കൊച്ചി | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയില്‍ പിടികൂടിയ വന്‍ സ്ഫോടകവസ്തു ശേഖരം വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ നിര്‍വീര്യമാക്കി നശിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കോടതി അനുമതി നല്കി. ഈ വര്‍ഷം ഫിബ്രവരിയിലാണ് സവാള കയറ്റിവന്ന ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ 89,600 ജലാറ്റിന്‍ സ്റ്റിക്കുകളും വന്‍തോതിലുള്ള നോണ്‍-ഇലക്ട്രിക് ഡിറ്റണേറ്ററുകളും പിടികൂടിയത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ഇവ നശിപ്പിക്കുന്നത്. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി പികെ മോഹന്‍ദാസാണ് എന്‍ ഐ എയുടെ അപേക്ഷ പരിഗണിച്ച് ഉത്തരവിട്ടത്. പിടിച്ചെടുത്ത അതിതീവ്ര സ്ഫോടകവസ്തുക്കള്‍ ദീര്‍ഘകാലം സൂക്ഷിച്ചുവെക്കുന്നത് വലിയ സുരക്ഷാ ഭീഷണിക്കും അപകടങ്ങള്‍ക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ നശിപ്പിക്കാന്‍ അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 30-ന് ഹര്‍ജി പരിഗണിച്ച പ്രത്യേക കോടതി, ബോംബ് നിര്‍വീര്യ വിദഗ്ധരുടെ സഹായത്തോടെ ഇവ പൂര്‍ണ്ണമായി നശിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.അതേസമയം, കേസിലെ വിചാരണ ഘട്ടത്തില്‍ ശാസ്ത്രീയ തെളിവായി ഉപയോഗിക്കുന്നതിനായി സ്ഫോടകവസ്തുക്കളുടെ ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ചു സൂക്ഷിക്കണമെന്നും കോടതി എന്‍ഐഎയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് തിരൂരങ്ങാടി ചെമ്മാട്-തലാപ്പാറ റോഡിലെ ഫര്‍ഹ ഹോളോബ്രിക്സ് കമ്പനി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് പോലീസ് രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്. സവാള ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലക്ഷത്തോളം വരുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍. സ്ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതിനോ കടത്തുന്നതിനോ ഉള്ള യാതൊരുവിധ രേഖകളോ ലൈസന്‍സോ ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ലോറിയിലുണ്ടായിരുന്നവരെ പൊലീസ് അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.നിയമപരമായി സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ ലൈസന്‍സുള്ള വ്യാപാരികള്‍ തന്നെയാണ് ചട്ടങ്ങള്‍ ലംഘിച്ച് ഈ വന്‍ ശേഖരം അനധികൃതമായി വിറ്റഴിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കേസില്‍ ഇതുവരെ 11 പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ മറ്റ് സാമ്പത്തിക ഇടപാടുകളെക്കുറിച്ചു അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.Content Highlights: The Special NIA Court in Kochi granted permission to destroy a massive cache of 89,600 gelatin sticks and non-electric detonators seized from an onion truck in Tirurangadi. The court instructed authorities to retain required samples as scientific evidence before safe disposal. Eleven suspects have been arrested so far in connection with the illegal arms network.