യൂറോപ്യന്‍ തെരുവുകളില്‍ പുതിയൊരു രാഷ്ട്രീയ ഉണര്‍വിന്റെ അലയൊലികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഫ്രാന്‍സില്‍ തുടക്കമിട്ട ജെന്‍സി പ്രക്ഷോഭം ജര്‍മനി, ഇറ്റലി, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലാന്‍ഡ് തുടങ്ങി മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു. കേവലമൊരു നൈമിഷിക വികാരമല്ല, ദശാബ്ദങ്ങളായി കുമിഞ്ഞു കൂടിയ അവഗണനയുടെയും നിരാശയുടെയും സ്വാഭാവിക ബഹിര്‍സ്ഫുരണമാണിത്. ജീവിതച്ചെലവിലെ വര്‍ധനവും തൊഴിലവസരങ്ങളുടെ കുറവും വിദ്യാഭ്യാസ മേഖലയോടുള്ള അവഗണനയും ഭരണകൂടങ്ങളുടെ യുദ്ധക്കൊതിയുമാണ് ജനങ്ങളെ തെരുവിലിറക്കിയത്.ജെന്‍സി പ്രക്ഷോഭമെന്നാണ് പറയപ്പെടുന്നതെങ്കിലും പുതുതലമുറയുടെ മാത്രം പോരാട്ടമല്ല ഇത്. വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമൊപ്പം തൊഴിലാളികളും സാധാരണക്കാരും വിവിധയിടങ്ങളില്‍ സമരത്തിന്റെ ഭാഗമാകുന്നുണ്ട്. ഫ്രാന്‍സില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം തൊഴിലാളി സംഘടനകളും രംഗത്തു വന്നു. വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ അതൃപ്തിയും പ്രതിഷേധവും പ്രകടമാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ തെരുവുകളിലെങ്ങും.വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷ കാരണങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങള്‍ തങ്ങളുടെ ഭാവിയെ അപകടത്തിലാക്കുന്നുവെന്ന തിരിച്ചറിവാണ് അടിസ്ഥാനപരമായി ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. പല യൂറോപ്യന്‍ രാജ്യങ്ങളിലും ഭക്ഷ്യവസ്തുക്കളുടെ വിലയും ഊര്‍ജച്ചെലവും താങ്ങാനാകാത്ത വിധം കൂടിയിരിക്കുന്നു. തൊഴില്‍രാഹിത്യവും രൂക്ഷം. തൊഴില്‍ ലഭിച്ചാല്‍തന്നെ വരുമാനത്തിന്റെ ഗണ്യമായൊരു ഭാഗം വാടകക്കും ജീവിതച്ചെലവുകള്‍ക്കുമായി നീക്കിവെക്കേണ്ടി വരുന്നു. വിദ്യാഭ്യാസച്ചെലവ് വെട്ടിച്ചുരുക്കുന്നതിനാല്‍ സ്കൂളുകളുടെയും കോളജുകളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണ്. വികസന മുന്നേറ്റത്തിന്റെ സൂചികകളായി സാമ്പത്തിക വളര്‍ച്ചയുടെ കണക്കുകളും ഓഹരി വിപണിയിലെ മുന്നേറ്റങ്ങളും അവതരിപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്ക് എത്തുന്നില്ല. സമ്പത്തിന്റെ മുഖ്യപങ്കും ഒരു ന്യൂനപക്ഷം കൈയടക്കുകയും ബഹുഭൂരിപക്ഷവും അതിജീവനത്തിനായി പാടുപെടുകയും ചെയ്യുന്ന വികസ്വര രാജ്യങ്ങളിലെ സാമ്പത്തിക അസമത്വം യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു.നിര്‍ബന്ധിത സൈനിക സേവനം നടപ്പാക്കാനുള്ള നീക്കമാണ് ജര്‍മനിയിലെ പ്രക്ഷോഭത്തിന്റെ കാരണങ്ങളിലൊന്ന്. രാജ്യത്തിന്റെ പ്രതിരോധം പ്രധാനമാണെന്നതില്‍ തര്‍ക്കമില്ല. അതേസമയം പൊതുജന ക്ഷേമത്തിനും വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്കും ചെലവിടാന്‍ പണമില്ലെന്നു പറയുന്ന ഭരണകൂടം ആയുധശേഖരണത്തിനായി ശതകോടികള്‍ ചെലവിടുകയും യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ചില രാജ്യങ്ങള്‍ക്ക് സാമ്പത്തികവും സൈനികവുമായ സഹായം നല്‍കുകയും ചെയ്യുന്ന വൈപരീത്യം ജനങ്ങളില്‍ അമര്ഷമുയര്ത്തുന്നു. യുവജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ക്കു നേരെ പുറംതിരിഞ്ഞു നിന്ന് അവരെ സൈനിക മേഖലയിലേക്ക് തള്ളിവിടുന്ന ഭരണകൂടത്തോടുള്ള എതിര്‍പ്പാണ് ‘നമ്മുടെ ഭാവിക്കു വേണ്ടി പോരാടുക, അവരുടെ യുദ്ധങ്ങള്‍ക്കു വേണ്ടിയല്ല’ എന്ന പ്രക്ഷോഭകരുടെ മുദ്രാവാക്യത്തില്‍ പ്രതിഫലിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ട്, ഹംബര്‍ഗ് ഉള്‍പ്പെടെ ജര്‍മനിയിലെ മുപ്പതില്‍ പകരം നഗരങ്ങളില്‍ പതിനായിരങ്ങളാണ് തെരുവിലിറങ്ങുന്നത്. പോര്‍ച്ചുഗലിലെ പ്രധാന പ്രശ്നം ഭവന പ്രതിസന്ധിയും കുതിച്ചുയരുന്ന വാടക വര്‍ധനയുമാണ്. വിനോദ സഞ്ചാര മേഖലയിലെ വളര്‍ച്ചയും ഹ്രസ്വകാല വാടക വിപണിയുടെ വ്യാപനവും കാരണം ചില നഗരങ്ങളില്‍ സാധാരണക്കാര്‍ വീട് കണ്ടെത്താനാകാതെ പ്രതിസന്ധി യെ അഭിമുഖീകരിക്കുന്നു. ഇറ്റലിയിലും സ്പെയിനിലും സമാനപ്രശ്നം നിലനില്‍ക്കുന്നുണ്ട്.പ്രക്ഷോഭം അക്രമത്തിലേക്ക് വഴിമാറുന്നു ചിലയിടങ്ങളില്‍. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ സമരത്തിന്റെ മറവില്‍ ചിലര്‍ കടകളും ആയുധ ശാലകളും കൊള്ളയടിച്ചു. കടകളുടെ ഗ്ലാസുകളും ബോര്‍ഡുകളും തല്ലിത്തകര്‍ക്കുകയും പോലീസുകാര്‍ക്കു നേരെ കല്ലെറിയുകയും പെട്രോള്‍ ബോംബ് പ്രയോഗിക്കുകയും ചെയ്തു. ജനകീയ പ്രക്ഷോഭങ്ങളില്‍ സാധാരണ സംഭവിക്കാറുള്ള ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ തീവ്രവാദികളുടെയും തീവ്രഇടതുപക്ഷക്കാരുടെയും പങ്കാളിത്തമായാണ് ഭരണകൂടവും ചില മാധ്യമങ്ങളും ചിത്രീകരിക്കുന്നത്. സമരക്കാരെക്കുറിച്ച് തെറ്റിദ്ധാരണ പരത്തി അവരുയര്‍ത്തുന്ന പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഭരണകൂട തന്ത്രമായി ഇതിനെ വിലയിരുത്തുന്നു. സമാധാനപരമായ സമരങ്ങള്‍ക്കാണ് തങ്ങള്‍ ആഹ്വാനം ചെയ്തതെന്ന് ജര്‍മനിയില്‍ പ്രക്ഷോഭത്തിനു നേതൃത്വം നല്കുന്ന ‘ജെന്‍സ് സി റിഗെല്റ്റ്’ വ്യക്തമാക്കുകയും ചെയ്തു.യൂറോപ്പിലെ ഈ യുവജന മുന്നേറ്റം ഇന്ത്യന്‍ ഭരണാധികാരികള്‍ക്കും പാഠമാകേണ്ടതാണ്. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും തൊഴില്‍ ലഭിക്കാത്തവരുടെ എണ്ണം വലുതാണ്. യുവജനങ്ങളുടെ ഊര്‍ജം ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ വികസന രാഷ്ട്രമെന്ന ലക്ഷ്യത്തിലെത്താന്‍ ഇന്ത്യക്ക് ഇനിയും ഏറെ കാത്തിരിക്കേണ്ടിവരും. പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ അടുത്തിടെ ഡല്‍ഹിയില്‍ അരങ്ങേറിയ യുവജന പ്രക്ഷോഭത്തെ ഓര്‍മിപ്പിക്കുന്നുണ്ട് യൂറോപ്പിലെ യുവജന പ്രക്ഷോഭം. വര്‍ഷങ്ങളോളം അധ്വാനിച്ചു പഠിച്ചു പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ ഭാവി ഏതാനും ഉദ്യോഗസ്ഥരുടെയും പരീക്ഷാ ഏജന്‍സികളുടെയും കെടുകാര്യസ്ഥതക്ക് മുമ്പില്‍ ബലികൊടുക്കാനാകില്ലെന്ന ശക്തമായ നിലപാടാണ് വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ ഉയര്‍ത്തിയത്. യൂറോപ്പിലും ഇന്ത്യയിലും അടിസ്ഥാന കാരണങ്ങള്‍ വ്യത്യസ്തമാണെങ്കിലും രണ്ടിടത്തും ഭരണകൂടങ്ങളുടെ നിരുത്തരവാദ സമീപനത്തിനെതിരെ യുവത്വം സംഘടിച്ച് തിരുത്തല്‍ ശക്തിയായി രംഗത്തു വരികയായിരുന്നു.