ന്യൂഡൽഹി | രാംലീല മൈതാനത്തെ അക്ഷരാർത്ഥത്തിൽ ജനസാഗരമാക്കി ഇന്ത്യ മുന്നണിയുടെ ഡൽഹി ചലോ മാർച്ച്. റാലി തുടങ്ങുന്നതിന് മുന്നേ തന്നെ പതിനായിരക്കണക്കിന് പ്രവർത്തകരാൽ നിറഞ്ഞ് രാംലീല മൈതാനം നിറഞ്ഞു കവിഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കും വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾക്കും എതിരെ പ്രതിപക്ഷ സഖ്യം നടത്തുന്ന പ്രക്ഷോഭത്തിന് രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും ജനങ്ങൾ ഒഴുകി എത്തുകയാണ്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അഖിലേഷ് യാദവ്, മമത ബാനർജി തുടങ്ങിയ മുതിർന്ന നേതാക്കൾ ഖാർഗെയുടെ ഔദ്യോഗിക വസതിയിൽ നിന്നും തുറന്ന ബസുകളിൽ യാത്ര തിരിച്ച് മിന്റോ റോഡിൽ എത്തിച്ചേർന്നു. അവിടെ നിന്ന് നേതാക്കളും പ്രവർത്തകരും ചേർന്ന് റാലി വേദിയിലേക്ക് മാർച്ച് നടത്തി.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാണ് മുന്നണിയുടെ പ്രധാന ആവശ്യം. റാലിയിൽ പത്ത് ലക്ഷത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് ഇന്ത്യാ മുന്നണി പ്രതീക്ഷിക്കുന്നത്. സുരക്ഷയും ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട് നാലായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയും സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ച പ്രതിപക്ഷ സഖ്യം ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ പ്രതീകാത്മകമായി പബ്ലിക് ഇംപീച്ച്മെന്റ് നടത്തിയിരുന്നു.ഇതിനിടയിൽ പ്രതിപക്ഷ റാലിയുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ ആശങ്കകളെ കുറിച്ച് പ്രതികരിച്ച ശിവസേന നേതാവ് സഞ്ജയ് റൗത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്യത്തെ പ്രധാന രണ്ട് ‘വ്യാപാരികൾ’ മാത്രമാണെന്നും, പ്രക്ഷോഭം കാരണം അവർക്ക് നഷ്ടമുണ്ടായാൽ അത് സ്വാഗതം ചെയ്യുമെന്നും വ്യക്തമാക്കി. സർക്കാരിനെ മാറ്റാനും ഭരണഘടനാപരമായ ജാതിമതനിരപേക്ഷത സംരക്ഷിക്കാനും ലക്ഷ്യമിട്ട് ലക്ഷക്കണക്കിന് ആളുകളാണ് ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.റാലിയുടെ പശ്ചാത്തലത്തിൽ ഡൽഹി പോലീസ് രാംലീല മൈതാനത്തിന് ചുറ്റും കനത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മിന്റോ റോഡ് വഴിയുള്ള ഗതാഗതത്തിന് തടസ്സങ്ങൾ ഉണ്ടായേക്കാമെന്നും, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലേക്കും ആശുപത്രികളിലേക്കുമുള്ള അത്യാവശ്യ റൂട്ടുകൾ സുഗമമായി നിലനിർത്തുമെന്നും അഡീഷണൽ കമ്മീഷണർ ഓഫ് പോലീസ് വിജയന്ത ഗോയൽ ആര്യ അറിയിച്ചു. ഐ ടി ഒ ഭാഗത്തെ ഗതാഗതം തടസ്സമില്ലാതെ തുടരുമെങ്കിലും ഡൽഹി-ഗുരുഗ്രാം അതിർത്തിയിൽ കർശനമായ വാഹന പരിശോധനയും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.Content Highlights:INDIA bloc supporters flooded Ramlila Maidan for the ‘Chalo Dilli’ protest against electoral irregularities and the CEC. Senior leaders marched from Minto Road demanding accountability. Delhi Police deployed heavy security and traffic restrictions across key routes.