സരളമാകുമോ വ്യവസായ ലൈസൻസിംഗ്? സരൾ ബില്ലിലെ ഭരണഘടനാ ചോദ്യങ്ങൾ

Wait 5 sec.

ഉത്തരവാദിത്തമില്ലാത്ത സുരക്ഷാ പരിശോധനകൾസംസ്ഥാനത്തേക്ക് വ്യവസായ നിക്ഷേപങ്ങൾ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബർ 14-ലെ ഗസറ്റ് വിജ്ഞാപന പ്രകാരം കേരള നിയമസഭ സരൾ കേരളം ബിൽ, 2026 പാസാക്കിയത്. 25 കോടി രൂപയ്ക്ക് മുകളിൽ മൂലധന നിക്ഷേപമുള്ള പദ്ധതികൾക്ക് 'വൺ സ്റ്റേറ്റ് - വൺ അപ്രൂവൽ - വൺ ഡോക്യുമെന്റ്' എന്ന അടിസ്ഥാനത്തിൽ ലൈസൻസുകൾ വേഗത്തിലാക്കുക എന്നതാണ് ബില്ലിന്റെ പ്രഖ്യാപിത ലക്ഷ്യം. കേരളം പോലൊരു സംസ്ഥാനത്ത് വ്യവസായങ്ങൾക്ക് അനുമതി ലഭിക്കാനുള്ള ചുവപ്പുനാടകളും കാലതാമസവും ഒഴിവാക്കേണ്ടത് സാമ്പത്തിക വളർച്ചയ്ക്ക് അനിവാര്യമാണ്. എന്നാൽ ആ ലക്ഷ്യം നേടുന്നതിനായി സർക്കാർ തിരഞ്ഞെടുത്ത നിയമപരമായ ഘടന ഭരണഘടനാപരമായ ഗുരുതരമായ ചില പിഴവുകൾ ഒളിച്ചുവെക്കുന്നുണ്ട്. നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന് പകരം, സംസ്ഥാനത്തെ അധികാര വികേന്ദ്രീകരണ മാതൃകകളെ അട്ടിമറിച്ചുകൊണ്ട് അധികാരം പൂർണ്ണമായും ഒരു ഉദ്യോഗസ്ഥ സമിതിയിൽ കേന്ദ്രീകരിക്കുകയാണ് ഈ നിയമം ചെയ്യുന്നത്.വികേന്ദ്രീകരണത്തിൽ നിന്നുള്ള പിന്മാറ്റംകേരളത്തിന്റെ കഴിഞ്ഞ കാൽനൂറ്റാണ്ടിലെ ഭരണ-നയ ചരിത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിന്റേതാണ്. എന്നാൽ സരൾ ബില്ലിലെ 7, 11 വകുപ്പുകൾ ഇന്ത്യൻ ഭരണഘടനയുടെ 243G അനുച്ഛേദപ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ചിട്ടുള്ള അധികാരങ്ങളെ പൂർണ്ണമായും റദ്ദാക്കുന്നു. ബില്ലിന്റെ ഷെഡ്യൂൾ പ്രകാരം, കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 232, 233, 233A വകുപ്പുകളും, മുൻസിപ്പാലിറ്റി നിയമത്തിലെ 311, 387 വകുപ്പുകളും പുതിയതായി രൂപീകരിക്കുന്ന അപ്രൂവൽ കമ്മിറ്റികൾക്ക് കീഴിലാകും.7(1) വകുപ്പ് വളരെ വ്യക്തമായി പറയുന്നു, പ്രസക്തമായ നിയമങ്ങളിൽ എന്തുതന്നെ പറഞ്ഞിരുന്നാലും, നിലവിലെ അധികാര കേന്ദ്രങ്ങൾക്ക് പകരം ലൈസൻസ് നൽകാനോ നിരസിക്കാനോ ഉള്ള അധികാരം സംസ്ഥാന അപ്രൂവൽ കമ്മിറ്റിക്ക് ആയിരിക്കും എന്ന്. 7(3) വകുപ്പ് ഒരു പടികൂടി കടന്ന്, ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ വിഷയത്തിലുള്ള എല്ലാ അധികാരങ്ങളും ഇല്ലാതാകുമെന്ന് പ്രഖ്യാപിക്കുന്നു. അതായത്, ജനപ്രതിനിധികൾ ഉൾപ്പെടുന്ന ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ അധികാരം, ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് സെക്രട്ടറിമാരും മാത്രം അടങ്ങുന്ന ഒരു ഉദ്യോഗസ്ഥ സമിതിയിലേക്ക് മാറ്റപ്പെടുന്നു. നിക്ഷേപകന് ലൈസൻസ് നൽകാനുള്ള നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിന് പകരം, തദ്ദേശ സ്ഥാപനങ്ങളുടെ സ്റ്റാറ്റ്യൂട്ടറി അധികാരങ്ങളെ ഉദ്യോഗസ്ഥവൃന്ദം ഹൈജാക്ക് ചെയ്യുന്നതാണ് ഇവിടെ കാണുന്നത്.ഉത്തരവാദിത്തമില്ലാത്ത സുരക്ഷാ പരിശോധനകൾഒരു വ്യവസായ ശാലയ്ക്ക് അനുമതി നൽകുമ്പോൾ അതിലെ തൊഴിലാളികളുടെയും ചുറ്റുപാടുമുള്ള ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക എന്നത് സ്റ്റേറ്റിന്റെ അടിസ്ഥാന ബാധ്യതയാണ്. ബില്ലിലെ 13-ാം വകുപ്പ് ഒറ്റനോട്ടത്തിൽ ഈ അധികാരം നിലനിർത്തുന്നു എന്ന് തോന്നിപ്പിക്കുമെങ്കിലും, സൂക്ഷ്മ പരിശോധനയിൽ അതൊരു ബ്ലാക്ക് ബോക്സ് ആണെന്ന് വ്യക്തമാകും. 13(1) വകുപ്പ് പ്രകാരം ഫാക്ടറികളിൽ പരിശോധന നടത്താൻ നിലവിലെ വകുപ്പുകൾക്ക് അധികാരമുണ്ട്. എന്നാൽ സുരക്ഷാ വീഴ്ച കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കാനോ താൽക്കാലികമായി മരവിപ്പിക്കാനോ അവർക്ക് അധികാരമില്ല; ആ അധികാരം അപ്രൂവൽ കമ്മിറ്റിയിൽ നിക്ഷിപ്തമാണ്.വകുപ്പ് ഉദ്യോഗസ്ഥർക്ക് ചെയ്യാൻ കഴിയുന്നത് അപ്രൂവൽ കമ്മിറ്റിക്ക് മുൻപാകെ കാരണങ്ങൾ സഹിതം ഒരു ശുപാർശ നൽകുക എന്നത് മാത്രമാണ് (വകുപ്പ് 13(3)). ഒരു വ്യവസായ ശാലയിൽ ഗുരുതരമായ രാസചോർച്ചയോ ബോയിലർ പൊട്ടിത്തെറിയോ ഉണ്ടായാൽ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിനോ മലിനീകരണ നിയന്ത്രണ ബോർഡിനോ അടിയന്തരമായി ആ സ്ഥാപനം പൂട്ടിക്കാൻ കഴിയില്ല. പകരം, സെക്രട്ടറിയേറ്റിലിരിക്കുന്ന സമിതിക്ക് അവർ കത്തെഴുതണം. ഒരു വശത്ത് ലൈസൻസ് നൽകിയ അധികാര സമിതിക്ക് അപകടം നടന്നാൽ നേരിട്ടുള്ള നിയമപരമായ ബാധ്യതയുമില്ല. അധികാരവും ബാധ്യതയും തമ്മിലുള്ള ഈ വിഭജനം റെഗുലേറ്ററി അക്കൗണ്ടബിലിറ്റിയെ പൂർണ്ണമായും ഇല്ലാതാക്കുന്നു. മൂലധനത്തെ അടിയന്തര സുരക്ഷാ നടപടികളിൽ നിന്ന് സംരക്ഷിച്ചു നിർത്തുക എന്നതല്ലാതെ ഈ വ്യവസ്ഥയ്ക്ക് മറ്റൊരു ഭരണഘടനാപരമായ ന്യായീകരണവുമില്ല.സമാന്തര നീതിന്യായ വ്യവസ്ഥസരൾ ബില്ലിലെ ഏറ്റവും അപകടകരമായ വ്യവസ്ഥ അപ്പീലുകൾ സംബന്ധിച്ച 19-ാം വകുപ്പാണ്. നിലവിൽ ഒരു വ്യവസായ പദ്ധതിക്ക് തദ്ദേശ സ്ഥാപനമോ മറ്റ് വകുപ്പുകളോ നൽകുന്ന ലൈസൻസുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നത് തദ്ദേശ സ്വയംഭരണ ട്രിബ്യൂണൽ (LSGD Tribunal) പോലെയുള്ള സ്വതന്ത്ര സംവിധാനങ്ങളോ കോടതികളോ ആണ്. എന്നാൽ 19(3) വകുപ്പ് പ്രകാരം, ബില്ലിന്റെ ഷെഡ്യൂളിൽ ഉൾപ്പെട്ട 19 നിയമങ്ങളിലെയും അപ്പീൽ വ്യവസ്ഥകളെ റദ്ദാക്കിക്കൊണ്ട്, എല്ലാ അപ്പീലുകളും സരൾ ബില്ലിലെ സംവിധാനത്തിന് കീഴിലാക്കി മാറ്റിയിരിക്കുന്നു.19(1) പ്രകാരം ജില്ലാ സമിതിയുടെ തീരുമാനത്തിനെതിരെ സംസ്ഥാന സമിതിക്കാണ് അപ്പീൽ നൽകേണ്ടത്. 19(4) വകുപ്പ് വ്യക്തമാക്കുന്നത് മറ്റ് നിയമങ്ങളിൽ എന്തുതന്നെ പറഞ്ഞിരുന്നാലും സ്റ്റേറ്റ് അപ്രൂവൽ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും എന്നാണ്. അതായത്, സർക്കാർ ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു സമിതി നൽകിയ അനുമതിക്കെതിരെ പൊതുജനങ്ങൾ പരാതി നൽകേണ്ടത്, സർക്കാരിന്റെ തന്നെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയോട് തന്നെയാണ്. എക്സിക്യൂട്ടീവ് തന്നെ ജുഡീഷ്യറിയായി മാറുന്ന ഒരു സമാന്തര നീതിന്യായ വ്യവസ്ഥയാണിത്. അധികാര വിഭജനം എന്ന അടിസ്ഥാന ജനാധിപത്യ തത്വത്തെയാണ് ഇവിടെ റദ്ദാക്കുന്നത്.പരിസ്ഥിതി നിയമങ്ങളുടെ അട്ടിമറിനെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ (2008) 27A വകുപ്പ്, കേരള ഭൂഗർഭജല (നിയന്ത്രണവും ക്രമീകരണവും) നിയമത്തിലെ 7, 12 വകുപ്പുകൾ എന്നിവയും ഈ ബില്ലിന്റെ പരിധിയിലാണ് വരുന്നത്. തണ്ണീർത്തടങ്ങൾ നികത്തുമ്പോഴും അമിതമായി ഭൂഗർഭജലം ഊറ്റിയെടുക്കുമ്പോഴും ആവശ്യമായ സൂക്ഷ്മമായ ശാസ്ത്രീയ-പാരിസ്ഥിതിക പരിശോധനകൾ നടത്തേണ്ടത് അതത് വിഷയങ്ങളിലെ വിദഗ്ധരാണ്. 17-ാം വകുപ്പ് സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവില്ല എന്ന് പറയുന്നുണ്ടെങ്കിലും, വകുപ്പ് തലത്തിലുള്ള വിദഗ്ധ സമിതികളെ നോക്കുകുത്തിയാക്കി, വ്യവസായ-ധനകാര്യ സെക്രട്ടറിമാർ അടങ്ങുന്ന ഒരു ഉദ്യോഗസ്ഥ സമിതി ഇത്തരം പാരിസ്ഥിതിക വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്നത് അങ്ങേയറ്റം അശാസ്ത്രീയമാണ്.ലീഡ് ഏജൻസി മാതൃകകൾനടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാൻ ജർമ്മനിയിലെ ഫെഡറൽ ഇമിഷൻ കൺട്രോൾ നിയമം പോലുള്ളവ ഉപയോഗിക്കുന്നത് 'കേന്ദ്രീകൃത നടപടിക്രമം' എന്ന മാതൃകയാണ്. അവിടെ വ്യവസായികൾക്ക് ഒരൊറ്റ പോർട്ടലിൽ അപേക്ഷ നൽകാം. ആ ലീഡ് ഏജൻസി ഫയലുകൾ ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേക്കും അയക്കുകയും, സമയബന്ധിതമായി മറുപടി നൽകാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്യുന്നു. എന്നാൽ ആത്യന്തികമായ തീരുമാനമെടുക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കും പരിസ്ഥിതി വകുപ്പുകൾക്കുമാണ്. നടപടിക്രമങ്ങളുടെ വേഗത കൂട്ടാൻ പ്രാദേശിക സർക്കാരുകളുടെ അവകാശങ്ങൾ കവർന്നെടുക്കേണ്ടതില്ല എന്ന് ഇത്തരം മാതൃകകൾ തെളിയിക്കുന്നു.സരൾ ബിൽ ഒരു നിയമമായി മാറുമ്പോൾ, അതിന്റെ ജനാധിപത്യപരവും നിയമപരവുമായ സാധുത ഉറപ്പാക്കുന്നതിന് ചില നിർണായക ഭേദഗതികൾ അനിവാര്യമാണ്. ഒന്നാമതായി, ബില്ലിന്റെ 19-ാം വകുപ്പിൽ മാറ്റം വരുത്തി തദ്ദേശ സ്വയംഭരണ ട്രിബ്യൂണൽ, ദേശീയ ഹരിത ട്രൈബ്യൂണൽ തുടങ്ങിയ സ്വതന്ത്ര നീതിന്യായ-അപ്പീൽ സംവിധാനങ്ങളുടെ അധികാരപരിധി നിലനിർത്തണം. ഉദ്യോഗസ്ഥ സമിതികളെ അന്തിമ അപ്പീൽ അധികാരികളായി നിശ്ചയിക്കുന്നത് സ്വതന്ത്രമായ നിയമപരിശോധനയ്ക്കുള്ള അവസരം പരിമിതപ്പെടുത്തുകയും അധികാര വിഭജനത്തിന്റെ അടിസ്ഥാന തത്വങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യും.രണ്ടാമതായി, 13-ാം വകുപ്പ് ഭേദഗതി ചെയ്ത് ഗുരുതരമായ സുരക്ഷാ, പാരിസ്ഥിതിക വീഴ്ചകൾ സംഭവിക്കുന്ന സാഹചര്യങ്ങളിൽ ലൈസൻസുകൾ അടിയന്തരമായി റദ്ദാക്കാനുള്ള അധികാരംഅതത് സാങ്കേതിക വകുപ്പുകൾക്ക് തിരികെ നൽകണം. മൂന്നാമതായി, 7, 11 വകുപ്പുകൾ പുനഃപരിശോധിച്ച് മറ്റ് നിയമങ്ങളെയും അവയുടെ കീഴിലുള്ള അധികാരങ്ങളെയും പൂർണമായും മറികടക്കുന്ന വ്യവസ്ഥകൾക്ക് പകരം, വിവിധ വകുപ്പുകൾക്കിടയിലെ ഏകോപനവും സമയബന്ധിതമായ നടപടിക്രമങ്ങളും ഉറപ്പാക്കുന്ന ഏകോപന സമിതികളായി അപ്രൂവൽ കമ്മിറ്റികളുടെ പങ്ക് പരിമിതപ്പെടുത്തണം. ഇതോടൊപ്പം, സിംഗിൾ വിൻഡോ പോർട്ടലിലൂടെ അപേക്ഷകൾ സമർപ്പിക്കപ്പെടുമ്പോൾ, ലൈസൻസ് അനുവദിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായം നിർബന്ധമായും രേഖപ്പെടുത്തുകയും പരിഗണിക്കുകയും ചെയ്യുന്ന, വ്യക്തമായ സമയപരിധിയുള്ള ഒരു ഓട്ടോമേറ്റഡ് സംവിധാനം കൂടി പോർട്ടലിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.യഥാർഥത്തിൽ, നിക്ഷേപങ്ങൾ സുഗമമാക്കുന്നതിനും നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിനും ഡിജിറ്റൽ സംവിധാനങ്ങളും വിവിധ വകുപ്പുകൾ തമ്മിലുള്ള കാര്യക്ഷമമായ ഏകോപനവുമാണ് ആവശ്യം. അതിനുപകരം, പതിറ്റാണ്ടുകൾ കൊണ്ട് കേരളം കെട്ടിപ്പടുത്ത അധികാര വികേന്ദ്രീകരണത്തിന്റെ ജനാധിപത്യ മാതൃകയെ ദുർബലപ്പെടുത്തുകയും പൗരന്മാരുടെ നിയമപരമായ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഒരു ഉദ്യോഗസ്ഥ സമിതിയുടെ വിവേചനാധികാരത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്ന അധികാര കേന്ദ്രീകരണം പുരോഗമന സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കുന്നതിലൂടെയായിരിക്കണം; ജനാധിപത്യപരമായ ഉത്തരവാദിത്തവും നിയമപരമായ സുരക്ഷയും ഇല്ലാതാക്കിക്കൊണ്ടാകരുത്.