റിയാദ് |സഊദി അറേബ്യയിലെ വിവിധ നഗരങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി വിമതർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലും സ്ഫോടകവസ്തുക്കൾ നിറഞ്ഞ ഡ്രോണുകളും സഊദി സഖ്യസേന വിജയകരമായി പ്രതിരോധിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണശ്രമങ്ങളാണ് സഖ്യസേനയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതെന്ന് സഖ്യസേന അറിയിച്ചു.മദീന, റിയാദ് നഗരങ്ങൾക്ക് മുകളിലൂടെ വിക്ഷേപിച്ച ഡ്രോണുകളും സഖ്യസേന തകർത്തു. റിയാദിൽ നടത്തിയ പ്രതിരോധ പ്രക്രിയയ്ക്കിടയിൽ ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണെങ്കിലും ആർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും സ്ഥലത്തെ സ്ഥിതിഗതികൾ അധികാരികൾ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു.ശനിയാഴ്ച പുലർച്ചെയോടെ രണ്ട് ഡ്രോണുകൾ കൂടി സഖ്യസേന നശിപ്പിച്ചു. ഇതിൽ ഒരെണ്ണം എണ്ണസമ്പന്നമായ കിഴക്കൻ പ്രവിശ്യയിലും മറ്റൊന്ന് രാജ്യത്തിന്റെ തെക്കുഭാഗത്തുമാണ് വെടിവച്ചിട്ടത്. വെള്ളിയാഴ്ച പുണ്യനഗരമായ മക്ക മേഖലയ്ക്ക് മുകളിലൂടെ ഹൂത്തികൾ വിക്ഷേപിച്ച ഒരു ഡ്രോണും സഖ്യസേന വിജയകരമായി തടഞ്ഞു നശിപ്പിച്ചിരുന്നു.സഊദിയിലെ പ്രധാന നഗരങ്ങൾ, വിമാനത്താവളങ്ങൾ, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കെതിരെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഹൂത്തികൾ ശക്തമായ ആക്രമണങ്ങളാണ് നടത്തിവരുന്നത്. സാധാരണക്കാരെയും സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂത്തികളുടെ ഇത്തരം ഭീകരവാദ ശ്രമങ്ങളെ കർശനമായി ചെറുക്കുമെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സഖ്യസേന തുടരുമെന്നും അധികൃതർ വ്യക്തമാക്കി.Content Highlights: Saudi Coalition forces successfully intercepted Houthi ballistic missiles and explosive drones over Riyadh, Madinah, Makkah, and Eastern Province. Officials confirmed drone debris fell in Riyadh with no reported injuries. Authorities reaffirmed commitment to protecting civilians and key infrastructure.