്ദർശിക്കണം, അവരുടെ സുഖവിവരങ്ങൾ ആരായണം, അവർക്ക് വേണ്ടി ദുആ ചെയ്യണം. “ഞാൻ സന്ദർശിച്ചില്ലേലും പ്രശ്‌നല്ല, ഞാൻ അന്വേഷിച്ചില്ലേലും രോഗം മാറും, ദുആ ചെയ്യാൻ മാത്രം ഞാൻ കൊള്ളില്ല’ എന്നിങ്ങനെ തടിതപ്പൽ നടപടി ശരിയല്ല കൂട്ടുകാരാ.നമ്മളില്ലെങ്കിലും നന്മയുടെ പ്രവർത്തനങ്ങൾ വിജയിക്കും. പക്ഷേ, നമ്മളോ? സ്വർഗ വഴിയിലേക്കുള്ള വാതിലിലൊന്ന് കൊട്ടിയടച്ചു. അത്ര തന്നെ. നഷ്‌ടം നമുക്ക് തന്നെ. അല്ലാഹു കാക്കട്ടെ. കീശയിൽ കാശു വേണമെന്നില്ല, നല്ല വിചാരങ്ങളും തീരുമാനങ്ങളുമുണ്ടെങ്കിൽ നാളേക്ക് വിളവെടുക്കാൻ മാത്രം സമ്പാദ്യങ്ങൾ ചെലവഴിച്ച വലിയ സമ്പന്നരായി നമുക്ക് മാറാനാകും. നമുക്ക് നന്മകൾ തുടരാം.Content Highlights: The article explains that wealth encompasses spiritual, mental, and physical blessings, not just money. It emphasizes that spending wealth and resources for the sake of Allah yields manifold rewards. Readers are encouraged never to hesitate in doing good deeds and spreading kindness.