പുസ്തകങ്ങളുടെയും ആശയങ്ങളുടെയും ലോകത്തേക്ക് വായനക്കാരെ ക്ഷണിച്ച് ഷാർജ രാജ്യാന്തര പുസ്തകമേളയുടെ 45-ാമത് പതിപ്പിന് നാളെ തുടക്കമാകും. ഷാർജ എക്സ്പോ സെന്ററില് നവംബർ 15 വരെ നടക്കുന്ന മേളയ്ക്ക് ഇത്തവണ 'കഥകളാൽ മെനഞ്ഞത്' എന്നതാണ് പ്രമേയം. 124 രാജ്യങ്ങളിൽനിന്നുള്ള 2,673 പ്രസാധകരും പങ്കാളികളും മേളയുടെ ഭാഗമാകും.കേരളത്തിൽനിന്നുള്ള രാഷ്ട്രീയ, സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. മുഖ്യമന്ത്രി വി.ഡി. സതീശനും അതിഥിയായി എത്തുന്നുണ്ട്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഷാർജ പുസ്തകമേളയിൽ അതിഥിയായി പങ്കെടുക്കുന്നത് ഇതാദ്യമായാണ്. രാജ്യാന്തര തലത്തിൽ ശ്രദ്ധേയരായ എഴുത്തുകാർ, ചിന്തകർ, കലാകാരന്മാർ എന്നിവരും വിവിധ സെഷനുകളിലായി വായനക്കാരുമായി സംവദിക്കും. മലയാള സാഹിത്യത്തിന് സംവാദവേദിമലയാള കവിതയും കഥയും സാഹിത്യവും ചർച്ച ചെയ്യുന്ന പരിപാടികൾക്കും ഇത്തവണ മേളയിൽ ഇടമുണ്ട്. കവി പി.കെ. ഗോപിയും ഗാനരചയിതാവ് ബി.കെ. ഹരിനാരായണനും പങ്കെടുക്കുന്ന 'കവിത പാട്ടായി മാറുമ്പോൾ' എന്ന സംവാദം നവംബർ ഏഴിന് രാത്രി ഇന്റലക്ച്വൽ ഹാളിൽ നടക്കും.മലയാളത്തിലെ കഥാലോകവും പ്രകൃതിയും മനുഷ്യജീവിതവും ചർച്ചയാകുന്ന മറ്റൊരു സദസ്സിൽ കഥാകൃത്ത് അശോകൻ ചരുവിളും ഡോ. അംബികാസുതൻ മാങ്ങാടും പങ്കെടുക്കും. 'മണ്ണിന്റെ വേരുകളുള്ള കഥകൾ: മനുഷ്യരും പ്രകൃതിയും ജീവിതവും' എന്ന വിഷയത്തിലുള്ള പരിപാടി നവംബർ 14ന് രാത്രി ഇതേ വേദിയിൽ നടക്കും.വിവർത്തന സാഹിത്യത്തിന്റെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന സെഷനിൽ ഡെയ്സി റോക്ക്വെൽ പങ്കെടുക്കും. സാഹിത്യവും പ്രണയവും വിഷയമാകുന്ന സംവാദത്തിൽ ദുർജോയ് ദത്ത, റിയ ചോപ്ര എന്നിവരും സംസാരിക്കും. 1,500ലേറെ പരിപാടികൾസാഹിത്യചർച്ചകൾക്കപ്പുറം നേതൃത്വപാടവം, യാത്ര, ജീവിതാനുഭവങ്ങൾ തുടങ്ങിയ വിഷയങ്ങൾക്കും മേളയിൽ പ്രാധാന്യമുണ്ട്. വ്യവസായ പ്രമുഖൻ വിനീത് നയ്യാർ നേതൃത്വത്തെക്കുറിച്ച് സംസാരിക്കും. ഷെനാസ് ട്രഷറിവാല തന്റെ യാത്രാനുഭവങ്ങൾ പങ്കുവയ്ക്കും.വിവിധ രാജ്യങ്ങളിൽനിന്നുള്ള എഴുത്തുകാരെയും വായനക്കാരെയും ഒരുമിപ്പിക്കുന്ന മേളയിൽ 1,500ലേറെ സാംസ്കാരിക പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പുസ്തകപ്രകാശനങ്ങൾ, സംവാദങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾക്കായി കാത്തിരിക്കുകയാണ് വായനാലോകം. സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്.