യു എ ഇയില്‍ കപ്പലിലുണ്ടായ എണ്ണച്ചോര്‍ച്ച; മത്സ്യസമ്പത്ത് സുരക്ഷിതം, കുടിവെള്ള വിതരണത്തെ ബാധിക്കില്ല

Wait 5 sec.

അബൂദബി | യു ഇ എ സമുദ്രമേഖലയില്‍ കപ്പലിലുണ്ടായ എണ്ണച്ചോര്‍ച്ചയെ തുടര്‍ന്നുള്ള മലിനീകരണത്തിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടായതായി അധികൃതര്‍ അറിയിച്ചു. ചോര്‍ച്ച പൂര്‍ണമായി തടഞ്ഞിട്ടുണ്ടെങ്കിലും, ബാധിത പ്രദേശങ്ങളില്‍ തീരദേശ ശുചീകരണവും നിരീക്ഷണ പ്രവര്‍ത്തനങ്ങളും തുടരുകയാണ്.അതേസമയം, വിപണിയില്‍ ലഭിക്കുന്ന മത്സ്യങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും പൂര്‍ണമായും സുരക്ഷിതമാണെന്നും മനുഷ്യ ഉപയോഗത്തിന് അനുയോജ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.കടല്‍ജലത്തിന്റെ ഗുണനിലവാരം കര്‍ശനമായി നിരീക്ഷിച്ചു വരികയാണെന്നും ശുദ്ധീകരിച്ച വെള്ളം വിതരണ ശൃംഖലയിലേക്ക് പമ്പ് ചെയ്യുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകള്‍ ഉറപ്പുവരുത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ കുടിവെള്ള വിതരണത്തെ ഇത് യാതൊരുവിധത്തിലും ബാധിക്കില്ല.ഊര്‍ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം, ദേശീയ ദുരന്ത നിവാരണ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് വിവിധ വകുപ്പുകള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഉമ്മുല്‍ ഖുവൈന്‍ തീരത്തിന് സമീപമാണ് എണ്ണപ്പാടുകള്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. റാസല്‍ഖൈമ, അജ്മാന്‍, ഷാര്‍ജ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലേക്കും ഇതിന്റെ സാന്നിധ്യം വ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മെക്കാനിക്കല്‍ സംവിധാനങ്ങളും കെമിക്കല്‍ ഡിസ്പേഴ്സന്റുകളുമാണ് മലിനീകരണം നീക്കം ചെയ്യുന്നതിനായി ഉപയോഗിക്കുന്നത്.പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ചില ബീച്ചുകളില്‍ താത്കാലികമായി പ്രവേശനം നിരോധിച്ചിട്ടുള്ളത്. ഔദ്യോഗിക ചാനലുകള്‍ വഴിയുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.Content Highlights: An oil spill occurred from a ship in the UAE waters. Authorities confirmed that the local marine wealth remains completely safe. Officials assured that drinking water supply will not be disrupted or affected.