വ്യാജ ആരോപണങ്ങൾ ഉന്നയിച്ചവർ മാപ്പ് പറഞ്ഞാലും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ലുലു ഗ്രൂപ്പ്. കേരളത്തിൽ മാത്രമല്ല, മറ്റ് സ്ഥലങ്ങളിലും ഇത്തരം ആരോപണങ്ങൾക്കെതിരെ കേസുകൾ നൽകിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ വ്യക്തമാക്കി.ലുലു ഗ്രൂപ്പിന്റെ ബ്രാൻഡിനോ ചെയർമാനോ എതിരെ ഒരു തരത്തിലുള്ള വ്യാജ ആരോപണങ്ങളും അനുവദിക്കില്ല. ഇത്തരം ആരോപണങ്ങൾക്കെതിരെ നൽകിയിട്ടുള്ള എല്ലാ കേസുകളിലും നിയമപരമായി പോരാടും. മാപ്പ് പറഞ്ഞതിന്റെ പേരിൽ കേസുകളിൽ നിന്ന് പിന്മാറില്ലെന്നും കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പുകൾക്ക് തയ്യാറല്ലെന്നും വി. നന്ദകുമാർ പറഞ്ഞു. ലൈക്കുകളും ക്ലിക്കുകളും ഷെയറുകളും നേടുകയെന്ന ലക്ഷ്യമാണ് ഇത്തരം ആരോപണങ്ങൾക്കും വ്യാജവാർത്തകൾക്കും പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാപ്പ് പറഞ്ഞ കാര്യം ആരോപണമുന്നയിച്ചവർ തന്നെയാണ് അറിയിച്ചത്. എന്നാൽ, അതുകൊണ്ട് നിയമനടപടികളിൽ മാറ്റമുണ്ടാകില്ലെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.