മഹാരാജാസില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവം; പ്രതിഷേധിക്കാനും സമരം ചെയ്യാനും ഒരു മര്യാദയുണ്ട് –മന്ത്രി റോജി എം ജോൺ

Wait 5 sec.

തിരുവനന്തപുരം| എറണാകുളം മഹാരാജാസ് കോളജിൽ നടന്ന പ്രതിഷേധത്തിനെതിരെ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ബിരുദദാന ചടങ്ങിന് അതിന്റേതായ അച്ചടക്കമുണ്ടെന്നും ഇത്തരം പരിപാടികൾ അലങ്കോലപ്പെടുത്തുന്നത് ശരിയായ പ്രതിഷേധ രീതിയല്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷമാണ് മടങ്ങിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.ബിരുദദാന ചടങ്ങിനിടെ പ്രതിഷേധമുണ്ടായത് ദൗർഭാഗ്യകരമാണ്. ചടങ്ങിന്റെ പ്രോട്ടോക്കോൾ അറിയാവുന്നതുകൊണ്ടാണ് പരിപാടി കഴിഞ്ഞ് മറുപടി നൽകാമെന്ന് വിദ്യാർഥികളോട് പറഞ്ഞത്. പ്രതിഷേധിക്കാനുള്ള അവകാശത്തെ ബഹുമാനിക്കുന്നുവെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രസംഗം അവസാനിക്കുന്ന സമയത്താണ് വിദ്യാർഥികൾ മുന്നോട്ടുവന്നത്. ചോദ്യം ചോദിക്കുക എന്നതിലുപരി പരിപാടിയിൽ പ്രശ്നമുണ്ടാക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും മന്ത്രി ആരോപിച്ചു.വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷമാണ് താൻ മടങ്ങിയത്. വീട്ടിൽ പോയി ചോദ്യം ചോദിക്കാനല്ല പറഞ്ഞത്. പ്രതിഷേധിക്കാനും സമരം ചെയ്യാനും അതിന്റേതായ മര്യാദയുണ്ടെന്നും അത് ജനാധിപത്യ രീതിയിലായിരിക്കണമെന്നും മന്ത്രി പറഞ്ഞു.വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സ്വപ്നമായ ബിരുദദാന ചടങ്ങ് പ്രതിഷേധത്തിന്റെ പേരിൽ അലങ്കോലപ്പെടുത്തരുത്. ഇത്തരം പരിപാടികൾ തടസ്സപ്പെടുത്തിക്കൊണ്ടാണോ വിദ്യാർഥി രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകേണ്ടതെന്ന് സംഘടനകൾ ആലോചിക്കണം. ഇത്തരം സമരങ്ങൾക്ക് മുന്നിൽ വഴങ്ങാനോ വിട്ടുകൊടുക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്ന വേദിയിൽ ഇതുപോലെ ബാനർ ഉയർത്താൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.അതേസമയം, ‘അപരിഷ്‌കൃത സമരം’ എന്ന് വിശേഷിപ്പിച്ചത് കാലടി സംസ്കൃത സർവകലാശാലയുമായി ബന്ധപ്പെട്ട് നടന്ന സമരത്തെയാണെന്ന് മന്ത്രി വ്യക്തമാക്കി. കാലടി സംസ്കൃത സർവകലാശാലയിൽ നടന്ന പ്രതിഷേധത്തോട് യോജിപ്പില്ലെന്നും അവിടെ നടന്നത് അക്രമസമരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിക്കേണ്ടതല്ലേയെന്ന ചോദ്യത്തിന്, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 90 ദിവസവും 120 ദിവസവും വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത് പുറത്തുനിർത്തിയിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. അന്ന് അവർക്ക് ന്യായമൊന്നും ഉണ്ടായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. സസ്‌പെൻഷൻ പിൻവലിക്കണമോയെന്ന കാര്യം സർവകലാശാലയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.Content Highlights: Higher Education Minister Roji M John criticized the protest during the convocation ceremony at Maharajas College, Ernakulam. He stated that interrupting academic events is inappropriate and urged student organizations to maintain democratic decorum without disrupting official programs.