സരള്‍ പദ്ധതിയിൽ ആശങ്കകളകറ്റണം

Wait 5 sec.

വ്യവസായ വികസനത്തിനും നിക്ഷേപങ്ങള്‍ക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയെന്നത് കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമാണ്. സംരംഭങ്ങള്‍ തുടങ്ങാന്‍ അനുമതിക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ പലതവണ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥയും ഉദ്യോഗസ്ഥതലത്തിലെ അനാവശ്യ കാലതാമസവും ഈ രംഗത്ത് വിലങ്ങുതടികളാണ്.നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുന്ന ഇത്തരം നടപടികള്‍ക്കൊരു പരിഹാരവും വ്യവസായ രംഗത്ത് മുന്നേറ്റവും ലക്ഷ്യമിട്ടാണ് സതീശന്‍ സര്‍ക്കാര്‍ “സരള്‍ നിയമം’ കൊണ്ടുവന്നത്. “വണ്‍ സ്റ്റേറ്റ്, വണ്‍ അപ്രൂവല്‍, വണ്‍ ഡോക്യുമെന്റ്’ (ഒരു സംസ്ഥാനം, ഒരു അംഗീകാരം, ഒരു രേഖ) എന്ന തത്ത്വത്തിലൂന്നിയുള്ള ഈ നിയമം പ്രത്യക്ഷത്തില്‍ ആകര്‍ഷണീയമാണ്. അതേസമയം പ്രതിപക്ഷവും ഭരണപക്ഷത്തെ സ്വതന്ത്ര അംഗമായ ജി സുധാകരനും ചൂണ്ടിക്കാട്ടിയതു പോലെ ഇത് പരിസ്ഥിതിയെ താറുമാറാക്കുമോ എന്ന ആശങ്കയും ഉയര്‍ത്തുന്നു.പരമ്പരാഗതമായി കേരളം വ്യവസായ സൗഹൃദമല്ലെന്ന ധാരണ നിലവിലുണ്ട്. അനുമതി ലഭിക്കുന്നതിലെ അനാവശ്യ കാലതാമസം, വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മ, പ്രാദേശിക രാഷ്ട്രീയ ഇടപെടലുകള്‍, ഉദ്യോഗസ്ഥ തലത്തിലെ നിഷേധാത്മക നിലപാട് തുടങ്ങിയവയാണ് പ്രധാന കാരണം. ഈ പ്രതിച്ഛായ മാറ്റിയെടുക്കാന്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ ഘടനാപരമായ പല പരിഷ്‌കാരങ്ങളും നടത്തി വരുന്നു. 2019ല്‍ പിണറായി സര്‍ക്കാര്‍ കെ- സ്വിഫ്റ്റ് പദ്ധതി ആവിഷ്‌കരിച്ചത് ഇതിന്റെ ഭാഗമായിരുന്നു. പുതിയ വ്യവസായങ്ങളും സംരംഭങ്ങളും തുടങ്ങുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതികളും ലൈസന്‍സുകളും വേഗത്തിലും സുതാര്യമായും ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഏകജാലക പദ്ധതിയായിരുന്നു കെ- സ്വിഫ്റ്റ്.ഇതിന്റെ പരിഷ്‌കരിച്ച പതിപ്പാണ് സരള്‍ പദ്ധതി. എല്ലാ അനുമതികളും ഒരൊറ്റ കേന്ദ്രത്തിലൂടെ നല്‍കാനും അതിനായി ഒരു ഏകീകൃത അതോറിറ്റിക്ക് രൂപം നല്‍കാനുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ള 19 നിയമങ്ങളില്‍ കാതലായ ഭേദഗതികള്‍ വരുത്തും.ഈ സംവിധാനമനുസരിച്ച് 25 കോടി രൂപ മുതല്‍ 50 കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ജില്ലാതല ബോഡിയും അതിനു മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് സംസ്ഥാനതല ബോഡിയുമായിരിക്കും അംഗീകാരം നല്‍കുന്നത്. കെ- സ്വിഫ്റ്റ് പ്രകാരം വിവിധ വകുപ്പുകളെ സമീപിക്കാനുള്ള നടപടി ക്രമങ്ങള്‍ ഏകജാലകത്തിലേക്ക് കൊണ്ടുവന്നെങ്കിലും അനുമതി നല്‍കാനുള്ള അധികാരം ബന്ധപ്പെട്ട വകുപ്പുകള്‍ക്കായിരുന്നു. “സരള്‍’ പദ്ധതിയില്‍ അപേക്ഷകളില്‍ പരിശോധന നടത്തുന്ന ഉത്തരവാദിത്വം മാത്രമാണ് വകുപ്പുകള്‍ക്കുള്ളത്. ഏതെങ്കിലും വകുപ്പിന് വിയോജിപ്പുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള അപ്പീല്‍ സംവിധാനവുമുണ്ട്. ഇതുവഴി ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടല്‍ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. സരള്‍ പദ്ധതിയില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന ആശങ്ക തണ്ണീര്‍തടങ്ങള്‍, നെല്‍വയലുകള്‍, വനഭൂമി, കൃഷിഭൂമി എന്നിവയുമായി ബന്ധപ്പെട്ടതാണ്.കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുക്കുമ്പോള്‍ ഈ ആശങ്ക അസ്ഥാനത്തല്ല. ജനസാന്ദ്രത കൂടിയതും ഭൂവിഭവങ്ങള്‍ പരിമിതവുമായ സംസ്ഥാനമാണ് കേരളം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, പ്രളയം, കടലാക്രമണം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വ്യവസായ ആവശ്യങ്ങള്‍ക്ക് ഭൂമി അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനത്തില്‍ അതീവ ജാഗ്രത ആവശ്യമാണ്. ഭൂമിയുടെ സ്വഭാവം, ജലലഭ്യത, പരിസ്ഥിതിയുടെ ആഘാതം, പ്രദേശവാസികളുടെ ജീവിതം, തൊഴില്‍ സാഹചര്യങ്ങള്‍, പൊതുജനാരോഗ്യം തുടങ്ങി നിരവധി ഘടകങ്ങള്‍ കണക്കിലെടുത്തു വേണം അനുമതി നല്‍കാന്‍. ഇവയെല്ലാം വിവിധ വകുപ്പുകളുടെ കീഴിലാണ്. ഓരോ വകുപ്പിനും ഇക്കാര്യത്തില്‍ നിയമപരമായ ഉത്തരവാദിത്വങ്ങളും പരിശോധനാ സംവിധാനങ്ങളുമുണ്ട്. എല്ലാം കൂടി ഒരൊറ്റ അതോറിറ്റിയുടെ തീരുമാനത്തിനു കീഴിലാക്കുമ്പോള്‍ ഈ ഉത്തരവാദിത്വങ്ങള്‍ എത്രത്തോളം നിര്‍വഹിക്കാനാകും?മഹാപ്രളയം, വയനാട്ടിലെ ഉരുള്‍പൊട്ടല്‍ തുടങ്ങി കേരളം നേരിട്ട വന്‍പ്രകൃതി ദുരന്തങ്ങള്‍, ഭൂമിയുടെ വിനിയോഗത്തില്‍ അശ്രദ്ധ കാണിക്കുന്നതിന്റെ ആഘാതം എത്രത്തോളം വലുതാണെന്നു ബോധ്യപ്പെടുത്തിയിട്ടുണ്ട്. വികസനത്തിന്റെ പേരില്‍ പ്രകൃതിയെ അവഗണിച്ചാല്‍, പിന്നീട് ദുരന്തനിവാരണത്തിനും പുനരധിവാസത്തിനും മറ്റും ചെലവഴിക്കേണ്ട തുക നിക്ഷേപങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സാമ്പത്തിക നേട്ടത്തേക്കാള്‍ വലുതായിരിക്കും.പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും പരിസ്ഥിതി വിദഗ്ധരും ഉയര്‍ത്തുന്ന വിമര്‍ശങ്ങള്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്. പദ്ധതിക്ക് അനുമതി നല്‍കുമ്പോള്‍ പരിസ്ഥിതി ആഘാത പഠനങ്ങളും ബന്ധപ്പെട്ട വകുപ്പുകളുടെ റിപോര്‍ട്ടുകളും നിര്‍ബന്ധമായും പരിഗണിക്കണം. ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമികളെയും ജലസ്രോതസ്സുകളെയും ബാധിക്കുന്ന പദ്ധതികളില്‍ പ്രദേശവാസികളുടെ അഭിപ്രായം കേള്‍ക്കാനുള്ള സംവിധാനവും വേണം. അനുമതി ലഭിച്ച ശേഷം നിയമലംഘനം നടത്തുന്ന സംരംഭകര്‍ക്കെതിരെ നടപടിയെടുക്കാനുള്ള സംവിധാനവും അധികാരവും ശക്തമാക്കേണ്ടതുമാണ്. പദ്ധതിയുടെ പേര് സൂചിപ്പിക്കുന്നത് പോലെ നടപടി ക്രമങ്ങള്‍ “സരള’മാകട്ടെ. എന്നാല്‍ നിയമപരമായ പരിശോധനകളും പരിസ്ഥിതി സംരക്ഷണവും ജനാധിപത്യപരമായ ഉത്തരവാദിത്വങ്ങളും ലളിതവത്കരിച്ച് ദുര്‍ബലമാക്കരുത്.വികസനത്തിനു വേഗം വേണം, ആ വേഗം പക്ഷേ പ്രകൃതിയെ ചെവിട്ടിമെതിച്ചു കൊണ്ടാകരുത്. കേരളത്തിന് കൂടുതല്‍ വ്യവസായങ്ങള്‍ വേണം. അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് നാട്ടില്‍ തന്നെ തൊഴില്‍ ലഭ്യമാകണം. സംരംഭകര്‍ക്ക് അനാവശ്യമായ ഉദ്യോഗസ്ഥ പീഡനങ്ങളില്‍ നിന്ന് മോചനവും ലഭിക്കണം. എന്നാല്‍ വ്യവസായ വികസനമെന്നത് വന്‍കിട നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഒതുങ്ങരുത്. ചെറുകിട സംരംഭകര്‍, പരമ്പരാഗത തൊഴില്‍ മേഖലകള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരുടെ താത്പര്യങ്ങളും സംരക്ഷിക്കപ്പെടണം. വ്യവസായ വളര്‍ച്ചയും സാമൂഹിക സുസ്ഥിരതയും കൈകോര്‍ത്തു നീങ്ങുന്ന ഒരു നിക്ഷേപ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ “സരൾ പദ്ധതി’ക്കായാല്‍ സംസ്ഥാനത്തിന്റെ ഭാവിക്കത് പുതിയ ദിശാബോധം നല്‍കും.Content Highlights: Kerala has introduced the Saral Act under a single-window approval system to streamline industrial investments and eliminate bureaucratic delays. While the policy aims to boost economic growth and attract investments, the opposition and experts raise serious environmental concerns regarding wetlands and disaster management. Balancing sustainable development with environmental preservation remains a critical challenge for the state.