ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ഇ ഡി ചന്ദ്രചൂഡിനെതിരെ മുന്‍ സുപ്രീം കോടതി ജഡ്ജി സഞ്ജയ് കൗള്‍ ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റിസ് ചന്ദ്രചൂഡ് സര്‍ക്കാറിനോട് അമിതവിധേയത്വം പ്രകടിപ്പിച്ചിരുന്നതായും കൊളീജിയം ഔദ്യോഗികമായി ചേരുന്നതിനു മുമ്പ് തന്നെ അദ്ദേഹം പരിഗണിക്കപ്പെടുന്ന ജഡ്ജിമാരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായം തേടിയിരുന്നുവെന്നും അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന “വിത്തൗട്ട് ഫിയര്‍ ഓഫ് ഫേവര്‍’ എന്ന തന്റെ ആത്മകഥയില്‍ സഞ്ജയ് കൗള്‍ വെളിപ്പെടുത്തുന്നു. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ സര്‍ക്കാര്‍ വിധേയത്വത്തില്‍ പ്രതിഷേധിച്ച് ഒരിക്കല്‍ കൊളീജിയം യോഗത്തില്‍ നിന്ന് ജസ്റ്റിസ് കൗള്‍ ഇറങ്ങിപ്പോയി. 14 മാസത്തോളം കൊളീജിയത്തില്‍ ചീഫ് ജസ്റ്റിസിനു താഴെയുള്ള ഏറ്റവും മുതിര്‍ന്ന ജഡ്ജിയായിരുന്നു 2023 ഡിസംബറില്‍ വിരമിച്ച സഞ്ജയ് കൗള്‍.ജഡ്ജിമാരുടെ നിയമനത്തിലെ ക്രമക്കേട് മാത്രമല്ല, സര്‍ക്കാറിനെ ബാധിക്കുന്ന കേസുകളില്‍ അട്ടിമറിശ്രമവും നടത്തിയിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) അധികാരവും കര്‍ശനമായ ജാമ്യവ്യവസ്ഥകളും ശരിവെച്ച 2022ലെ സുപ്രീം കോടതി വിധി (വിജയ് മദന്‍ലാല്‍ കേസ്) പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജികള്‍ പരിഗണിക്കുമ്പോള്‍, കേന്ദ്ര സര്‍ക്കാറിന് അനുകൂലമായ “മധ്യമാര്‍ഗം’ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് തന്നോടാവശ്യപ്പെട്ടതായി സഞ്ജയ് കൗള്‍ വെളിപ്പെടുത്തുന്നു. ഈ പുനഃപരിശോധനാ ഹരജി സഞ്ജയ് കൗളിന്റെ ബഞ്ചില്‍ നിന്ന് മാറ്റാനുള്ള അസ്വാഭാവിക ശ്രമങ്ങളും നടന്നു. കേസ് സഞ്ജയ് കൗളിന്റെ വിരമിക്കല്‍ കാലാവധി വരെ നീട്ടിക്കൊണ്ടുപോകാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നു. ഒടുവില്‍ അദ്ദേഹം വിരമിക്കുന്നതിനു മുമ്പ് ബഞ്ച് പിരിച്ചുവിടുകയായിരുന്നുവത്രെ.ഈ ആരോപണങ്ങള്‍ ജസ്റ്റിസ് ചന്ദ്രചൂഡ് നിഷേധിക്കുന്നുണ്ട്. ജസ്റ്റിസ് കൗളുമായി താന്‍ നല്ല ബന്ധത്തിലായിരുന്നു, അദ്ദേഹം ഉന്നയിച്ച കാര്യങ്ങളൊന്നും തന്റെ ഓര്‍മയിലില്ല, നിയമന കാര്യങ്ങളില്‍ ഭരണഘടനാപരമായ ചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിശദീകരണം. എങ്കിലും ജസ്റ്റിസ് കൗള്‍ പരസ്യമായി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കണമെങ്കില്‍ ചിലതൊക്കെ സംഭവിച്ചിരിക്കുമെന്നു തന്നെ വിലയിരുത്താന്‍ പൊതുസമൂഹം നിര്‍ബന്ധിതരാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡി വൈ ചന്ദ്രചൂഡും തമ്മിലുള്ള അടുത്ത വ്യക്തിബന്ധവും 2024 സെപ്തംബര്‍ 11ന്, ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണപതി പൂജാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതും ഈ കാഴ്ചപ്പാടിനു ബലമേകുന്നുമുണ്ട്.ഭരണനിര്‍വഹണ വിഭാഗവും നീതിന്യായ വ്യവസ്ഥയും പരസ്പരം അധികാരം നിയന്ത്രിച്ചും സന്തുലിതമാക്കിയും പ്രവര്‍ത്തിക്കുമ്പോഴാണ് ജനാധിപത്യം അര്‍ഥപൂര്‍ണമാകുന്നത്. ഈ സംവിധാനത്തില്‍ നീതിന്യായ വ്യവസ്ഥയുടെ സ്ഥാനം അതീവ നിര്‍ണായകമാണ്. സര്‍ക്കാര്‍ ഭരണഘടനയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുമ്പോള്‍ തടയേണ്ടതും പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതും നീതിപീഠമാണ്. അത്തരമൊരു സ്ഥാപനത്തിന്റെ പരമോന്നത സ്ഥാനത്തിരിക്കുന്നവര്‍ ഭരണകൂടത്തോട് അമിതവിധേയത്വം കാണിക്കുന്നതും കൊളീജിയം ചേരുന്നതിനു മുമ്പ് ഭരണകൂടത്തിന്റെ ഇഷ്ടം തേടുന്നതും അത്ര നിസ്സാരമായി കാണാവുന്നതല്ല. ജനാധിപത്യത്തിന്റെ അടിക്കല്ലിന് ഇളക്കം തട്ടുന്ന പ്രവര്‍ത്തനമാണിത്.ഒരു ജഡ്ജിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന എതിര്‍പ്പിന് ന്യായമായ കാരണങ്ങളുണ്ടെങ്കില്‍ അവ പരിശോധിക്കാം. എന്നാല്‍ നിയമന പ്രക്രിയയെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വിധേയമാക്കാനുള്ള ശ്രമം അനുവദിക്കാവുന്നതല്ല. ഭരണകൂടത്തെ വിമര്‍ശിക്കുന്ന വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്നവരെയും മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനായി നിലകൊള്ളുന്നവരെയും നിയമനങ്ങളില്‍ നിന്ന് അകറ്റാന്‍ അധികാരം ഉപയോഗിക്കുന്നുവെന്ന സംശയം പോലും നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കും.ജസ്റ്റിസ് കൗളിന്റെ വെളിപ്പെടുത്തലുകളില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നതാണ് മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു ജഡ്ജിയെ നിയമിക്കന്‍ തീരുമാനിച്ചപ്പോള്‍, സര്‍ക്കാര്‍ പ്രസ്തുത ജഡ്ജിയുടെ കുടുംബത്തിന്റെ ജാതിയെക്കുറിച്ച് ചോദിച്ച സംഭവം. ഒരു ജഡ്ജിയുടെ യോഗ്യത വിലയിരുത്തേണ്ടത് നിയമപരമായ പ്രാവീണ്യം, ഭരണഘടനയോടുള്ള പ്രതിബദ്ധത, നിഷ്പക്ഷത, സത്യസന്ധത തുടങ്ങിയ മാനദണ്ഡങ്ങള്‍ വെച്ചായിരിക്കണം. കുടുംബപരമായ സ്വത്വത്തിന്റെയോ കുടുംബത്തിന്റെ ജാതിപശ്ചാത്തലത്തിന്റെയോ പേരില്‍ വിവേചനം ഉണ്ടാകുന്നുവെങ്കില്‍ അത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്.ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് നീതിന്യായ വ്യവസ്ഥയുള്‍പ്പെടെ ഭരണഘടനാ സ്ഥാപനങ്ങളുടെ സര്‍ക്കാര്‍ വിധേയത്വവും മൂല്യച്യുതിയും. ഇത് തിരുത്താനുള്ള ഒരു ഓര്‍മപ്പെടുത്തലാകണം ജസ്റ്റിസ് കൗളിന്റെ വെളിപ്പെടുത്തലുകള്‍. ജഡ്ജിമാരുടെ നിയമനത്തില്‍ കൊളീജിയം തീരുമാനങ്ങളുടെയും ചര്‍ച്ചകളുടെയും സുതാര്യത ഉറപ്പ് വരുത്താനുള്ള നടപടിയുണ്ടാകണം. സര്‍ക്കാറിന്റെ സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്ത ശക്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ടതാണ് കൊളീജിയം.ഭരണകൂടത്തിന്റെ അനുബന്ധ സ്ഥാപനമല്ല സുപ്രീം കോടതി; ഭരണഘടനയുടെ കാവലാളാണ്. പരമോന്നത നീതിപീഠത്തിലെ ന്യായാധിപന്മാരുടെ നട്ടെല്ലും ആര്‍ജവവുമാണ് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തകരാതെ സംരക്ഷിക്കുന്നത്. ഭരണഘടന തങ്ങളില്‍ അര്‍പ്പിച്ച ഉത്തരവാദിത്വവും ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസവും ഭരണകൂടത്തിന് മുന്നില്‍ പണയം വെക്കുകയില്ലെന്ന് പരമോന്നത നീതിപീഠം ഉറച്ച നിലപാട് സ്വീകരിക്കുമ്പോള്‍ മാത്രമേ ഇന്ത്യന്‍ ജനാധിപത്യം സുരക്ഷിതമാകുകയുള്ളൂ. നിയമ പുസ്തകത്തില്‍ മാത്രം പോരാ ജുഡീഷ്യറിയുടെ സ്വതന്ത്ര നിലപാട്; പ്രായോഗിക തലത്തിലും അത് ബോധ്യപ്പെടേണ്ടതുണ്ട്.Content Highlights: Former Supreme Court judge Sanjay Kaul has made serious allegations against former CJI DY Chandrachud in his autobiography, claiming government subservience in judicial appointments. Kaul revealed that Chandrachud consulted the central government on judicial candidates before collegium meetings and attempted to influence sensitive cases. Chandrachud has denied these claims, while the revelations have sparked a major debate on judicial independence in India.