*മന്ത്രി എൻ ഷംസുദ്ദീൻ പുരസ്കാരം വിതരണം ചെയ്തുആഭ്യന്തരവകുപ്പുമായി ചേർന്ന് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘തൂഫാൻ – ലഹരിക്കെതിരേ പോരാട്ടം’ ഹ്രസ്വചിത്ര മൽസരത്തിൽ തൃശൂർ മറ്റത്തൂർ എസ്.കെ എച്ച്.എസിന്റെ ‘കാറ്റും വെളിച്ചവും’ ഒന്നാം സ്ഥാനം നേടി. ജേതാക്കൾക്ക് ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും പുരസ്കാരവും തിരുവനന്തപുരം സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ സമ്മാനിച്ചു. കണ്ണൂർ മണിക്കടവ് സെന്റ് തോമസ് എച്ച്. എസിന്റെ ‘ എലിപ്പെട്ടി’ രണ്ടാം സ്ഥാനവും കൊല്ലം പുത്തൂർ ജി.എച്ച് എസ് എസിന്റെ ‘നൂൽ’ മൂന്നാം സ്ഥാനവും സ്വന്തമാക്കി. 300 ലധികം ചിത്രങ്ങളിൽ നിന്നും ജില്ലാതലത്തിൽ ആദ്യമൂന്ന് സ്ഥാനങ്ങൾ നേടിയ 42 ഹ്രസ്വചിത്രങ്ങളിൽ നിന്നാണ് പുരസ്കാര ജേതാക്കളെ കണ്ടെത്തിയത്. കാലിക പ്രസക്തമായ വിഷയത്തിലാണ് ഹ്രസ്വചിത്രം സംഘടിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. രാസലഹരി സംസ്ഥാനത്തുടനീളം കണ്ടെത്തിയതിനെ തുടർന്നാണ് അതിനെതിരെ തൂഫാൻ കൊണ്ടുവന്നത്. മയക്കുമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിച്ചതിനൊപ്പം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിക്കടത്ത് തടയാനുമായി. ലഹരിക്കെതിരെ പ്രതിരോധ, പ്രചാരണ പ്രവർത്തനങ്ങളും ശക്തമാക്കണം. നടപടികൾ കൊണ്ട് മാത്രം തിന്മയെ പ്രതിരോധിക്കാനാകില്ല. രാസലഹരിക്കെതിരായ വികാരം ചെറുപ്പക്കാരിലും വിദ്യാർഥികളിലും ഉണ്ടാകണം. കുട്ടികളിലെ കലാപരമായ വാസന പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ലഹരിക്കെതിരായ ബോധവത്ക്കരണം ലക്ഷ്യമിട്ടാണ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി ഹ്രസ്വചിത്രം മൽസരം സംഘടിപ്പിച്ചത്. കുട്ടികളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരമാണ് ഒരുക്കിയത്. തൂഫാന്റെ ഭാഗമായുള്ള ഹ്രസ്വചിത്രത്തിൽ കലയ്ക്കും സാങ്കേതിക വിദ്യയ്ക്കുമൊപ്പം ലഹരിക്കെതിരായ പ്രചാരണവുമുണ്ട്. സ്കൂൾ കാമ്പസുകളിലും പൊതുസമൂഹത്തിലും ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ വിദ്യാർഥികളുടെ പോരാട്ടമാണ് ഹ്രസ്വചിത്രത്തിൽ കണ്ടതെന്ന് മന്ത്രി ചൂണ്ടികാട്ടി. മികച്ച സംവിധായകൻ കോട്ടയം എം.ഡി. സെമിനാരി ഹയർസെക്കൻഡറി സ്കൂളിലെ ഇ.പി നചികേതസ്, മികച്ച തിരക്കഥാകൃത്ത് തൃശൂർ മറ്റത്തൂർ എസ്.കെ എച്ച് എസിലെ വി.എച്ച് കൃഷ്ണ, മികച്ച നടി തൃശൂർ കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് എച്ച്എസിലെ ഒ.ആർ ലക്ഷ്മിപ്രിയ, മികച്ച നടൻ കണ്ണൂർ മണിക്കടവ് സെന്റ് തോമസ് എച്ച് എസ് എസിലെ പി.ബി അഭിഷേക് കൃഷ്ണ, മികച്ച അധ്യാപക കോർഡിനേറ്റർ തൃശൂർ മറ്റത്തൂർ എസ് കെ എച്ച്.എസിലെ രാജ്കുമാർ രഘുനാഥ് എന്നിവർ നേടി. സംസ്ഥാനത്തെ സ്കൂളുകളിലും ആഭ്യന്തര വകുപ്പിന്റെ വിവിധ പരിപാടികളും എക്സൈസ് വകുപ്പിന്റെ വിവിധ ഓറിയന്റേഷൻ പ്രോഗ്രാമുകളിലും ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും.എസ് സി ഇ ആർ ടി ഡയറക്ടർ കെ കെ മഷൂദ് അധ്യക്ഷനായി. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർപേഴ്സൺ പ്രേംകുമാർ, എസ് ഐ ഇ ടി ഡയറക്ടർ ടി സിബി മുഹമ്മദ്, സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ എ പി അഹമ്മദുൽ കബീർ, കെ പി ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ പി ഹുസൈൻ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.